ചരിത്രത്തിൽ അടയാളപ്പെടുത്തിയ ആ രണ്ട് റണ്ണൗട്ടുകൾക്കിടയിൽ ഇന്ത്യ ഓടിയെടുത്ത ദൂരമാണ് എംഎസ്ഡി

കൂറ്റനടിക്കാരനായ ഫിനിഷർ ബാറ്ററായി, ടാർഗറ്റ് ലക്ഷ്യമാക്കി നങ്കൂരമിടുന്ന ആങ്കറായി, വിക്കറ്റുകൾക്കിടയിലെ ഓട്ടക്കാരനായി, സ്റ്റമ്പിന് പിന്നിലെ വിക്കറ്റ് ടേക്കറായി, മികച്ച ക്യാപ്റ്റനായി,അസാധാരണ ക്രിക്കറ്ററായി നമ്മെ വിസ്മയിപ്പിച്ചിരുന്നു ധോണി

dot image

ഏഴാം മാസത്തിൽ ഏഴാം തിയതി ജനിച്ച് ഏഴാം നമ്പറിൽ ക്രിക്കറ്റ് ലോകം കീഴടക്കിയ ധോണിയുടെ 43-ാം ജന്മദിനമാണിന്ന്. 1999 ൽ ബീഹാറിന് വേണ്ടി ഫസ്റ്റ് ക്ലാസ്സ് അരങ്ങേറ്റം കുറിച്ച റാഞ്ചിക്കാരൻ പയ്യൻ തന്റെ കാശ്മീരി വില്ലോയുമായുള്ള ക്രിക്കറ്റ് യാത്ര തുടങ്ങിയിട്ട് കാൽ നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. 2004 ൽ ബംഗ്ലാദേശുമായുള്ള തന്റെ അരങ്ങേറ്റ മത്സരത്തിൽ വിക്കറ്റിനിടെയുള്ള ഓട്ടത്തിനിടയിൽ ഡക്കായി മടങ്ങേണ്ടി വന്നിരുന്നു ധോണിക്ക്. തൊട്ടടുത്ത പരമ്പരയിൽ അഫ്രീദിയോട് കയർത്തതിന് പിന്നാലെയായിരുന്നു തന്റെ നീളൻ മുടിയുടെ സ്റ്റൈലൻ അനക്കങ്ങളെ ആരാധന ആരവങ്ങളിലെ ഹരംപിടിപ്പിക്കുന്ന കാഴ്ചയായി വരച്ച് ചേർത്തു കൊണ്ട് ആ വില്ലോയിൽ നിന്നും ഹെലികോപ്ടർ സിക്സർ പിറവിയെടുത്തത്. അന്ന് തുടങ്ങിയതാണ് ക്രിക്കറ്റിലെ പരമ്പരാഗത കളിനിയമങ്ങൾ തെറ്റിച്ചു കൊണ്ടുള്ള ധോണി മാജിക്ക്. പിന്നീട് കാത് പൊട്ടുന്ന ഡെസിബൽ ‘തല’ വിളികളുടെ ആരവങ്ങളുടെ കരഘോഷങ്ങളായി 'തലതെറിച്ച' ധോണി ഷോട്ടുകൾ മാറി.

തെക്ക് വിശാഖപട്ടണം മുതൽ വടക്ക് ഹിമാലയത്തിൻ്റെ താഴ്വരയിലുള്ള ധരംശാല സ്റ്റേഡിയം വരെ ഒരു പോലെ മഞ്ഞ കടലാക്കാനുള്ള കരുത്ത് ഈ പ്രായത്തിലും അയാൾക്കുണ്ട്. അതിന് കഴിഞ്ഞ ഐപിഎൽ സീസൺ സാക്ഷിയാണ്. ചെന്നൈയ്ക്ക് ചെപ്പൊക്കല്ല, അവരുടെ ‘തല‘ ഇറങ്ങുന്നയിടമാണ് ഹോം സ്റ്റേഡിയം. അത് സാക്ഷാൽ സച്ചിന്റെയും ആ നഗരത്തിന്റെ പിൻ നായകന്മാരായി വന്ന രോഹിതിന്റെയും ഹർദിക്കിന്റെയുമെല്ലാം വാങ്കഡെയാണെങ്കിലും ആ ദിവസം അതാണ് ഗ്യാലറി നിയമം. അവിടെ ജയ പരാജയങ്ങൾക്കപ്പുറം അയാൾ ക്രീസിലെത്തുന്ന, അയാളുടെ വില്ലോയിൽ ഗാഡമായി സ്പർശിക്കുന്ന രണ്ടോ മൂന്നോ പന്തുകൾക്ക് വേണ്ടി മാത്രം അവർ ആർത്തലയ്ക്കും. വിജയിച്ചില്ലെങ്കിൽ പോലും അയാൾ ഇറങ്ങിയത് കൊണ്ട് മാത്രം ആരാധകർക്ക് അത് ആഘോഷ രാവാകും. അത്ര മാത്രം ആഘോഷിക്കപ്പെടുന്ന ഒരു സ്പോർട്സ് താരത്തിലേക്കുള്ള അയാളുടെ കുതിപ്പ് അതിലേറെ സെലിബ്രെറ്റ് ചെയ്യപ്പെടേണ്ട ഒന്നാണ്. പിറന്നാൾ ദിനത്തിൽ ധോണിയുടെ വിജയവഴികളിലേയ്ക്ക് ഒരു തിരിഞ്ഞു നോട്ടം നടത്താം.

വർഷം 2003. അതിനും നാലഞ്ചു വർഷങ്ങൾക്ക് മുമ്പെ രഞ്ജിയിലും ആഭ്യന്തര ക്രിക്കറ്റിലും കഴിവ് തെളിയിച്ച ധോണിക്ക് പക്ഷെ ജീവിത പ്രാരാബ്ദങ്ങളെ തുടർന്ന് സൗത്ത് ഈസ്റ്റ് റെയിൽവേക്ക് കീഴിലുള്ള ഖരഗ്പൂർ റെയിൽവെ സ്റ്റേഷനിൽ താത്കാലിക ടിക്കറ്റ് എക്സമിനറായി ജോലി ചെയ്യേണ്ടി വന്നു. ഗാംഗുലിക്ക് കീഴിൽ ചരിത്രത്തിലെ പ്രതിഭാധരുടെ ഇന്ത്യൻ നിര ഏകദിന ലോകകപ്പ് ഫൈനലിൽ ഓസീസിനോട് തോറ്റ് കണ്ണീരോടെ മടങ്ങുന്നത് അതേ വർഷത്തിലാണ്. തൊട്ടടുത്ത വർഷമാണ് ധോണി ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര അരങ്ങേറ്റം നടത്തുന്നത്. ധോണിയുണ്ടായിരുന്നുവെങ്കിൽ 2003 ലെ ആ ലോകകപ്പ് എനിക്ക് വിജയിക്കാമായിരുന്നു എന്ന് പിന്നീട് പറഞ്ഞത് സാക്ഷാൽ ഗാംഗുലി തന്നെയാണ്.

സാങ്കേതിക തികവോ കോപ്പി ബുക്ക് ഷോട്ടുകളോ ക്രിക്കറ്റ് അക്കാദമി പരിചയമോ ഇല്ലാത്ത ആ പയ്യനെ ഗാംഗുലി വിശ്വാസത്തിലെടുത്തതാണ് പിന്നീട് ഇന്ത്യൻ ക്രിക്കറ്റിന് മുതൽ കൂട്ടായത്. ആദ്യ മത്സരത്തിലേ ഡക്കടക്കം ബംഗ്ലാദേശ് പരമ്പരയിലെ മുഴുവൻ മത്സരങ്ങളിലും പരാജയമായിരുന്ന 19 കാരൻ ധോണിക്ക് ഒരു അവസരം കൂടി കൊടുക്കാൻ സെലക്ടർമാരോട് അപേക്ഷിച്ചത് കൊൽക്കത്തക്കാരൻ ദാദയായിരുന്നു. നയൻ മോംഗിയയ്ക്ക് ശേഷം സ്ഥിരം വിക്കറ്റ് കീപ്പറില്ലാതെ രാഹുൽ ദ്രാവിഡിൽ ഗ്ലൗസ് ഏൽപ്പിച്ച ദാദയ്ക്ക് വിക്കറ്റിന് പിന്നിലും മുന്നിലും അതൊരു പരീക്ഷണമായിരുന്നു. സെലക്ടർമാരുടെ കയ്യിൽ നിന്നും ചോദിച്ചു വാങ്ങി നൽകിയ രണ്ടാം അവസരത്തിൽ ധോണി ദാദയുടെ വിശ്വാസത്തിനൊത്തുയർന്നു.

പാകിസ്താനെതിരെയുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ 123 പന്തിൽ 148 നേടി. റണ്ണിനേക്കാൾ നേരിട്ട പന്തുകൾ ബഹുദൂരം ലീഡ് ചെയ്യുന്ന അക്കാലത്ത് തൊട്ടടുത്ത ശ്രീലങ്കയ്ക്കെതിരെയുള്ള പരമ്പരയിൽ 145 പന്തിൽ 183 നേടി പുറത്താകാതെ നിന്നു ധോണി. അതോടെ ഇന്ത്യൻ ക്രിക്കറ്റിൽ അത് വരെ കാണാത്ത ഷോട്ട് കളിക്കുന്ന നീളൻ മുടി നീട്ടി വളർത്തിയ ആ ആഗ്രസീവ് പയ്യനെ കാണികൾ ഏറ്റെടുത്തു. അയാൾ ക്രിക്കറ്റിന്റെ വ്യാകരണങ്ങളെ കീറിയെറിഞ്ഞു. ഡിക്ഷണറിയിലിലാത്ത ഷോട്ടുകൾ കളിച്ച് അവസാനം ക്രിക്കറ്റ് ഡിക്ഷണറിയിലേക്ക് ആ ഷോട്ടുകൾ ചേർത്തു.

2003 ലോകകപ്പ് ഫൈനൽ തോൽവിയിലെ മുറിവുണക്കാൻ 2007 ൽ കരീബിയൻ ലോകകപ്പിനെത്തിയ സംഘത്തിൽ അങ്ങനെ അയാളും ഇടം പിടിച്ചു. എന്നാൽ മുറിവുണക്കുന്നതിന് പകരം ആരാധക മനസ്സുകളിലെ മുറിവിൽ എരിവ് പുരട്ടിയാണ് ടീം മടങ്ങിയത്. ദ്രാവിഡും സച്ചിനും സേവാഗുമെല്ലാമുള്ള ഇന്ത്യൻ നിര ബംഗ്ലാദേശിനോടും ശ്രീലങ്കയോടും തോറ്റു. ഈ രണ്ട് മത്സരങ്ങളിലും ഡക്കായി മടങ്ങിയ ധോണിയുടെ റാഞ്ചിയിലെ വീട് ആരാധകർ ആക്രമിച്ചു. ധോണിക്കും ഇന്ത്യൻ ക്രിക്കറ്റിനും കയ്പ്പ് പിടിച്ച ഇരുണ്ട കാലം കൂടിയായി അത്.

എന്നാൽ എന്നും അപ്രതീക്ഷിത ട്വിസ്റ്റുകളുടെ നായകനായ ധോണി എഴുതി തള്ളിയ ടീമുമായി ചെന്ന് ആ വർഷം ലണ്ടനിലെ പ്രഥമ ടി 20 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക് നേടി കൊടുത്തു. ശേഷം മൂന്ന് ഫോർമാറ്റിലെയും നായക സ്ഥാനം ഏറ്റെടുത്ത ധോണി തന്നിലെ ക്രിക്കറ്ററെ അടി മുതൽ മുടി വരെ മാറ്റങ്ങൾ വരുത്തി പക്വതയുള്ള നായകനിലേക്ക് കൂടുമാറി. കിട്ടിയ പന്തുകൾ ബൗണ്ടറി കടത്തുക എന്ന പഴയ റോളിൽ നിന്നും മാറി മുന്നിലേക്കിറങ്ങി ആങ്കർ ചെയ്ത് കളിക്കാൻ തുടങ്ങി. വിക്കറ്റ് കീപ്പിങ്ങിലും ബൗളർ സെലക്ഷനിലും ഫീൽഡ് സെറ്റിങ്ങിലും പ്രെസെൻസ് ഓഫ് മൈൻഡ് കൊണ്ട് അത്ഭുതങ്ങൾ കാണിച്ചു.

28 വർഷങ്ങൾക്കിപ്പുറം കപിലിന് ശേഷം 2011ൽ ധോണി ഇന്ത്യയ്ക്ക് വീണ്ടുമൊരു ഏകദിന ലോകകപ്പ് കിരീടം സമ്മാനിച്ചു. എല്ലാം അവസാനിച്ചുവെന്ന ഇന്ത്യൻ തോന്നലിൽ നിന്നും ആദ്യം ഗംഭീറിനെയും പിന്നീട് യുവരാജിനെയും കൂട്ട് പിടിച്ച് ലങ്കൻ കൂടാരത്തിലേയ്ക്കുള്ള ധോണിയുടെ തേരോട്ടമായിരുന്നു ഫൈനലിൽ കണ്ടത്. നുവാൻ കുലശേഖരയുടെ 49-ാം ഓവറിലെ ഫുൾ ലെങ്ത് ഡെലിവറി ലോങ് ഓണിലൂടെ ധോണി സിക്സർ പറത്തിയപ്പോൾ 'ക്രിക്കറ്റ് ദൈവത്തിൻ്റെ' കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞൊഴുതി. അർഹതപ്പെട്ട കീരിടം സ്വന്തമാകുന്നു എന്ന യാഥാർത്ഥ്യമാണ് സച്ചിൻ്റെ കണ്ണ് നിറച്ചത്. സച്ചിനെ ലോകം കിരീടം ചൂടിച്ച് ധോണി യാത്രയാക്കി.

DHONI FINISHES IN HIS STLE എന്ന രവിശാസ്ത്രിയുടെ കമ്ന്ററിയിൽ രാജ്യം അന്ന് ഉറങ്ങാതെ കിടന്നു. ധോണിയുടെ ആ അവസാന സിക്സർ ഒരിക്കൽ കൂടി കണ്ടിട്ടാവും താൻ മരിക്കുകയെന്ന് ഗാവാസ്ക്കർ അന്ന് വികാരം തൂകി. രണ്ട് വർഷങ്ങൾക്കപ്പുറം 2013 ൽ ചാമ്പ്യൻസ് ട്രോഫി കിരീടം കൂടി നേടി ധോണി ഐസിസിയുള്ള നടപ്പിലുള്ള എല്ലാ കിരീടങ്ങളും നേടിയ നായകനായി. തൊട്ടടുത്ത വർഷവും ടി 20 ലോകകപ്പിൽ ഇന്ത്യയെ ഫൈനലിലെത്തിച്ചു. 2015 ൽ ഇന്ത്യയെ ഏകദിന ലോകകപ്പ് ചരിത്രത്തിൽ ആദ്യ അൺബീറ്റൺ ഗ്രൂപ്പ് റണ്ണിലൂടെ സെമിയിലെത്തിച്ചു. അതിനിടയിൽ 2010,16,18 ഏഷ്യ കപ്പ് കിരീടങ്ങൾ നേടി. 2019 ലോകകപ്പിൽ നായക ഭാരമില്ലാതെ വിരാടിന് കീഴിലിറങ്ങി ക്യാപ്റ്റൻ വിരാടിന്റെ കൂൾ ഡിസിഷൻ മേക്കറായി.

അന്ന് ന്യൂസിലാന്റിനെതിരെ മാഞ്ചസ്റ്ററിൽ നടന്ന സെമിയിൽ രോഹിതും രാഹുലും കോഹ്ലിയും ഒരു റൺസ് മാത്രമെടുത്ത് പവലിയനിലേക്ക് മടങ്ങിയപ്പോൾ സ്കോർ നാല് ഓവറിൽ അഞ്ച് റൺസിന് മൂന്ന് വിക്കറ്റ്. 92ന് 6 എന്ന അനിശ്ചിതത്തിൽ നിന്നും 2011നു സമാനമായി ജഡേജയുമായി ചേർന്ന് ധോണി ഒരു അത്യുജ്ജല പോരാട്ടത്തിനൊരുങ്ങി. അപ്പോൾ മാത്രം കളി ആദ്യമേ കൈപിടിയിലൊതുക്കിയെന്ന് കരുതിയ കെയ്ൻ വില്ല്യംസണും കിവി പടയും സമ്മർദ്ദത്തിലായി. ക്രീസിലുണ്ടെങ്കിൽ ഏത് നിമിഷവും കളി മാറ്റാനുള്ള കഴിവ് പ്രായവും നരയും കൂടിയെങ്കിലും എം എസ് ഡി യിൽ നിന്ന് കൈമോശം വന്നിട്ടിലെന്ന് അറിയാവുന്നത് കൊണ്ട് തന്നെയായിരുന്നു അത്.

ഏഴാം വിക്കറ്റിൽ ജഡേജയുമായുള്ള മികച്ച കൂട്ടുകെട്ടിന് ശേഷം ഭുവനേശ്വർ കുമാർ കൂട്ടിനെത്തി. 49-ാം ഓവറിലെ സ്പീഡ് റണ്ണിങ്ങിൽ ഗുപ്റ്റിലിൻ്റെ ഡയറക്റ്റ് ത്രോ സ്റ്റമ്പിൽ കൊണ്ട് മില്ലി സെക്കൻഡ് വ്യത്യാസത്തിൽ ധോണി പുറത്താകുമ്പോൾ ഇഗ്ലണ്ട് തേർഡ് അമ്പയർ റിച്ചാർഡ് നിരാശയാൽ അന്തം വിട്ട് നിന്നു. അവസാന ലോകകപ്പെന്ന നിലയിൽ ധോണി കപ്പ് നേടാൻ വ്യക്തിപരമായി താൻ ആഗ്രഹിച്ചിരുന്നെന്നും ക്രീസിലുണ്ടാകുമ്പോൾ 10 പന്തിൽ നിന്ന് 25 റൺസ് എന്നത് അയാൾക്ക് നേടാൻ കഴിയുന്നതേയുള്ളൂവെന്നുമാണ് റിച്ചാർഡ് പിന്നീട് ഇതിനോട് പ്രതികരിച്ചത്. ആ ലോകകപ്പിലെ തന്നെ ഏറ്റവും നിർണ്ണായകമായ നിമിഷമായിരുന്നുവത്. മില്ലി സെക്കന്റ് വ്യത്യാസത്തിൽ ആ പന്ത് സ്റ്റമ്പിൽ പതിക്കും മുമ്പ് ധോണി ക്രീസിലെത്തിയിരുന്നെങ്കിൽ ആ കളിയിലെയും തുടർന്നുള്ള ഫൈനലിലെയും റിസൾട്ട് മറ്റൊന്നാവുമായിരുന്നെന്ന് വിശ്വസിക്കുന്നവർ തന്നെയാണ് ഇന്ത്യക്കാരിന്നും. പരിഭവങ്ങളൊന്നുമില്ലാതെ സഹ കളിക്കാർക്കും ആരാധകർക്കും നന്ദി പറഞ്ഞു ധോണി അന്ന് പടിയിറങ്ങി.

2020ലെ സ്വാതന്ത്ര ദിനത്തിൽ 'ഇന്നേ ദിവസം 7:29 മുതൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ഞാൻ വിരമിക്കുന്നതായി കാണണ'മെന്ന് കാണികളോട് അഭ്യർത്ഥിച്ച്'അപ്രതീക്ഷിതമായി ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും പടിയിറങ്ങി. അപ്രതീക്ഷിതമായി വന്ന് ചരിത്രമായ ഒരു യുഗം അപ്രതീക്ഷിതമായി ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടു. ഏകദിനത്തിൽ നിന്നും വിരമിക്കുന്നതിന് ആറ് വർഷങ്ങൾക്ക് മുമ്പ് 2014ൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും ധോണി വിരമിച്ചിരുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചെങ്കിലും ചെന്നൈയിൽ ആരാധകരുടെ പ്രിയപ്പെട്ട തലയായി ധോണി തുടർന്നിരുന്നു. ചെന്നൈ ടീമിനൊപ്പം പത്ത് ഫൈനലുകൾ കളിച്ച് അതിൽ അഞ്ചു കിരീടം നേടി 'തല' ചെന്നൈയെ തലപ്പൊക്കത്തിൽ പ്രതിഷ്ഠിച്ചു . രണ്ട് ചാമ്പ്യൻസ് ട്രോഫി കിരീടം കൂടി സമ്മാനിച്ച് ധോണി ചെന്നൈ സൂപ്പർ കിങ്സിനെ ലോകത്തെ ഏറ്റവും സക്സസ്ഫുൾ ക്രിക്കറ്റ് ഫ്രാഞ്ചൈസിയാക്കി. 2016 ൽ കോഴ വിവാദത്തിൽ രണ്ട് വർഷത്തെ വിലക്കിൽ പെട്ടിരുന്നു ചെന്നൈ. പിന്നീട് സസ്പെൻഷൻ കഴിഞ്ഞെത്തിയ ടീമിനെ തൊട്ടടുത്ത സീസണിൽ തന്നെ കിരീടം ചൂടിച്ചു. 2020 ൽ ആദ്യമായി സെമി കാണാതെ ടീം പുറത്തായപ്പോൾ ധോണിയുടെ കാലം കഴിഞ്ഞുവെന്ന തിട്ടൂരങ്ങളെ വലിച്ച് കീറി തൊട്ടടുത്ത വർഷം വീണ്ടും കിരീടം നേടി മറുപടി നൽകി. 2022 ൽ ക്യാപ്റ്റൻ റോളിൽ ജഡേജ തളർന്നപ്പോൾ പാതി വഴിയിൽ തേര് ഏറ്റെടുത്തു. 2023 ൽ വീണ്ടും കിരീടം നേടി കൊടുത്തു. ശേഷം 2024 ൽ റുതുരാജ് ഗെയ്ക്വാദ് കീഴിൽ ബാറ്റെടുത്ത സമയത്തെല്ലാം മിന്നും പ്രകടനങ്ങൾ. അടുത്ത സീസണും ചെന്നൈക്ക് വേണ്ടി കളിക്കുമെന്ന് താരം സൂചന നൽകുമ്പോൾ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

ക്രിക്കറ്റിന് ഒട്ടും വളക്കൂറില്ലാത്ത റാഞ്ചിയിൽ നിന്നും പാൻ ഇന്ത്യ ക്രിക്കറ്റ് സ്റ്റാറിലേക്കുള്ള ഈ വളർച്ചയെല്ലാം പരമ്പാരാഗത സങ്കല്പ്പങ്ങളെ മാറ്റി എഴുതിയായിരിന്നു. എഡ്ജിൽ കൊണ്ടാലും സ്കോർ ബോർഡിൽ റൺ വീഴണമെന്നായിരുന്നു ധോണി പോളിസി, ഫൂട്ട് വർക്കുകളുടെയും ഫ്ലിക്കുകളുടെയും സാങ്കേതികത ഒരിക്കലും അദ്ദേഹം പിന്തുടർന്നിട്ടില്ല. എങ്കിൽ പോലും അത്തരം ഷോട്ടുകൾ ആയാസരഹിതമായും മനോഹരമായും കളിക്കാൻ താരത്തിനായി. വിക്കറ്റ് കീപ്പിങ്ങിലും പുതിയ ശൈലി കൊണ്ട് വന്നു. സ്റ്റമ്പ് എങ്ങനെ ഇളക്കുന്നുവെന്നല്ല, ബാറ്റർ മടങ്ങുന്നുവെന്ന് ഉറപ്പാക്കുകയായിരുന്നു ധോണി ശൈലി. ചിലപ്പോയെല്ലാം അയാൾ പന്തുമായി സ്റ്റമ്പിലേക്ക് ചാടും, ചിലർ ഗ്ലൗ ഊരാതെ ഒരൊറ്റ ഏറിൽ ബെയ്ൽസ് താഴെയിടും, ബാറ്റർ ക്രീസിലെത്തി ആലോചിക്കുന്നതിന് മുമ്പ് ഡിആർഎസിന് വിട്ട് ഔട്ട് വാങ്ങിക്കും. ഫീൽഡിൽ അപ്രതീക്ഷിതമായ നീക്കങ്ങൾ നടത്തും. ബൗളിങ്ങിൽ ആരും മുതിരാത്ത പരീക്ഷണങ്ങൾ നടത്തും. അവിടെ പന്ത് കയ്യിലെടുക്കാതെ തന്നെ ബാറ്റസ്മാനെ കുരുക്കാനുള്ള പന്തും പിച്ചും ധോണി ഒരുക്കും. വേണ്ടി വന്നാൽ ആങ്കർ ചെയ്തും ആവശ്യമായ സമയത്ത് ഫിനിഷർ റോളിലേക്ക് ഇറങ്ങിയും മാതൃക ക്യാപ്റ്റനാകും.

കൂറ്റനടിക്കാരനായ ഫിനിഷർ ബാറ്ററായി, ടാർഗറ്റ് ലക്ഷ്യമാക്കി നങ്കൂരമിടുന്ന ആങ്കറായി, വിക്കറ്റുകൾക്കിടയിലെ ഓട്ടക്കാരനായി, വിക്കറ്റിന് പിന്നിലെ വിക്കറ്റ് ടേക്കറായി, മികച്ച ക്യാപ്റ്റനായി,അസാധാരണ ക്രിക്കറ്ററായി നമ്മെ വിസ്മയിപ്പിച്ച ഇനി ആവർത്തിക്കാനിടയില്ലാത്ത എം എസ് ഡിക്ക്, ആരാധകരുടെ സ്വന്തം തലയ്ക്ക് പിറന്നാൾ ആശംസകൾ.

dot image
To advertise here,contact us
dot image