
ഹാസ്യ നടനായും സ്വഭാവ നടനായും മലയാളികള് നെഞ്ചിലേറ്റിയ ശങ്കരാടി കമ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവര്ത്തനത്തിന്റെ പേരില് ജയിലില് കഴിഞ്ഞ ആളായിരുന്നു എന്നത് എത്ര പേര്ക്കറിയാം? കമ്യൂണിസ്റ്റായതിന്റെ പേരില് സ്കൂളില് നിന്ന് വരെ പുറത്താക്കപ്പെട്ട ചരിത്രമുണ്ട് ശങ്കരാടിക്ക്. വിദ്യാര്ത്ഥി കാലം മുതല് പൂര്ണമായും സിനിമാഭിനയത്തിലേക്ക് എത്തുന്നതിന് തൊട്ടുമുമ്പ് വരെയുള്ള ശങ്കരാടിയുടെ കമ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവര്ത്തന ചരിത്രത്തെ ഓര്ത്തെടുക്കുകയാണ് മാധ്യമപ്രവര്ത്തകന് ടികെ വിനോദന്.
ടികെ വിനോദന് എഴുതിയ കുറിപ്പ് വായിക്കാം:
അഭിനേതാവ് എന്ന നിലയില് ശങ്കരാടിയെ അറിയാത്ത മലയാളികളുണ്ടാകില്ല. അതുല്യനായ നടനായിരുന്നു ശങ്കരാടി. കമ്യൂണിസ്റ്റ് പാര്ട്ടിയുടെ മുന്നണിപ്രവര്ത്തകനും പാര്ട്ടിയുടെ കലാസാംസ്കാരിക രംഗത്തെ ശക്തനായ വക്താവുമായിരുന്ന ശങ്കരാടിയെ കമ്യൂണിസ്റ്റ് പാര്ട്ടിയുടെയും ജനകീയ കലാ പ്രസ്ഥാനത്തിന്റെയും ചരിത്രം മനസ്സിലാക്കാന് ശ്രമിച്ചിട്ടുള്ളവര്ക്ക് മാത്രമേ പരിചയമുണ്ടാകൂ.
കമ്യൂണിസ്റ്റായതിന്റെ പേരില് വിദ്യാര്ത്ഥിയായിരിക്കെ സ്കൂളില് നിന്ന് പുറത്താക്കപ്പെട്ടതിനെ തുടര്ന്ന് മറ്റൊരു സ്കൂളിലാണ് വിദ്യാഭ്യാസം തുടര്ന്നത്. എറണാകുളം മഹാരാജാസ് കോളേജില് ഇന്റര്മീഡിയറ്റിനു പഠിക്കുമ്പോള് പാര്ട്ടി പ്രവര്ത്തനത്തില് കൂടുതല് സജീവമായി. എന്ജിനീയറിംഗ് പഠനത്തിന് ബറോഡയില് പോയ ശങ്കരാടി അവിടെ പാര്ട്ടി പ്രവര്ത്തനത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെടുകയും ഒരു വര്ഷം തടവുശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ചെയ്തു.
ബറോഡയില് നിന്ന് പാര്ട്ടി നിര്ദ്ദേശപ്രകാരം ബോംബേയിലേക്ക് പോകുകയും അവിടെ പാര്ട്ടി പ്രവര്ത്തനത്തോടൊപ്പം പത്രപ്രവര്ത്തനത്തില് ഏര്പ്പെടുകയും ചെയ്തു. പിന്നീട് നാട്ടില് തിരിച്ചെത്തിയ ശങ്കരാടി പഴയ കൊച്ചി സംസ്ഥാനത്ത് അച്ചുത മേനോന് അനിഷേധ്യ നേതാവായിരുന്ന കമ്യൂണിസ്റ്റ് പാര്ട്ടിയില് പാര്ട്ടിക്കു വേണ്ടി സ്വയം സമര്പ്പിച്ച മുഴുവന്സമയ പ്രവര്ത്തകനും അച്ചുതമേനോന്റെ ഉറ്റ സഹപ്രവര്ത്തകനുമായി മാറി. പാര്ട്ടി പ്രവര്ത്തനത്തോടൊപ്പം കലാപ്രവര്ത്തനവും തുടര്ന്ന ശങ്കരാടി പി.ജെ ആന്റെണിയുടെ പ്രതിഭാ തീയറ്റഴ്സിന്റെ നാടകങ്ങളിലൂടെ അഭിനേതാവ് എന്ന നിലയില് മുദ്ര പതിപ്പിച്ചു.
ചലച്ചിത്ര നടന് എന്ന നിലയില് ശങ്കരാടി ആരായിരുന്നു എന്നത് ആരും ആര്ക്കും പറഞ്ഞു കൊടുക്കേണ്ടതില്ല. എംടിയുടെ 'നിര്മ്മാല്യ'ത്തില് വെളിച്ചപ്പാടിന്റെ വേഷം ചെയ്യാന് എംടി ശങ്കരാടിയെയാണ് കണ്ടുവച്ചത് എന്നതും ശങ്കരാടിയാണ് പിജെ ആന്റണിയുടെ പേര് നിര്ദ്ദേശിച്ചത് എന്നതും എംടി തന്നെ പറഞ്ഞ കാര്യമാണ്. രാജ്യത്തെ ഏറ്റവും മികച്ച നടനുള്ള അവാര്ഡ് മലയാള സിനിമയിലെ ഒരു നടന് ആദ്യമായി ലഭിക്കുന്നത് നിര്മ്മാല്യത്തിലെ അഭിനയത്തിന് പിജെ ആന്റണിക്കാണ്. ആ വേഷത്തിന് പിജെ ആന്റെണിയുടെ പേര് നിര്ദ്ദേശിച്ച ശങ്കരാടിയുടെ, അഭിനയത്തെക്കുറിച്ചുള്ള ഉയര്ന്ന കാഴ്ചപ്പാടും മഹാമനസ്കതയും സിനിമാ മേഖലയില് അത്ര സാധാരണമല്ല.
2000 ന്റെ തുടക്കത്തിലെപ്പോഴൊ ആണ്, യുവകലാസാഹിതിയുടെ സംസ്ഥാന സമ്മേളനം എറണാകുളത്ത് നടക്കുന്നു. സാംസ്കാരിക സെമിനാറില് വിഷയം അവതരിപ്പിച്ച് സംസാരിക്കാന് വള്ളിക്കാവ് മോഹന്ദാസ് ചേട്ടന് ക്ഷണിച്ചതനുസരിച്ചാണ് ഞാന് പോയത്. വൈകുന്നേരമാണ് സെമിനാര്. ഉദ്ഘാടനം എംകെ സാനു. കുരീപ്പുഴ ശ്രീകുമാര് തുടങ്ങി പലരുമുണ്ട് വേദിയില്. ശങ്കരാടി, തെങ്ങമം, കണിയാപുരം, കെടാമംഗലം, എന്സി മമ്മൂട്ടി തുടങ്ങിയവരൊക്കെ സദസ്സിലുണ്ട്. സെമിനാര് തുടങ്ങാന് നേരത്ത് ശങ്കരാടി വേദിയിലേക്ക് വന്ന് എന്റെ തൊട്ടടുത്ത കസേരയിലിരുന്നു. എന്നെ തട്ടി വിളിച്ചിട്ട് ശങ്കരാടി ചോദിച്ചു, 'നമ്മള് പരിചയപ്പെട്ടില്ല. എന്താ പേര്?' ഞാന് പേര് പറഞ്ഞു. കേള്ക്കാന് കഴിഞ്ഞോ എന്ന സംശയത്തില് നോട്ടീസില് പേര് കാണിച്ചു കൊടുത്തു.
സമ്മേളന സ്വാഗതസംഘത്തിന്റെ രക്ഷാധികാരികളിൽ ഒരാളായിരുന്നു ശങ്കരാടി. ആദ്യവസാനം താന് നിന്ന് നടത്തേണ്ട സമ്മേളനമാണെന്നും ഉച്ചയ്ക്ക് ശേഷം വീട്ടിലേക്ക് പോകാമെന്ന് കരുതിയെങ്കിലും ഒരു പരിപാടിയും ഒഴിവാക്കാന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഗൗരവത്തോടെയാണോ പറഞ്ഞതെന്ന് മനസ്സിലായില്ല. ഞാന് അവതരിപ്പിച്ച പ്രബന്ധത്തെക്കുറിച്ചുള്ള ചര്ച്ചയായതു കൊണ്ട് പ്രബന്ധാവതരണത്തിനു ശേഷം മറ്റുള്ളവര് പറയുന്നത് ശ്രദ്ധിച്ചു കേള്ക്കുകയായിരുന്നു ഞാന്. ശങ്കരാടി നിറുത്താതെ സംസാരിച്ചു കൊണ്ടിരുന്നു. ചിരിച്ചുകൊണ്ട് തലകുലുക്കുക മാത്രമാണ് ഞാന് ചെയ്തത്.
സെമിനാര് കഴിഞ്ഞ് അല്പനേരം കൂടി അദ്ദേഹവുമായി സംസാരിക്കാന് കഴിഞ്ഞു. അച്ചുത മേനോന്റെ ഉറ്റ സഹപ്രവര്ത്തകനായിരുന്നു എന്നതും ബോംബേയിലെ തെരുവുകളില് പാര്ട്ടിസാഹിത്യം വിറ്റതുമുള്പ്പെടെ തന്റെ ഭൂതകാലത്തെക്കുറിച്ച് അറിയാവുന്നയാളാണ് ഞാനെന്ന് മനസ്സിലായപ്പോള് ശങ്കരാടിക്ക് വലിയ സന്തോഷമായി. കമ്യൂണിസ്റ്റ് പാര്ട്ടിയല്ലാതെ നമുക്ക് വേറൊരു വഴിയുമില്ലെന്നും പാര്ട്ടിയും സാംസ്കാരിക പ്രസ്ഥാനവുമൊക്കെ കൂടുതല് ശക്തിപ്പെടുത്തണമെന്നും തന്റെ ഇനിയുള്ള കാലം പാര്ട്ടിക്കായി മാറ്റിവച്ചിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ പാര്ട്ടി ഭൂതകാലത്തെക്കുറിച്ച് ഒരാള് ബഹുമാനപൂര്വ്വം സംസാരിക്കുന്നത് കേട്ട സന്തോഷത്തില് പറഞ്ഞതാകാം.
ഏതെങ്കിലും രീതിയില് ചരിത്രത്തിന്റെ ഭാഗമായ ഒരു വ്യക്തിയെയോ ചരിത്ര പ്രാധാന്യമുള്ള ഒരു കടലാസു കഷണമെങ്കിലുമോ കണ്ടാല് ഉപേക്ഷിച്ചു പോകാന് മനസ്സു വരാത്തയാളാണ് ഞാന്. ശങ്കരാടിയെ പോയി കാണണം, പഴയ കാര്യങ്ങള് ചോദിച്ചു മനസ്സിലാക്കണം എന്ന് കരുതിയെങ്കിലും നടന്നില്ല. അധികം വൈകാതെ അദ്ദേഹത്തിന്റെ ആരോഗ്യം മോശമായി. 2001 ഒക്ടോബര് 9 ന് ശങ്കരാടി അന്തരിച്ചു. കലാകാരന് എന്ന നിലയില് ശങ്കരാടി അനശ്വരനാണ്. കമ്യൂണിസ്റ്റുകാരനായ ശങ്കരാടിയെയും നമ്മള് മറക്കരുത്.
ഇന്ന് (ജൂലൈ 14) ശങ്കരാടിയുടെ ജന്മശതാബ്ദിദിനമാണ്. മഹാനായ ആ നടന്റെയും കമ്യൂണിസ്റ്റുകാരന്റെയും അനശ്വരമായ ഓര്മ്മകള്ക്കുമുന്നില് ആദരവോടെ തല കുനിക്കട്ടെ.