ബാഹുബലിക്ക് കർണനിലൂടെ തിരിച്ചു വരവ് നൽകിയ നാഗ് അശ്വിൻ ആര്?

കല്ക്കിയുടെ ഗംഭീര വിജയത്തിലൂടെ പ്രഭാസ് വീണ്ടും നഷ്ടപ്പെട്ടുപോയ തന്റെ താരമൂല്യം പിടിച്ചെടുത്തിരിക്കുകയാണ്

dot image

രാജമൗലിയുടെ 'ബാഹുബലി' രണ്ടാം ഭാഗത്തിന്റെ വിജയത്തിന് ശേഷം ബോക്സ് ഓഫീസില് തുടരെ പരാജയം ഏറ്റുവാങ്ങിയതിന്റെ പേരില് പ്രഭാസ് രൂക്ഷമായി വിമര്ശിക്കപ്പെട്ടിരുന്നു. സാഹോ, ആദിപുരുഷ്, രാധേശ്യാം തുടങ്ങിയ ചിത്രങ്ങളുടെ പരാജയമായതോടെ പ്രഭാസിന്റെ താരമ്യൂലമിടിഞ്ഞു. പ്രശാന്ത് നീലിന്റെ സലാറിലൂടെ പിന്നീട് ഒരു തിരിച്ചു വരവ് നടത്തിയെങ്കിലും അത്ര അങ്ങോട്ട് പോരാ എന്ന് തന്നെയായിരുന്നു ആരാധക പക്ഷം. കല്ക്കിയുടെ ഗംഭീര വിജയത്തിലൂടെ പ്രഭാസ് വീണ്ടും നഷ്ടപ്പെട്ടുപോയ തന്റെ താരമൂല്യം പിടിച്ചെടുത്തിരിക്കുകയാണ്. റിലീസ് ചെയ്ത ആദ്യ ദിവസം 180 കോടി നേടി തല ഉയത്തി നിൽക്കുന്ന പ്രഭാസിന്റെ കൈ പിടിച്ച് വിജയത്തിലേക്ക് എത്തിച്ചത് ചിത്രത്തിന്റെ സംവിധായകൻ നാഗ് അശ്വിനാണ്.

സിനിമാ പാരമ്പര്യം ഒന്നും ഇല്ലാത്ത ഒരു ഡോക്ടർ കുടുംബത്തിൽ നിന്നാണ് നാഗ് അശ്വിന്റെ രംഗപ്രവേശനം. ഡോക്ടര്മാരായ ജയറാമിന്റെയും ജയന്തി റെഡ്ഡിയുടെയും മകനായി 1986 ല് ഹൈദരാബാദിലാണ് ജനനം. സഹോദരി അച്ഛനമ്മമാരുടെ വഴി തന്നെ സ്വീകരിച്ചപ്പോള് സിനിമയായിരുന്നു നാഗിന്റെ സ്വപ്നം. മണിപ്പാലില് നിന്ന് മാസ് കമ്യൂണിക്കേഷനില് ബിരുദം നേടിയ നാഗിന്റെ സിനിമാ ആഗ്രഹങ്ങള്ക്ക് അച്ഛനമ്മമാര് എതിര് നിന്നില്ല. ന്യൂയോര്ക്ക് ഫിലിം അക്കാദമിയില് നിന്ന് ചലച്ചിത്ര സംവിധാനത്തിൽ ബിരുദം നേടി.

ഏഴ് വർഷം സഹസംവിധായകനായി നാഗ് അശ്വിൻ പ്രവർത്തിച്ചു. 'നേനു മീകു തെലുസാ' എന്ന ചിത്രത്തിലൂടെ അജയ് ശാസ്ത്രിയുടെ സഹസംവിധായകനായാണ് നാഗ് അശ്വിന്റെ ടോളിവുഡ് പ്രവേശം. പിന്നീട് തെലുങ്കിലെ പ്രമുഖ സംവിധായകന് ശേഖര് കമ്മുലയ്ക്കൊപ്പം ലീഡര്, ലൈഫ് ഈസ് ബ്യൂട്ടിഫുള് എന്നീ ചിത്രങ്ങളിൽ സംവിധാന സഹായിയായി പ്രവർത്തിച്ചു. ഈ ചിത്രങ്ങളിൽ ചെറിയ റോളില് ക്യാമറയ്ക്ക് മുന്നിലും നാഗ് അശ്വിന് എത്തിയിരുന്നു.

നാനിയെ നായകനാക്കി ഒരുക്കിയ 'കമിംഗ് ഓഫ് ഏജ് ഡ്രാമ യെവഡേ സുബ്രഹ്മണ്യ'ത്തിലൂടെ 2015 ലാണ് നാഗ് അശ്വിന്റെ സ്വതന്ത്ര സംവിധാന അരങ്ങേറ്റം. വലിയ വിജയം ഒന്നും ആയിരുന്നില്ല ചിത്രമെങ്കിലും ഭേദപ്പെട്ട പ്രതികരണങ്ങൾ ലഭിച്ചിരുന്നു സിനിമയ്ക്ക്. എന്നാൽ കാരിയറിലെ രണ്ടാം ചിത്രത്തിലൂടെ സംവിധായൻ നാഗ് അശ്വിൻ എന്ന പേര് അടയാളപ്പെടുത്തി. നടി സാവിത്രിയുടെ ജീവിതകഥ പറഞ്ഞ മഹാനടി ആയിരുന്നു ചിത്രം. നായകനായി ദുൽഖർ സൽമാനും നായികയായി കീർത്തി സുരേഷും എത്തിയ സിനിമ മലയാള പ്രേക്ഷകരിലും ശ്രദ്ധ നേടി.

2020ലാണ് ബ്രഹ്മാണ്ഡ ചിത്രം കൽക്കിയുടെ പ്രഖ്യാപനം നാഗ് നടത്തിയത്. 'കെ' എന്ന് മാത്രമായിരുന്നു പ്രഖ്യാപന സമയത്തെ സിനിമയുടെ പേര്. കൊവിഡ് പശ്ചാത്തലത്തില് നീണ്ടുപോയ സിനിമയുടെ ചിത്രീകരണം 2021 ജൂലൈയിലാണ് ആരംഭിച്ചത്. പിന്നീട് കാത്തിരിപ്പായിരുന്നു ചിത്രത്തിനായി. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും ആരാധകരെ പ്രതീക്ഷയുടെ ഉച്ചകോടിയിൽ എത്തിച്ചിരുന്നു. പ്രതീക്ഷകൾ ഒന്നും തെറ്റിക്കാതെ സിനിമ റിലീസ് ചെയ്തു. കണ്ടിറങ്ങിയവരെല്ലാം ഒറ്റ വാക്കിൽ പറഞ്ഞു ബ്രഹ്മാണ്ഡ ചിത്രമെന്ന്. അണുവിട മാറിയാൽ വികലമായി പോകാവുന്ന ഒരു കഥയെ വിജയിപ്പിച്ചതിൽ നല്ലൊരു പങ്കും ആ സംവിധായകന്റേതു മാത്രമാണ്.

അവതാര പിറവികൾക്ക് ബോക്സ് ഓഫീസിൽ വൻ വരവേൽപ്പ്; കൽക്കിയ്ക്ക് ആദ്യ ദിനം തന്നെ കോടികൾ

മഹാഭാരത യുദ്ധം നടന്ന് ആറായിരം വര്ഷങ്ങള്ക്ക് ശേഷമുള്ള ഇന്ത്യയാണ് അത്യന്തം ഭാവനാത്മകമായി നാഗ് അശ്വിന് പ്രേക്ഷകര്ക്കുമുന്നിലെത്തിച്ചിരിക്കുന്നത്. മഹാഭാരതകഥയുമായി പ്രത്യേകിച്ച് അശ്വത്ഥാമാവിന്റെ കഥയുമായി ബന്ധപ്പെടുത്തിയാണ് ചിത്രം മുന്നോട്ടുസഞ്ചരിക്കുന്നത്. അശ്വത്ഥാമാവുതന്നെയാണ് ചിത്രത്തിലെ മുഖ്യകഥാപാത്രവും. ഇന്ത്യന് സിനിമയില് ഇതുവരെ കണ്ടിട്ടുള്ളതില് വെച്ചേറ്റവും ടെക്നിക്കല് ബ്രില്ല്യൻസ് ഉപയോഗിച്ചാണ് സിനിമ എത്തിയിട്ടുള്ളത്. സിനിമയിൽ മലയാളി താരങ്ങളായ ശോഭനയും, ദുൽഖർ സൽമാനും അന്ന ബെന്നും വേഷമിട്ടിട്ടുമുണ്ട്.

dot image
To advertise here,contact us
dot image