
മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി ഒരുക്കിയ 'തുടരും' കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. മികച്ച അഭിപ്രായങ്ങൾ സ്വന്തമാക്കിയ സിനിമ ഓരോ ദിവസം കഴിയുന്തോറും പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. ചിത്രം ഇതിനോടകം 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചുകഴിഞ്ഞു. ഓവർസീസ് മാർക്കറ്റിലും ചിത്രം വലിയ കുതിപ്പാണ് ഉണ്ടാക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ തമിഴ് പതിപ്പിന്റെ ട്രെയ്‌ലർ പുറത്തുവന്നിരിക്കുകയാണ്.
മോഹൻലാൽ തന്നെയാണ് തമിഴ് വേർഷനിലും ഷൺമുഖനായി ഡബ്ബ് ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് തമിഴ് ട്രെയ്ലറിന് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഗംഭീര വോയിസ് മോഡുലേഷൻ ആണ് മോഹൻലാലിനെന്നും തമിഴിലും അദ്ദേഹം കലക്കുമെന്നാണ് പ്രേക്ഷകരുടെ കമന്റ്. ചിത്രം മെയ് 9 നാണ് തമിഴിൽ പുറത്തിറങ്ങുന്നത്. മലയാളത്തിലെ അതേ വിജയം സിനിമയ്ക്ക് തമിഴിലും ആവർത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. തുടരും പത്ത് ദിവസം കൊണ്ട് കേരളത്തിൽ നിന്ന് മാത്രം നേടിയത് 66.10 കോടിയാണ്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്നും 14.70 കോടി സ്വന്തമാക്കിയ സിനിമയുടെ ഡൊമസ്റ്റിക് കളക്ഷൻ 80.80 കോടിയാണ്. നോർത്ത് അമേരിക്ക, ഓസ്ട്രേലിയ, ജിസിസി മാർക്കറ്റ്, യൂറോപ്പ് തുടങ്ങിയ വിദേശ രാജ്യങ്ങളിലും തുടരും കളക്ഷനിൽ മുന്നിലാണ്. നോർത്ത് അമേരിക്കയിൽ നിന്നുമാത്രം ചിത്രം ഒരു മില്യൺ ഡോളർ ഇതിനോടകം നേടിക്കഴിഞ്ഞു.
ഓവർസീസ് മാർക്കറ്റിൽ നിന്ന് 78 കോടിയാണ് തുടരുമിന്റെ ഇതുവരെയുള്ള കളക്ഷൻ. ഇത് ഇനിയും വലിയ തോതിൽ വർധിക്കുമെന്നാണ് കണക്കുകൂട്ടൽ. ഇതോടെ സിനിമയുടെ ആഗോള ബോക്സ് ഓഫീസ് നേട്ടം 159.10 കോടിയായി. ചിത്രം കേരളത്തിൽ നിന്ന് മാത്രം വൈകാതെ 100 കോടി കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ നിലവിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രമായ 2018 നെ മറികടന്ന് ചിത്രം ഒന്നാമതെത്തും.
സിനിമയിൽ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. നടന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആക്ഷൻ രംഗങ്ങളിലെ മോഹൻലാലിൻറെ പ്രകടനത്തിന് തിയേറ്ററുകളിൽ വലിയ കയ്യടി തന്നെ കിട്ടുന്നുണ്ട്. സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് വർമയുടെ പ്രകടനത്തിനും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.