മലയാളിയില്ലാത്ത പടമില്ല, ശങ്കർ സിനിമകളിലെ മോളിവുഡ് കാതൽ

വിനീത്, മണി, ഹനീഫ, നെടുമുടി വേണു തുടങ്ങി മലയാളി താരങ്ങളെ കൂട്ടിപ്പിടിച്ച ശങ്കർ

dot image

ഇന്ത്യനുക്ക് സാവേ കെടയാത്... 28 വര്ഷങ്ങള്ക്കിപ്പുറം പുതിയ സാങ്കേതിക വിദ്യയുടെ പിന്തുണയോടെ സേനാപതി രണ്ടാം വരവിന് ഒരുങ്ങുകയാണ്. കമല്ഹാസന്-ശങ്കര് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്നതിനപ്പുറം പ്രിയനടന് നെടുമുടി വേണുവിനെ ഒരിക്കല് കൂടി ബിഗ് സ്ക്രീനില് കാണാം എന്നത് കൊണ്ട് തന്നെ ഈ വരവ് മലയാളികള്ക്ക് അല്പ്പം സ്പെഷ്യലാണ്.

ഇന്ത്യന് ആദ്യഭാഗത്തില് നെടുമുടി വേണുവിന് അതിഗംഭീരമായ ഒരു കഥാപാത്രത്തെയായിരുന്നു ശങ്കര് നല്കിയത്. സിനിമയില് ഉടനീളം സേനാപതിയോട് മുട്ടിനില്ക്കാന് വേണു ചേട്ടന്റെ കൃഷ്ണസ്വാമി ഐപിഎസ്സിന് കഴിഞ്ഞിരുന്നു. ശങ്കറിന്റെ മലയാളി പ്രേമം അത് ഇന്ത്യനില് മാത്രം ഒതുങ്ങുന്നതല്ല. തന്റെ ഒട്ടുമുക്കാല് സിനിമകളിലും അദ്ദേഹം മലയാളി താരങ്ങള്ക്കായി ഒരു വേഷം കരുതിവയ്ക്കാറുണ്ട്.

ശങ്കറിന്റെ ആദ്യചിത്രമായ ജന്റില്മാന് തന്നെ നോക്കാം. വിദ്യാഭ്യാസം കച്ചവടമാക്കുന്നതിനെതിരെ സംസാരിച്ച സിനിമയില് മലയാള നടന്മാരായ വിനീതും രാജന് പി ദേവും ഭാഗമായിരുന്നു. നായകനായ അര്ജുന്റെ സുഹൃത്തായാണ് വിനീത് ഈ സിനിമയില് അഭിനയിച്ചത്. കൊടുക്കാന് പണമില്ലാത്തതിന്റെ പേരില് അര്ഹതപ്പെട്ട മെഡിക്കല് സീറ്റ് നഷ്ടമാകുമ്പോള് വിനീതിന്റെ കഥാപാത്രം ജീവനൊടുക്കുന്നു. ഇതോടെയാണ് അര്ജുന്റെ കിച്ച ജന്റില്മാന് ആകുന്നത്. അങ്ങനെ നോക്കുമ്പോള് സിനിമയുടെ പ്രധാന വഴിത്തിരിവിന് കാരണമാകുന്നത് വിനീതിന്റെ കഥാപാത്രമാണ്. അതുപോലെ അവരോട് പണം ആവശ്യപ്പെടുന്ന വില്ലനായ മന്ത്രിയായാണ് രാജന് പി ദേവ് അഭിനയിച്ചത്. അയാള് കൊല്ലപ്പെടുന്നതാണ് സിനിമയുടെ ക്ലൈമാക്സ്.

രണ്ടാമത്തെ ചിത്രമായ കാതലനില് ശങ്കര് മലയാളി താരങ്ങള്ക്കൊന്നും വേഷം നല്കിയിരുന്നില്ല. എന്നാല് ആ ചിത്രത്തിലും ഒരു മലയാളി സാന്നിധ്യമുണ്ടായിരുന്നു. ചിത്രത്തിലെ സൂപ്പര്ഹിറ്റായ ടേക്ക് ഇറ്റ് ഈസി ഉര്വശി... എന്ന ഗാനത്തില് പറയുന്ന ഉര്വശി, അത് മറ്റാരുമല്ല നമ്മുടെ സ്വന്തം ഉര്വശിയാണ്. അതിന് പിന്നില് ഒരു കഥയുണ്ട്.

മഗളിര് മട്ടും എന്ന സിനിമയുടെ ചിത്രീകരണ സമയം, ആ സിനിമയില് കറവൈ മാട് മൂന്ന് എന്നൊരു ഗാനമുണ്ട്. കറവൈ മാട് മൂന്ന് എന്ന വരികള് കേട്ട ഉര്വശി സ്ത്രീകളെ കറവ മാട് എന്ന് വിളിക്കുന്ന വരികള് പാടില്ലെന്ന് പറഞ്ഞു. സംവിധായകന് പലതും പറഞ്ഞ് കണ്വിന്സ് ചെയ്യാന് നോക്കിയെങ്കിലും ഉര്വശി അതിന് സമ്മതിച്ചില്ല.

ബ്രഹ്മാണ്ഡ സിനിമയുടെ കാതലൻ, ടെക്നോളജിയിൽ മുതൽവൻ; 'ശങ്കർ' ഈസ് ദി വൺ... ദി സൂപ്പർ വൺ

ഒടുവില് ഗാനരചയിതാവായ വാലി ഇത് അറിയുകയും ഈ പാട്ട് പാടി അഭിനയിക്കൂ, ആ ഗാനത്തില് എന്തെങ്കിലും പ്രശ്നം തോന്നിയാല് ആ ഗാനം മൊത്തം കളയാം എന്നും പറഞ്ഞു. ഈ സംഭവത്തിന് ശേഷമാണ് ടേക്ക് ഇറ്റ് ഈസി ഉര്വശി എന്ന ഗാനം വന്നത് എന്നും ആ വരികള് തന്നെക്കുറിച്ചാണ് എന്നും ഉര്വശി ഒരു അഭിമുഖത്തതില് പറഞ്ഞിട്ടുണ്ട്. അങ്ങനെ മലയാളികള് ഒന്നുമില്ലാതിരുന്ന ആ ശങ്കര് ചിത്രത്തില് ഒരു മലയാളി സാന്നിധ്യമുണ്ടായി.

ശങ്കര് സിനിമകളിലെ സ്ഥിര സാന്നിധ്യമായ മലയാളി താരമായിരുന്നു കൊച്ചിന് ഹനീഫ. മുതല്വന്, അന്യന്, ശിവാജി, എന്തിരന് എന്നീ സിനിമകളില് അദ്ദേഹം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഇതില് എന്തിരനിലെ കഥാപാത്രത്തെ എല്ലാവരും സ്ക്രീനില് കണ്ടത് അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷമാണ്. ഹനീഫയ്ക്കൊപ്പം വര്ക്ക് ചെയ്യുക എന്നത് വളരെ സന്തോഷമുള്ള കാര്യമാണെന്ന് ശങ്കര് പണ്ട് ഒരു അഭിമുഖത്തില് പറഞ്ഞിട്ടുമുണ്ട്. 2.0 എന്ന സിനിമയുടെ തിരക്കഥ എഴുതുമ്പോള് അതില് ഒരു കഥാപാത്രത്തെ എഴുതിയത് കൊച്ചിന് ഹനീഫയെ മനസ്സില് വിചാരിച്ചുകൊണ്ടാണെന്നും ശങ്കര് വ്യക്തമാക്കിയിട്ടുണ്ട്. ഈ കഥാപാത്രം പിന്നീട് മറ്റൊരു മലയാളി താരമായ കലാഭവന് ഷാജോണ് ആണ് അവതരിപ്പിച്ചത് എന്നത് മറ്റൊരു വസ്തുത.

ശങ്കര് സിനിമകളിലെ മറ്റൊരു സ്ഥിര സാന്നിധ്യമായിരുന്നു നെടുമുടി വേണു. ഇന്ത്യനിലെ കൃഷ്ണസ്വാമിയെ പോലെ അദ്ദേഹത്തിന്റെ മറ്റൊരു ശ്രദ്ധേയ കഥാപാത്രമായിരുന്നു അന്യനിലെ വിക്രമിന്റെ അച്ഛന് കഥാപാത്രമായ പാര്ത്ഥസാരഥി അയ്യങ്കാര്. ഇന്ത്യനില് അദ്ദേഹത്തിന് ശബ്ദം നല്കിയത് നടന് നാസറായിരുന്നെങ്കില് അന്യനില് എസ് എന് സുരേന്ദറാണ് നെടുമുടി വേണുവിന് ശബ്ദം നല്കിയത്.

ശങ്കര് സിനിമകളിലെ മലയാളി സാന്നിധ്യങ്ങളെക്കുറിച്ചാകുമ്പോള് എടുത്തുപറയേണ്ട മറ്റൊരു പേരുണ്ട്... കലാഭവന് മണി. അന്യന്, എന്തിരന് എന്നീ സിനിമകളിലെ മണിയുടെ കഥാപാത്രങ്ങള് ചെറുതാണെങ്കിലും മലയാളികള്ക്ക് ഏറെ പ്രിയപ്പെട്ടതാണ്. കരിയറിന്റെ ആദ്യ ഘട്ടത്തില് മണിയുടെ നായികയായി അഭിനയിക്കാന് കഴിയില്ലെന്ന് പറഞ്ഞ് ചില നടിമാര് ഒഴിവായിരുന്നു. എന്നാല് മണി എന്തിരനില് വിശ്വസുന്ദരി ഐശ്വര്യ റായ്ക്കൊപ്പം സ്ക്രീന് സ്പേസ് പങ്കുവെച്ചത് മലയാളി പ്രേക്ഷകര്ക്ക് ഏറെ അഭിമാനവും സന്തോഷവും നല്കിയ സംഭവമാണ്.

രാജ്കുമാര് ഹിറാനിയുടെ 3 ഇഡിയറ്റ്സിനെ ശങ്കര് തമിഴിലേക്കെത്തിച്ചപ്പോള് അവിടെയും ഒരു മലയാളി സാന്നിധ്യമുണ്ടായിരുന്നു. സത്യരാജിന്റെ സഹായിയായ ഗോവിന്ദനായെത്തിയത് ഇന്ദ്രന്സായിരുന്നു. ഇവരൊക്കെ അതാത് സിനിമകളിലെ സഹതാരങ്ങളായിരുന്നുവെങ്കില് ശങ്കറിന്റെ സിനിമയില് പ്രധാന വില്ലനായി ഒരു മലയാളി താരം അഭിനയിച്ചിട്ടുണ്ട്... ഒരു സൂപ്പര്താരം... ഐ എന്ന സിനിമയില് ഡോ. വസുദേവന് എന്ന കഥാപാത്രമായി എത്തിയത് സുരേഷ് ഗോപിയാണ്. തുടക്കം മുതല് നല്ലവനായ വസുദേവന് മെയിന് വില്ലനാകുന്ന നിമിഷം തിയേറ്ററുകളില് ഉണ്ടായ കയ്യടി നിസാരമായിരുന്നില്ല. പിന്നീട് അങ്ങോട്ട് സുരേഷ് ഗോപിയുടെ വില്ലനിസം കണ്ട് വിക്രമിന്റെ ലിങ്കേശന് മാത്രമല്ല പ്രേക്ഷകരും ഞെട്ടി പോയി.

ശങ്കര് സിനിമകളില് അഭിനയിച്ചവരില് മാത്രമല്ല, ശങ്കറിന്റെ ക്ഷണം നിരസിച്ചവരിലും മലയാളികളുണ്ട്. അതില് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് രജനികാന്തിന്റെ ശിവാജിയിലെ വില്ലന് വേഷം. മലയാളത്തിന്റെ സ്വന്തം മോഹന്ലാലിനെയാണ് ഈ കഥാപാത്രത്തിലേക്ക് ശങ്കര് ക്ഷണിച്ചത്. എന്നാല് മോഹന്ലാല് ഈ കഥാപത്രം നിരസിക്കുകയും പിന്നീട് അത് നടന് സുമനിലേക്ക് എത്തുകയുമായിരുന്നു. അതുപോലെ നന്പന് എന്ന സിനിമയിലെ സൈലന്സര് എന്ന കഥാപാത്രത്തിലേക്ക് നടന് ദിലീപിനെയും ശങ്കര് ആലോചിച്ചിരുന്നു.

ഇതെല്ലാം സ്ക്രീനില് കണ്ട് കഴിഞ്ഞവയാണെങ്കില്, ഇനി കാണാനിരിക്കുന്ന ശങ്കര് സിനിമകളിലും മലയാളികളുണ്ട്, അതും സൂപ്പര്താരങ്ങള് തന്നെ. രാം ചരണിനെ നായകനാക്കി ശങ്കര് ഒരുക്കുന്ന ഗെയിം ചെയ്ഞ്ചര് എന്ന സിനിമയില് ജയറാം ഒരു കഥാപാത്രമായെത്തുന്നുണ്ട്.

പിന്നെ ഇന്ത്യന് 2, ആദ്യമേ പറഞ്ഞത് പോലെ കൃഷ്ണസ്വാമിയായി നെടുമുടി വേണു വീണ്ടും സ്ക്രീനുകളില് പ്രത്യക്ഷപ്പെടും. ഇന്ത്യന് 2 ന്റെ ചിത്രീകരണ സമയത്താണ് നെടുമുടി വേണു നമ്മളെ വിട്ടുപിരിഞ്ഞത്. അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പല രംഗങ്ങളും എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ശങ്കര് പുനഃസൃഷ്ടിക്കുന്നുണ്ട്. ആ രംഗങ്ങള്ക്ക് ശരീരം നല്കുന്നതും ഒരു മലയാളി താരം തന്നെയാണ്... നന്ദു പൊതുവാള്.

'ഇന്ത്യന് 2ല് നെടുമുടിക്കൊപ്പമുള്ള സീനില് നിങ്ങള് കാണുന്ന കണ്ണുനീര് എന്റെയും സേനാപതിയുടെയുമാണ്' എന്നാണ് കമല്ഹാസന് ആ രംഗങ്ങളെക്കുറിച്ച് പറഞ്ഞത്. മലയാളികള്ക്ക് എന്നും തന്റെ സിനിമകളില് സ്ഥാനം നല്കിയിട്ടുള്ള ശങ്കര് മലയാളത്തിന്റെ സ്വന്തം നെടുമുടി വേണുവിന് നല്കുന്ന ഫെയര്വെല് എന്തായിരിക്കും എന്നാണ് ഇനി കാണേണ്ടിയിരിക്കുന്നത്. ആ രംഗങ്ങള്ക്കായി നമുക്ക് കാത്തിരിക്കാം അല്പ്പം വൈകാരികമായി തന്നെ...

dot image
To advertise here,contact us
dot image