ഭാഷയെ ചലച്ചിത്രായുധമാക്കിയ എം ടി

മലയാള ചലച്ചിത്ര ചരിത്രത്തിൽ എംടി സഞ്ചരിച്ച വഴികൾ

ഭാഷയെ ചലച്ചിത്രായുധമാക്കിയ എം ടി
dot image

മലയാളത്തിലെ എക്കാലത്തെയും മികച്ച എഴുത്തുകാരിൽ ഒരാളാണ് എം ടി വാസുദേവൻ നായർ. എം ടിയുടെ സിനിമകൾ കാണാത്ത മലയാളികൾ വളരെ കുറവാണ്. ജ്ഞാനപീഠം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മലയാള സിനിമയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ വളരെ വലുതാണ്.

മലയാള സിനിമയിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ഏറ്റവും കൂടുതൽ വാങ്ങിയ എംടിയെ മറികടക്കാൻ ഇതുവരെ മറ്റാർക്കും സാധിച്ചിട്ടില്ല. 'നിർമ്മാല്യം' മുതൽ 'ഒരു ചെറുപുഞ്ചിരി' വരെ സിനിമാപ്രേമികൾ കണ്ട എംടിയുടെ ദൃശ്യാവിഷ്കാരം നീണ്ടു നിൽക്കുമ്പോൾ മലയാളി പ്രേക്ഷകർ ഇപ്പോഴും കാത്തിരിക്കുകയാണ്, അദ്ദേഹത്തിന്റെ രണ്ടാമൂഴത്തിനായി.

1965ല് ല് മുറപ്പെണ്ണ് എന്ന ചിത്രത്തിന് തിരക്കഥയെഴുതിക്കൊണ്ടാണ് എം.ടി മലയാള സിനിമയിലേക്ക് രംഗപ്രവേശം ചെയ്തത്. ഓളവും തീരവും, അസുരവിത്ത്, ഇരുട്ടിന്റെ ആത്മാവ്, ഓപ്പോള്, പഞ്ചാഗ്നി, നഖക്ഷതങ്ങള്, വൈശാലി, പെരുന്തച്ചന്, ഒരു വടക്കന് വീരഗാഥ തുടങ്ങി നിരവധി ചിത്രങ്ങള്ക്ക് അദ്ദേഹം തിരക്കഥയൊരുക്കി. എംടി യുടെ ആദ്യ സംവിധാനം 1973ല് പുറത്തിറങ്ങിയ 'നിര്മ്മാല്യം' എന്ന ചിത്രമായിരുന്നു.

ജനശ്രദ്ധ നേടാതെ പോയ സിനിമകളും എം ടി രചിച്ചിട്ടുണ്ട്. സാമൂഹ്യപരമായും രാഷ്ട്രീയപരമായും ചർച്ച ചെയ്യാൻ കഴിയുന്ന അണ്ടർ റേറ്റഡ് സിനിമകൾ ഒരുക്കിയ തിരക്കഥാകൃത്തും സംവിധായകനും കൂടിയാണ് അദ്ദേഹം. അത്തരത്തിൽ പരിഗണിക്കാതെ പോയ, മലയാളികൾ കണ്ടിരിക്കേണ്ട ചില എം ടി ചിത്രങ്ങൾ നോക്കാം.

ഒരു വടക്കൻ വീരഗാഥ

ചന്തുവിനെ തോല്പിക്കാൻ ആവില്ല മക്കളേ... മലയാളികൾ എക്കാലവും മനസ്സിൽ സൂക്ഷിക്കുന്ന ഇതിഹാസചിത്രമാണ് ഒരു വടക്കൻ വീരഗാഥ. അതുവരെ വില്ലനായി കണ്ടിരുന്ന ചന്തുവിനെ നല്ലവനാക്കി എം ടി കഥ മാറ്റി എഴുതിയപ്പോൾ മലയാള സിനിമയ്ക്ക് കിട്ടിയ എക്കാലത്തെയും മികച്ച ഇതിഹാസ ചിത്രത്തിൻ്റെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇടം പിടിച്ചിരിക്കുന്ന സിനിമയാകും ഒരു വടക്കൻ വീരഗാഥ.

എം ടിയ്ക്ക് മികച്ച തിരക്കഥയ്ക്കും മമ്മൂട്ടിയ്ക്ക് മികച്ച നടനുമടക്കം എട്ട് സംസ്ഥാന അവാർഡുകളും നാല് ദേശീയ അവാർഡുകളും ചിത്രം സ്വന്തമാക്കി. ചന്തുവും ആരോമലും ഉണ്ണിയാർച്ചയുമെല്ലാം ചേർന്ന് എം. ടി ഒരുക്കി വെച്ച ക്ലാസിക്കായി മാറാൻ ചിത്രത്തിന് സാധിച്ചു.

മഞ്ഞ്

തന്റെ 31ാം വയസിലാണ് എം ടി മഞ്ഞ് എന്ന നോവലെഴുതുന്നത്. ഈ കഥയിലെ നായിക വിമലയുടെ അതേ പ്രായം. ഒരു കവിത പോലെ മനോഹരമാണ് മഞ്ഞ്. മഞ്ഞിലുടനീളം ഒരുതരം മൗനവും കാത്തിരിപ്പും അനുഭവിക്കാം. ഒരിക്കലും തിരിച്ചു വരാത്ത, തന്റെ കാമുകന് സുധീര് കുമാര് മിശ്രയെ കാത്തിരിക്കുന്ന വിമലയും, ഇന്നേ വരെ കണ്ടിട്ടില്ലാത്ത തന്റെ പിതാവിനെ തേടുന്ന ബുദ്ദുവും പിന്നെ എവിടെ നിന്നോ വന്ന് എങ്ങോട്ടോ പോകുന്ന സര്ദാര്ജിയും മഞ്ഞിലെ നൊമ്പരമാണ്.

1983ലാണ് മഞ്ഞ് എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരം നടത്തിയത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും എം ടി തന്നെയായിരുന്നു. സംഗീത നായിക്, ശങ്കര് മോഹന്, നന്ദിത ബോസ്, കല്പ്പന, ദേശ് മഹേശ്വരി, കമല് റോയ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി വെള്ളിത്തിരയില് എത്തിയത്.

നിർമ്മാല്യം

പള്ളിവാളും കാൽചിലമ്പും എന്ന തന്റെ തന്നെ സ്വന്തം ചെറുകഥയെ ആസ്പദമാക്കിക്കൊണ്ട് അദ്ദേഹം തിരക്കഥയൊരുക്കി ആദ്യ സംവിധായകനായ ചിത്രമായിരുന്നു നിർമ്മാല്യം. 1973-ൽ പുറത്തിറങ്ങിയ ചിത്രം പറയുന്നത് ദാരിദ്ര്യത്തിന്റെ കനിൽ ചൂളയിൽ ജീവിക്കുന്ന ഒരു വെളിച്ചപ്പാടിന്റെയും കുടുംബത്തിന്റെയും കഥയാണ്. അക്കാലത്ത് നിലനിന്നിരുന്ന സാമ്പത്തികവും സാമൂഹികവുമായ അരക്ഷിതാവസ്ഥയെ തുറന്നു കാട്ടാൻ എം ടിക്ക് സാധിച്ചു. മതത്തിനും വിശ്വാസങ്ങള്ക്കുമപ്പുറം വിശപ്പിന്റെ വലിപ്പവും 70-കളിൽ കേരളത്തിലെ ചെറുപ്പക്കാരുടെ വിദ്യാഭ്യാസത്തിന്റെയും തൊഴിലിന്റെയും നേർക്കാഴ്ച്ചയും അദ്ദേഹം കാണിച്ചു തന്നു. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ചിത്രം നേടി. ഒപ്പം, മികച്ച നടനുള്ള പുരസ്കാരം നേടുന്ന ആദ്യ മലയാളിയായി പി ജെ ആന്റണി.

ആരണ്യകം

1988-ൽ ഹരിഹരൻ സംവിധാനം ചെയ്ത് എം ടിയുടെ തിരക്കഥയിലൊരുങ്ങിയ ചിത്രമാണ് ആരണ്യകം. നക്സലിസം പ്രമേയമായ അപൂർവം മലയാള സിനിമകളിലൊന്ന് എന്ന് വിശേഷിപ്പിക്കാം ഈ സിനിമയെ. നേരിട്ട് പറയുന്നതിലും വളരെ ഡ്രാമാറ്റിക്കായ രീതിയിൽ പരോക്ഷമായാണ് ചിത്രം നക്സലിസത്തെ കുറിച്ച് പറയുന്നത്. അമ്മിണി എന്ന പെൺകുട്ടിയിലൂടെ സഞ്ചരിക്കുന്നതാണ് കഥ. അക്കാലത്തെ നായക സങ്കൽപ്പങ്ങളെ പൊളിച്ചെഴുതിക്കൊണ്ടാണ് മലയാളത്തിലെ എക്കാലത്തെയും മികച്ച സ്ത്രീ കഥാപാത്രങ്ങളിലൊന്നായ അമ്മിണിയ്ക്ക് എം ടി ജീവൻ നൽകുന്നത്.

ഒരു ചെറുപുഞ്ചിരി

വാര്ദ്ധക്യത്തിലെ ജീവിതവും പ്രണയവും പരസ്പര കരുതലുമൊക്കെ അതിമനോഹരമായി പറഞ്ഞുവെച്ച കഥയാണ് ഒരു ചെറുപുഞ്ചിരി. എംടി തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2000-ൽ പുറത്തിറങ്ങിയ ചിത്രം ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്. ഒടുവിൽ ഉണ്ണികൃഷ്ണന്റെ സ്വാഭാവിക അഭിനയം കൊണ്ടും ഹൃദയ സ്പർശിയായ പല രംഗങ്ങൾ കൊണ്ടും പ്രേക്ഷകന്റെ മനസ് കീഴടക്കിയ ചിത്രമാണ് ഒരു ചെറുപുഞ്ചിരി. രണ്ട് വൃദ്ധ ദമ്പതിമാരുടെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന മലയാളത്തിലെ എക്കാലത്തെയും അണ്ടര്റേറ്റഡായ ചിത്രം ഒരു മികച്ച പ്രണയകഥകൂടിയാണ്.

ഉത്തരം

ഡാഫ്നെ ഡു മൗറിയറിന്റെ ചെറുകഥയായ നോ മോട്ടീവിൽ നിന്ന് എം ടി തിരക്കഥ രചിച്ച് പവിത്രന്റെ സംവിധാനത്തിലൊരുങ്ങി 1989-ൽ പുറത്തിറങ്ങിയ ഒരു അന്വേഷണ ചിത്രമാണ് ഉത്തരം. പത്രപ്രവർത്തകനായി മമ്മൂട്ടി വേഷമിട്ട ബാലൻ എന്ന കഥാപാത്രം ശ്രദ്ധേയമായിരുന്നു. സാഹിത്യകാരിയായ സെലീനയുടെ മരണവുമായി ബന്ധപ്പെട്ടാണ് കഥ സഞ്ചരിക്കുന്നത്. ദൃശ്യത്തിനേക്കാൾ സംഭാഷണങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ബാലന്റെ വീക്ഷണകോണിലൂടെ പ്രേക്ഷകരേയും സഞ്ചരിപ്പിക്കുന്ന രീതിയിലാണ് എംടി കഥയൊരുക്കിയിരിക്കുന്നത്. അധികമാരും പറഞ്ഞു കേട്ടിട്ടില്ലാത്ത ഉത്തരം, ഒരു അണ്ടർ റേറ്റഡ് മിസ്റ്ററി ത്രില്ലർ ചിത്രമാണ്. കൊവിഡ് കാലത്ത് ഉത്തരം ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമ കൂടിയാണ്.

1933 ജൂലൈ 15നാണ് കൂടല്ലൂരിൽ ടി. നാരായണൻ നായരുടെയും അമ്മാളു അമ്മയുടെയും മകനായാണ് എംടി ജനിച്ചത്. പിറന്നാളുകളൊന്നും എംടി ആഘോഷിക്കാറില്ല. അടുത്ത ബന്ധുക്കള്ക്കൊപ്പം ചെറിയൊരു ഊണ് അത്രമാത്രം. പക്ഷെ, കഴിഞ്ഞ വര്ഷം എംടിയുടെ നവതി മലയാളക്കര ആഘോഷമായാണ് കൊണ്ടാടിയത്. ഈ തവണത്തെ അദ്ദേഹത്തിന്റെ പിറന്നാളിനുംപ്രത്യേകതയുണ്ട്. എംടിയുടെ ഒന്പതു കഥകള് ചേരുന്ന ആന്തോളജി സിനിമയുടെ ട്രെയിലര് ലോഞ്ച് ഇന്ന് കൊച്ചിയിൽ നടക്കും. സൂപ്പര്താരങ്ങള് അഭിനയിച്ച ഒന്പത് സിനിമകള് , 'മനോരഥങ്ങള്' എന്ന് എംടി തന്നെ പേരിട്ട ചിത്രസഞ്ചയം ഒടിടിയിലൂടെ പ്രദർശനത്തിനെത്തുകയാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us