
May 18, 2025
04:19 PM
രാജമൗലി, പ്രശാന്ത് നീല്, നാഗ് അശ്വിന്... ഇങ്ങനെ പോകുന്നു ലോകനിലവാരത്തില്, വലിയ സ്കെയിലില് സിനിമകള് ചെയ്തു വിജയിപ്പിച്ച ഇന്ത്യന് സംവിധായകരുടെ നിര. ഇവരിലൂടെ ബാഹുബലിയും കെജിഎഫും കല്കിയുമെല്ലാം ദൃശ്യവിസ്മയങ്ങള് തീര്ക്കുമ്പോഴും, ബ്രഹ്മാണ്ഡം എന്ന് കേള്ക്കുമ്പോള് ഏതൊരു ഇന്ത്യന് സിനിമാപ്രേമിയുടെയും മനസ്സിലേക്ക് ആദ്യം ഓടിവരുന്ന മുഖം അത് മറ്റൊരാളുടേതാണ്. രജനികാന്തിനെ 'ദി ബോസ്' ആക്കിയ, റോബോട്ടിനെ 'കാതലനാ'ക്കിയ, ഇന്ത്യന് സിനിമയിലെ സാങ്കേതിക വിദ്യകളുടെ 'മുതല്വന്'... ശങ്കര് ഷണ്മുഖം എന്ന സാക്ഷാല് ശങ്കര്.
ഓരോ ശങ്കര് സിനിമയുടെ പ്രഖ്യാപനം ഉണ്ടാകുമ്പോഴും സിനിമാപ്രേമികള് ആവേശത്തോടെ കാത്തിരിക്കും... ഈ ചിത്രത്തില് അദ്ദേഹം എങ്ങനെയാണ് തങ്ങളെ അത്ഭുതപ്പെടുത്താന് പോകുന്നത് എന്നറിയാന്. ജന്റില്മാന് മുതല് തുടങ്ങിയ ആ കാത്തിരിപ്പ് ഇന്ത്യന് 2വിലും തുടരുകയാണ്. ബ്രഹ്മാണ്ഡ സിനിമകള്ക്ക് പര്യായമായ ശങ്കര് കലാ ജീവിതം ആരംഭിക്കുമ്പോള് ഒരിക്കലും ഒരു സംവിധായകനാകണമെന്ന് ആഗ്രഹിച്ചിരുന്നില്ല, മറിച്ച് ശിവാജി ഗണേശനെ പോലൊരു നടനാവുക എന്നതായിരുന്നു അയാളുടെ സ്വപ്നം.
തമിഴ്നാട്ടിലെ കുംഭകോണത്തെ ഒരു ഗ്രാമത്തില് ജനിച്ച ശങ്കര് സിനിമയിലേക്ക് കാല്വെക്കും മുന്നേ ഒരു ടൈപ്പ്റൈറ്റിങ് കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത്. മെക്കാനിക്കല് എന്ജിനിയറിങ്ങില് ഡിപ്ലോമ നേടിയ ശങ്കറിന് തുടര്ന്ന് പഠിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാല് വീട്ടിലെ സാമ്പത്തിക സ്ഥിതി അതിന് അനുവദിക്കാതിരുന്നത് മൂലമാണ് അയാള് ടൈപ്പ്റൈറ്റിങ് കമ്പനിയില് ജോലിക്ക് കയറിയത്. പിന്നീട് ഈ കമ്പനി പൂട്ടിയ ശേഷം അഭിനയ മോഹിയായ ശങ്കര് നാടകവേദികളിലേക്ക് തിരിഞ്ഞു.
ഒരു നാടകത്തിലെ ശങ്കറിന്റെ പ്രകടനം കണ്ടിഷ്ടപ്പെട്ട സംവിധായകന് എസ്എ ചന്ദ്രശേഖര് അയാളെ തന്റെ അടുത്തേക്ക് വിളിപ്പിക്കുന്നു. ഒരു നടനായി തിളങ്ങാന് കൊതിച്ച് ചന്ദ്രശേഖറിന്റെ അടുത്തേക്ക് ഓടി ചെന്ന ശങ്കറിന് നിരാശയായിരുന്നു ഫലം. എസ് എ ചന്ദ്രശേഖര് അയാളെ വിളിപ്പിച്ചത് തന്റെ സഹസംവിധായകനാകാന് വേണ്ടിയാണ്. സുഹൃത്തുക്കളുടെ നിര്ബന്ധം മൂലം, മനസ്സില്ലാ മനസ്സോടെ അയാള് ചന്ദ്രശേഖറിന്റെ അസിസ്റ്റന്റായി. അദ്ദേഹത്തിനൊപ്പം 17 സിനിമകള് ചെയ്ത ശങ്കര് ആ കാലയളവില് തന്നിലെ നടനില് നിന്നും സംവിധായകനിലേക്കുള്ള യാത്രകള് നടത്തിക്കഴിഞ്ഞിരുന്നു.
സംവിധായകന് പവിത്രനൊപ്പവും സഹസംവിധായകനായി ശങ്കര് പ്രവര്ത്തിച്ചു. പവിത്രന്റെ സൂര്യന് എന്ന സിനിമയുടെ ചിത്രീകരണ വേളയിലാണ് ശങ്കര് കെ ടി കുഞ്ഞുമോന് എന്ന നിര്മാതാവിനെ പരിചയപ്പെടുന്നത്. ബ്രഹ്മാണ്ഡ സിനിമകളിലൂടെ തമിഴകത്തെയും ഇന്ത്യന് സിനിമയെയും അത്ഭുതപ്പെടുത്തിയ ജൈത്രയാത്രയ്ക്ക് തുടക്കം കുറിക്കപ്പെടുന്നത് ആ പരിചയപ്പെടലിലൂടെയാണ്. നല്ലൊരു കഥയ്ക്കായി തിരഞ്ഞുകൊണ്ടിരുന്ന കെ ടി കുഞ്ഞുമോന്, ശങ്കറിന് ഒരു സിനിമയ്ക്കായി കൈ കൊടുത്തു. ഏറെ കാലമായി തന്റെ മനസ്സിലുള്ള കഥ ശങ്കര് അങ്ങനെ സിനിമയ്ക്കാന് തീരുമാനിച്ചു.
ശരത്കുമാറിനെയായിരുന്നു ശങ്കര് തന്റെ കന്നിചിത്രത്തില് നായകനായി ആദ്യം മനസ്സില് കണ്ടിരുന്നത്. എന്നാല് ശരത്കുമാര് സിനിമയ്ക്ക് പച്ചക്കൊടി കാണിക്കാതിരുന്നതോടെ ശങ്കര് ആ കഥ കമല്ഹാസനിലേക്ക് എത്തിച്ചു. ആ കഥയ്ക്ക് സമാനമായ കഥയുള്ള സിനിമ ചെയ്തതിനാല് കമലും സിനിമയില് നിന്ന് പിന്മാറി. തുടര്ന്ന് ആ സമയം മറ്റ് ഹിറ്റുകളൊന്നുമില്ലാതിരുന്ന അര്ജുനിലേക്ക് ആ ചിത്രമെത്തി.
അങ്ങനെ ശങ്കറിന്റെ ബ്രഹ്മാണ്ഡ സിനിമകള്ക്ക് തുടക്കം കുറിച്ചുകൊണ്ട് 1993 ജൂലൈ 30 ന് ജന്റില്മാന് എന്ന ചിത്രം റിലീസ് ചെയ്തു. വിദ്യാഭ്യാസം കച്ചവടമാക്കുന്നതിനെതിരെ സംസാരിച്ച ചിത്രം 175 ദിവസത്തിലധികമാണ് തിയേറ്ററുകളില് ഓടിയത്. സിനിമയിലെ 'ചിക്കുബുക്കു റെയിലെ' എന്ന ഗാനം തെന്നിന്ത്യയിലുണ്ടാക്കിയ ഓളവും ചെറുതല്ല.
ജന്റില്മാന്റെ വിജയത്തിന് ശേഷം അക്കാലത്ത് ഡാന്സ് മാസ്റ്റര് മാത്രമായിരുന്ന പ്രഭുദേവയെ നായകനാക്കി കാതലന് എന്ന ചിത്രം സംവിധാനം ചെയ്തു. സിനിമയെ കൂടാതെ, 'ടേക്ക് ഇറ്റ് ഈസി ഉര്വശി', 'പേട്ടറാപ്പ്', 'എന്നവളെ', 'കാതലിക്കും പെണ്ണിന്' തുടങ്ങിയ അതിലെ ഗാനങ്ങളെല്ലാം സൂപ്പര്ഹിറ്റുകളായി. എന്തിനേറെ കാതലിനിലെ 'മുക്കാലാ മുക്കാബല' എന്ന ഗാനം ലിംകാ ബുക്ക് ഓഫ് റെക്കോര്ഡ്സില് വരെ ഇടം നേടി. സിനിമയില് പ്രഭുദേവയ്ക്ക് ശബ്ദം നല്കിയത് നടന് വിക്രം ആണെന്നത് മറ്റൊരു കൗതുകമായിരുന്നു.
ഇതിന് ശേഷമാണ് സേനാപതിയുടെ ആദ്യവരവ്. സേനാപതിയായി ശങ്കര് ആദ്യം മനസ്സില് കണ്ടത് രജനികാന്തിനെ ആയിരുന്നു, അത് സാധ്യമാകാതെ വന്നപ്പോഴാണ് അദ്ദേഹം കമല്ഹാസനിലേക്ക് എത്തിയത്. രൂപം കൊണ്ടും ഭാവം കൊണ്ടും ഉലകനായകന് ഇന്ത്യനായപ്പോള് കളക്ഷനില് രജനികാന്തിന്റെ ബാഷ പോലും പിന്നിലായി എന്നതാണ് കൗതുകകരം. പിന്നീട് രണ്ടുപതിറ്റാണ്ടുകള്ക്കിടയില് ജീന്സ്, മുതല്വന്, ബോയ്സ്, അന്യന്, ശിവാജി, എന്തിരന്, നന്പന്, ഐ, 2.0 എന്നീ സിനിമകള് അദ്ദേഹം ചെയ്തു.
ജന്റില്മാന് മുതല് 2.0 വരെയുള്ള സിനിമകളിലെ ഗാനങ്ങള് മാത്രം മതി ശങ്കറിന്റെ വിഷന് എന്തെന്ന് മനസിലാക്കാന്. ജന്റില്മാനില് എഗ്മോര് റെയില്വേ സ്റ്റേഷനില് ആരംഭിക്കുന്ന ഗാനം പിന്നീട് ഓടുന്ന ഒരു ട്രെയിനിലേക്ക് മാറുന്നുണ്ട്. സാങ്കേതിക വിദ്യകളുടെ പരിമിതികളുടെ കാലത്താണ് ഒരു സംഘം ഡാന്സേഴ്സിനെ കൊണ്ട് അദ്ദേഹം ഓടുന്ന ട്രെയിനില് ചിക്കുബുക്ക് റെയിലെ കളിപ്പിച്ചത്. മാത്രമല്ല ആനിമേറ്റഡ് കണ്ണുനീരുകളും അമ്പുമെല്ലാം അക്കാലത്ത് ഏറെ കൗതുകമായിരുന്നു.
ജീന്സിലെ പൂവുക്കുള് ഒളിന്തിരിക്കും... എന്ന ഗാനം മറ്റൊരു ഉദാഹരണയെടുക്കാം. 'അതിശയമേ അസന്തുപോകും നീയെന്തെന് അതിശയം' എന്ന് എഴുതുമ്പോള് എ എം രത്നം അറിഞ്ഞിരുന്നുവോ ഏഴ് ലോകാത്ഭുതങ്ങള്ക്ക് മുന്നില് ഐശ്വര്യ റായിയെ ശങ്കര് എട്ടാമത്തെ ലോകാത്ഭുതമാക്കുമെന്ന്. 62 ക്യാമറകളുടെ സഹായത്തോടെ ടൈം ഫ്രീസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ബോയ്സിലെ അലെ അലെ ഗാനം ചിത്രീകരിച്ചത് മുതല് ബ്യൂട്ടി ആന്ഡ് ദി ബീസ്റ്റ് കണ്സെപ്റ്റില് 40 ദിവസം കൊണ്ട് ചിത്രീകരിച്ച ഐയിലെ 'എന്നോട് നീ ഇരുന്താല്' വരെ തന്റെ സിനിമകളിലെ ഗാനങ്ങളുടെ ക്വാളിറ്റിയില് പോലും ശങ്കര് ഒരു വിട്ടുവീഴ്ചയും നടത്തിയിട്ടില്ല.
ഒരു സംഘട്ടന രംഗത്തിനായി മറ്റു സംവിധായകര് പച്ചക്കറി ചന്തകള് സെറ്റിടാന് ആര്ട്ട് വിഭാഗത്തോട് ആവശ്യപ്പെടുന്ന കാലത്താണ് അന്യനില് 127 വിയറ്റ്നാമീസ് ഫൈറ്റേഴ്സിനെയും 122 ക്യാമറകളെയും ഉപയോഗിച്ച് സ്റ്റണ്ട് സീന് ഒരുക്കിയത്. മുടിയില് നരയിട്ട് വാര്ദ്ധക്യത്തെ കാണിക്കുന്ന കാലത്ത് ഇന്ത്യന് താത്തയെ അതിന്റെ പൂര്ണ്ണതയില് എത്തിക്കാന് പ്രോസ്തെറ്റിക് സാധ്യതകളെയും ഹോളിവുഡ് മേക്കപ്പ് ആര്ട്ടിസ്റ്റുകളെയും കുറിച്ച് ചിന്തിക്കാന് ശങ്കറിന് മാത്രമേ കഴിയൂ. അതുകൊണ്ടാണ് 2010 ല് ഒരു റോബോട്ട് ചെയ്യുന്നതൊക്കെ കണ്ട് ഇന്ത്യന് സിനിമ അമ്പരന്നുപോയത്.
ടെക്നോളജി കൊണ്ട് മാത്രമല്ല സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചുള്ള ചര്ച്ചകളിലൂടെയുമാണ് ശങ്കര് സിനിമകള് ശ്രദ്ധേയമായത്. ജന്റില്മാനില് വിദ്യാഭ്യാസം വില്പ്പനയ്ക്ക് വയ്ക്കുന്നതിനെക്കുറിച്ച് സംസാരിച്ചപ്പോള് ശിവാജിയില് കള്ളപ്പണം നമ്മുടെ രാജ്യത്തെ എങ്ങനെ പിന്നോട്ട് വലിക്കുന്നു എന്നത് തുറന്നുകാണിച്ചു. ഇന്ത്യനും അന്യനും കണ്ട് അഴിമതിക്കെതിരെ പ്രതികരിക്കാന് ഒരു സേനാപതിയോ അംബിയോ ഉണ്ടായിരുന്നെങ്കില് എന്ന് ആഗ്രഹിക്കാത്തവര് ഉണ്ടാകുമോ?
കഴിഞ്ഞ ഏതാനും വര്ഷങ്ങളായി ശങ്കറിനും അയാളുടെ സിനിമകള്ക്കും പഴയ പ്രതാപം നിലനിര്ത്താന് കഴിയുന്നില്ല എന്ന് പലരും പറയാറുണ്ട്. ഐയും 2.0 യുമെല്ലാം സാമ്പത്തികമായി വലിയ വിജയങ്ങളായിരുന്നുവെങ്കിലും പ്രേക്ഷകരെ പൂര്ണ്ണമായി തൃപ്തിപ്പെടുത്താന് കഴിഞ്ഞില്ല എന്നത് വസ്തുതയുമാണ്.
അതിനാല് ഇന്ത്യന്റെ രണ്ടാം വരവ് എങ്ങനയാകുമെന്ന് സംശയങ്ങള് ഉന്നയിക്കുന്നവരുമുണ്ട്. എന്നാലും വര്ഷങ്ങള്ക്കിപ്പുറം അദ്ദേഹം ഇന്ത്യന് രണ്ടാമത് കൊണ്ടുവരുമ്പോള്, അവിടെയും ഒരു ദൃശ്യവിസ്മയം തന്നെ ഇന്ത്യന് സിനിമാപ്രേമികള് പ്രതീക്ഷിക്കുന്നുണ്ട്. രാജമൗലിയും പ്രശാന്ത് നീലുമെല്ലാം നിറഞ്ഞു നില്ക്കുന്ന ഇന്നത്തെ ഇന്ത്യന് സിനിമയില് താനാണ് മുതല്വന് എന്ന് ശങ്കറിന് തെളിയിക്കേണ്ടതുണ്ട്. ഇന്ത്യന് 2 ലൂടെ സേനാപതി തിരിച്ചുവരുമ്പോള് അത് ശങ്കറിനും തിരിച്ചുവരവായിരിക്കും എന്ന് വിശ്വസിക്കുന്നുണ്ട്. കാരണം ഹി ഈസ് ദി വണ് ദി സൂപ്പര് വണ്...