'കാല'യിലെ രജനി തന്നയാണോ 'കൂലി'യിലും; തലൈവർ സ്റ്റൈൽ മടുപ്പിക്കുന്നുവോ ?

വേറിട്ട വേഷത്തിൽ തിയേറ്ററുകളിൽ കത്തി നിൽക്കുന്ന രജനിയെ കാണാൻ തന്നെയാണ് ആരാധകരും കാത്തിരിക്കുന്നത്

'കാല'യിലെ രജനി തന്നയാണോ 'കൂലി'യിലും; തലൈവർ  സ്റ്റൈൽ മടുപ്പിക്കുന്നുവോ ?
dot image

നായക സങ്കൽപ്പങ്ങൾ കൊടുംപിരി കൊണ്ട 70-കളുടെ കാലഘട്ടത്തിലായിരുന്നു അവയെ വകവെയ്ക്കാതെ ഒരു സൂപ്പർ സ്റ്റാറിന്റെ ഉദയം. ഇന്നയാൾ ഒരു ബ്രാൻഡ് ആണ്. ഏത് സംവിധായകനും അദ്ദേഹത്തെ വെച്ചൊരു സിനിമ എടുക്കാൻ ആഗ്രഹിക്കത്തക്കവണ്ണം ആ പേര് പ്രക്ഷകരുടെ ലഹരിയായി. രജനികാന്ത് എന്ന സൂപ്പർ സ്റ്റാറിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. പ്രായത്തെ വെല്ലുന്ന കഥാപാത്രങ്ങൾ അവതരിപ്പിച്ച് അന്നും ഇന്നും ബ്ലോക്ക് ബസ്റ്ററുകൾ തീർക്കുകയാണ് താരം.

അണിയറയിൽ രജിനികാന്തിന്റേതായി ഒരുങ്ങുന്നത് നിരവധി ചിത്രങ്ങളാണ്. ഒന്നിന് പുറകെ ഒന്നായി ലൊക്കേഷനുകളിൽ തിരക്കേറിയ ചിത്രീകരണത്തിലാണ് അദ്ദേഹം. സിനിമയോടുള്ള അടങ്ങാത്ത ഭ്രമം രജനികാന്ത് എന്ന സൂപ്പർ സ്റ്റാറിനെ ഇപ്പോഴും ലൈം ലൈറ്റിൽ നിർത്തുന്നുമുണ്ട്. ടി ജെ ജ്ഞാനവേലിന്റെ 'വേട്ടയ്യൻ' ചിത്രത്തിന്റെ സെറ്റിൽ നിന്ന് രജനികാന്ത് നേരെ പോയത് ലോകേഷ് കനകരാജിന്റെ 'കൂലിയുടെ ലൊക്കേഷനിലേക്കാണ്. തലൈവർ ലൊക്കേഷനിൽ ജോയിൻ ചെയ്തതിന്റെ ചിത്രം കഴിഞ്ഞ ദിവസം ലോകേഷ് തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഈ ഫോട്ടോ ഞൊടിയിടയിൽ വൈറലാവുകയും ചെയ്തു.

കൂലിയിലെ താരത്തിന്റെ 'ലുക്ക് ടെസ്റ്റ്' എന്നായിരുന്നു ലോകേഷ് പങ്കുവെച്ച ചിത്രത്തിന്റെ അടിക്കുറിപ്പ്. കൂടെ ജൂലൈയിൽ കൂലിയുടെ ചിത്രീകരണം ആരംഭിക്കുമെന്ന സൂചനയും. ലോകേഷ് പങ്കുവെച്ച ചിത്രത്തിൽ കറുപ്പണിഞ്ഞ് രുദ്രാക്ഷവും കറുത്ത കൂളിംഗ് ഗ്ലാസും ധരിച്ച് കണ്ണാടിയുടെ മുന്നിൽ നിൽക്കുന്ന രജനികാന്തിന്റെ സ്റ്റൈൽ പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. എന്നാൽ തലൈവരുടെ പുതിയ സ്റ്റൈൽ എല്ലാ രസികരെയും തൃപ്തിപ്പെടുത്തുന്നതായിരുന്നില്ല.

രജനികാന്ത്, കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ഷാരുഖ് ഖാൻ തുടങ്ങി ഇന്ത്യൻ സിനിമയിൽ ആരാധകരേറെയുള്ള സൂപ്പർ താരങ്ങളുടെ സിനിമ പ്രഖ്യാപിക്കുമ്പോൾ തന്നെ പ്രേക്ഷകർ കാത്തിരിക്കുന്നത്, ഏത് ലുക്കിലാകും താരം പ്രത്യക്ഷപ്പെടുക എന്നതാണ്. അതുകൊണ്ട് തന്നെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ ഹൈപ്പോടെ കൊടുക്കാനാണ് പല നിർമ്മാതാക്കളും ശ്രമിക്കാറുമുള്ളത്. എന്നാൽ കൂലിയുടെ കാര്യത്തിൽ രജനിയുടെ ലുക്കിന്റെ കാര്യത്തിൽ ആരാധകരിൽ കുറച്ച് പേരെങ്കിലും ആശാങ്കാകുലരാണ്.

കഴിഞ്ഞ ദിവസം വൈറലായ രജനികാന്തിന്റെ കൂലിയിലെ ലുക്കിന് ഒരു പുതുമയും തോന്നുന്നില്ല എന്നാണ് സമൂഹമാധ്യമങ്ങൾ അടക്കം അഭിപ്രായപ്പെടുന്നത്. ലുക്ക് ടെസ്റ്റിലെ ചിത്രം ഇതിന് മുന്നേയുള്ള രജനികാന്തിന്റെ പല സിനിമകളെയും ഓർമ്മിപ്പിക്കുന്നു എന്നതാണ് അതിനുള്ള ആദ്യത്തെ കാരണം. പാ രഞ്ജിത്തിന്റെ സംവിധാനത്തിൽ 2018 ൽ പുറത്തിറങ്ങിയ 'കാല' എന്ന ചിത്രത്തിലെ രജനിയുടെ കഥാപത്രത്തിന്റെ ലുക്കിനോട് ഏകദേശം സാമ്യം പുലർത്തുന്നതാണ് ലോകേഷ് പങ്കുവെച്ചിരിക്കുന്ന ചിത്രവും എന്നാണ് അഭിപ്രയം.

'കാല' മാത്രമല്ല 'പേട്ട', 'അണ്ണാതെ', 'ജയ്ലർ', 'കബാലി' തുടങ്ങി എല്ലാ തലൈവർ സിനിമകളിലെയും കഥാപാത്രങ്ങളോട് ചേർന്ന് നിൽക്കുന്നതാണ് പുതു ചിത്രത്തിലെ ലുക്കെന്നും പ്രതികരണങ്ങളെത്തുന്നുണ്ട്. എന്നാൽ എപ്പോഴും സസ്പെൻസും സർപ്രൈസുകളും നൽകുന്ന ലോകേഷ് ഇത്തവണ രജനി ആരാധകരെയും നിരാശപ്പെടുത്തില്ല എന്ന പ്രതിക്ഷയും പങ്കുവെയ്ക്കുന്നുണ്ട്.

മാസ് കാ ബാപ്, ബോളിവുഡിന്റെ താര രാജാവ്; മൂന്ന് പതിറ്റാണ്ടെന്ന ഷാരൂഖ് യുഗം

രജനികാന്തിന്റെ സ്റ്റൈലും സ്വാഗും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും താരത്തിന്റെ വില്ലൻ ഭാവങ്ങൾ വീണ്ടും കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നതായും ലോകേഷ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. വേറിട്ട വേഷത്തിൽ തിയേറ്ററുകളിൽ കത്തി നിൽക്കുന്ന രജനിയെ കാണാൻ തന്നെയാണ് ആരാധകരും കാത്തിരിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us