
1967 ഒക്ടോബർ 9. ബൊളീവിയയിലെ ലാഹിഗ്വര ഗ്രാമത്തിലെ സ്‌കൂൾ കെട്ടിടത്തിൽ നിന്ന് ഒന്നിന് പുറകെ ഒന്നായി ഒമ്പത് വെടിയൊച്ചകൾ. വെടിയുതിർത്ത മറിയോ ടെറാൻ തൊട്ടടുത്ത മുറിയിലെത്തി. അവിടെ കാത്തുനിന്നിരുന്ന സി എ ഏജന്റ് ഫെലിക്‌സ് റോഡ്രിഗ്രസിനോട് ഭയം വിട്ടുമാറാത്ത കണ്ണുമായി ടെറാൻ പറഞ്ഞു- 'മിഷൻ അക്കമ്പ്ളിഷ്ഡ്'. സന്ദേശം പെട്ടന്ന് അധികാരികളിലെത്തിക്കാൻ പട്ടാള ബാരിക്കേഡിലെ ട്രാന്‌സിസ്റ്ററിനടുത്തേക്ക് ഓടിയെത്തി. ആ സന്ദേശം ട്രാന്‌സിസ്റ്ററിലൂടെ മുഴങ്ങി. 'ഏർനെസ്റ്റോ ഗുവേര ഈസ് നോ മോർ'. ലോക വിപ്ലവത്തിന്റെ സൂര്യ തേജസ് ഏണസ്റ്റോ റാഫേൽ ഗുവേര ഡി ലാ സെർന എന്ന ചെ ഗുവേര കൊല്ലപ്പെട്ടിരിക്കുന്നു. വിജയകരമായ ക്യുബൻ വിപ്ലവത്തിന് ശേഷം അധികാരക്കസേരകളിൽ അമർന്നിരുന്ന് ശിഷ്ടകാലം സുഖ ജീവിതം നയിക്കാമായിരുന്നിട്ടും ആ വിപ്ലവകാരി അതിന് തയ്യാറായിരുന്നില്ല. ലാറ്റിനമേരിക്കൻ വിമോചന സ്വപ്നവുമായി അയാൾ വീണ്ടും കാടുകയറി. ബൊളീവിയയുടെ വിമോചനത്തിനായി പോരാടാൻ നാഷണൽ ലിബറേഷൻ ആർമി ചെ ആരംഭിച്ചു. ബൊളീവിയൻ സൈന്യത്തെ നേരിടാൻ ചെയുടെ ഈ ഗറില്ലാ സംഘത്തിൽ ഉണ്ടായിരുന്നത് 47 ഗറില്ലാ പോരാളികൾ മാത്രമാണ്.