
നിർമ്മാണത്തിൽ എണ്ണത്തിലും വിജയത്തിലും മലയാള സിനിമയിൽ തോൽപ്പിക്കാനാകാത്ത ഒരേയൊരു നിർമ്മാതാവ്, അരോമ മണി എന്ന സാക്ഷാൽ എം മണി. നിർമ്മിച്ച 62 സിനിമകളിൽ പരാജയമെന്ന് പറയാൻ ആകെയുണ്ടായിരുന്നത് അഞ്ച് സിനിമകൾ. മലയാള സിനിമയിൽ ഇങ്ങനെയൊരു ഭാഗ്യം സ്വന്തമാക്കാൻ, ഇത്തരത്തിലൊരു അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ മറ്റ് ഏതേങ്കിലും നിർമ്മാതാക്കൾക്ക് സാധിച്ചിട്ടുണ്ടോ എന്നത് സംശയമാണ്.
മെറിലാൻഡും ഉദയയും ജയ് മാരുതിമാരുമെല്ലാം മോളിവുഡിന്റെ ജീവനാഡിയായിരുന്ന കാലത്താണ് 1977 ൽ സിനിമ പിടിക്കാനായി എം മണി ഇറങ്ങിത്തിരിക്കുന്നത്. 'ധീരസമീരെ യമുനാതീരെ' എന്ന ആദ്യ ചിത്രത്തിലൂടെ നിർമ്മാണ കുപ്പായമിട്ട മണി സിനിമയെ കുറിച്ചും സിനിമാസ്വാദകരുടെ കുറിച്ചും മാറി വരുന്ന സിനിമ അഭിരുചികളെ കുറിച്ചും വ്യക്തമായ ധാരണ ഉണ്ടാക്കിയെടുത്തതും സിനിമയിലൂടെ തന്നെയാണ്. 1977- ൽ ഒരു സിനിമ നിർമ്മിച്ചതെങ്കിൽ അടുത്ത വർഷം രണ്ട്, അതിനടുത്ത വർഷം മൂന്ന് എന്നിങ്ങനെ സിനിമകളെടുത്തുകൊണ്ടേയിരുന്നു.
'ധീരസമീരെ യമുനാതീരെ'യ്ക്ക് ശേഷം 'റൗഡി രാമു', 'എനിക്കു ഞാൻ സ്വന്തം', 'കുയിലിനെ തേടി', 'എങ്ങനെ നീ മറക്കും', 'ആനയ്ക്കൊരുമ്മ', 'ലൗ സ്റ്റോറി' എന്നിങ്ങനെ പ്രേക്ഷക സ്വീകാര്യത നേടിയ സിനിമകൾ. 1985-ൽ പദ്മരാജന്റെ സംവിധാനത്തിലൊരുങ്ങിയ 'തിങ്കളാഴ്ച നല്ല ദിവസം' എന്ന ചിത്രത്തിന് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ സിബി മലയിലിന്റെ 'ദൂരെ ദൂരെ ഒരു കൂട് കൂട്ടാം' സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചുള്ള മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും സ്വന്തമാക്കി. ഈ ചിത്രങ്ങളുടെയെല്ലാം അമരത്ത് എം മണിയുണ്ടായിരുന്നു.
1988-ൽ പുറത്തിറങ്ങിയ മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'ഒരു സിബിഐ ഡയറിക്കുറിപ്പി'ന് മികച്ച കാൻവാസ് ഒരുക്കിയതും മണിയെന്ന നിർമ്മാതാവിന്റെ ദീര്ഘവീക്ഷണമായിരുന്നു. പിന്നീട് ആഗസ്റ്റ് 1, ജാഗ്രത, കോട്ടയം കുഞ്ഞച്ചൻ, സൗഹൃദം, പണ്ട് പണ്ടൊരു രാജകുമാരി, സൂര്യഗായത്രി, മമ്മൂട്ടിയുടെ എക്കാലത്തെയും ക്ലാസിക്ക് ധ്രുവം, ഭരത് ചന്ദ്രൻ ഐപിഎസ് എന്ന ബ്രാൻഡുമായെത്തിയ കമ്മീഷണർ, ജനാധിപത്യം, എഫ്ഐആർ, ബാലേട്ടന് ,പല്ലാവൂർ ദേവനാരായണൻ എന്നിങ്ങനെ അരോമ മണിയുടെ പ്രൊഡക്ഷൻ ഹൗസിൽ പിറന്ന ഹിറ്റുകളുടെ ലിസ്റ്റ് പറഞ്ഞാൽ തീരില്ല. നിർമ്മിച്ച 62 സിനിമകളിൽ ഏഴെണ്ണം അദ്ദേഹം സംവിധാനം ചെയ്ത സിനിമകളാണ്.
പി ചന്ദ്രകുമാർ, സിബി മലയിൽ, ചക്കരയുമ്മ സാജൻ, കെ മധു, ജോഷി, ഷാജി കൈലാസ്, സുരേഷ് ബാബു, വിജി തമ്പി, വിനയൻ, വി എം വിനു, സുനിൽ, തുളസിദാസ്, അനിൽ, ശ്യാമപ്രസാദ് തുടങ്ങിയ അന്നത്തെ കാലത്ത് സൂപ്പർ ഹിറ്റുകൾ കൊണ്ട് മാർക്കറ്റ് വാല്യവുണ്ടായിരുന്ന ഒട്ടുമിക്ക സംവിധായകരുടെയും കംഫർട്ട് സോൺ ആയിരുന്നു അരോമ മണി. സിനിമയ മനസിലാക്കുന്ന സ്നേഹിക്കുന്ന ഒരു നിർമ്മാതാവിന് മാത്രം സംവിധായകന്റെയും എഴുത്തുകാരന്റെയും ഭാവനയെ വെള്ളിത്തിരയിലേക്ക് പകർത്താൻ സാധിക്കു. അക്കാര്യത്തിൽ എം മണി മാസ്റ്ററായിരുന്നു എന്നതിൽ സംശയമില്ല.
സിനിമയും മറ്റ് ബിസിനസുമെല്ലാം ചെയ്യണമെങ്കിൽ ആത്മവിശ്വാസവും ഊർജവും മാത്രമുണ്ടായിട്ട് കാര്യമില്ല, പണം വേണം. പണമില്ലെങ്കിൽ ഒരു കച്ചവടവും നടക്കില്ല. ആർക്കെങ്കിലും നന്മ ചെയ്യണമെങ്കിലും പണമില്ലാതെ പറ്റില്ല. എല്ലാ ബന്ധങ്ങളുടെയും നിലനിൽപ്പ് തന്നെ പണത്തിന്റെ പുറത്താണ്. അതുകൊണ്ട് നമ്മൾ ആദ്യം കാണേണ്ടത് പണമാണ്. പണത്തിനെ നമ്മൾ ബഹുമാനിച്ചില്ലെങ്കിൽ അതിനു നമ്മളെ ഉപേക്ഷിച്ചു പോകാൻ യാതൊരു ദാക്ഷിണ്യവുമുണ്ടാകില്ല,എം മണി ഒരിക്കൽ കലൂ ഡെന്നിസിനോട് പറഞ്ഞ വാക്കുകൾ (മനോരമയിൽ പ്രസിദ്ധീകരിച്ചത്)
2000ത്തിന് ശേഷം അരോമ മണി ചെയ്തത് 13 സിനിമകളാണ്. നാറാണത്ത് ഭ്രാന്തൻ (2001), കാട്ടുചെമ്പകം (2002), മിസ്റ്റർ ബ്രഹ്മചാരി (2003), ബാലേട്ടൻ (2003), മാമ്പഴക്കാലം (2004), ലോകനാഥൻ ഐഎഎസ് (2004), രാവണൻ (2006), കനക സിംഹാസനം (2006), കളേഴ്സ് (2009), ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് കുടുംബം (2009), ദ്രോണ 2010 (2010), ഓഗസ്റ്റ് 15 (2011), ആർട്ടിസ്റ്റ് (2013) എന്നീ സിനിമകളാണ് അവ. ശ്യമ പ്രസാദിന്റെ സംവിധാനത്തിലൊരുങ്ങിയ ആർട്ടിസ്റ്റിന് ആ വർഷം മികച്ച നടൻ (ഫഹദ് ഫാസിൽ), മികച്ച നടി ( ആൻ അഗസ്റ്റിൻ), മികച്ച സംവിധായകൻ എന്നിങ്ങനെ മൂന്ന് സംസ്ഥന ചലച്ചിത്ര പുരസ്കാരങ്ങളാണ് നേടിയത്.
മികച്ച നിരൂപക പ്രശംസ നേടിയ ചിത്രം മലയാളികൾക്ക് സമ്മാനിച്ചു കൊണ്ട് നിർമ്മാണ, സംവിധാന ജീവിതത്തിൽ നിന്ന് അരോമ മണി ഇടവെളയെടുത്തു. കഴിഞ്ഞ 11 വർഷമായി വിശ്രമ ജീവിതത്തിലായിരുന്നുവെങ്കിലും നിരവധി സംവിധായകരും സിനിമ പ്രവർത്തകരും അദ്ദേഹത്തെ കുറിച്ച് സംസാരിക്കാൻ ലഭിക്കുന്ന അവസാരങ്ങളിൽ വാചാലരാകുന്നത് കാണാം. സിനിമയെ സ്നേഹിച്ച സിനിമാക്കാരനായി ജീവിച്ച മലയാളത്തിലെ ഏറ്റവും വലിയ നിർമ്മാതാവിന് പ്രണാമം...