ഫ്രഞ്ച് ഫുട്ബോളിന്റെ രക്ഷാകവചം; എക്കാലത്തെയും മികച്ച ഡിഫൻസീവ് മിഡ്

85-ാം മിനിറ്റിൽ പാട്രിക് വിമ്മറുടെ ആ ഷോട്ട് അയാൾ പ്രതിരോധിച്ചു

dot image

എൻഗോളോ കാന്റെ. യൂറോ കപ്പിനുള്ള ഫ്രാൻസ് ടീമിൽ പരിശീലകൻ ദിദിയർ ദെഷാം ധൈര്യപൂർവ്വം തിരികെ വിളിച്ച താരം. 33കാരനായ കാന്റെ രണ്ട് വർഷമായി ഫ്രാൻസ് ടീമിലില്ല. 2022ൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയിൽ എത്തിയപ്പോൾ അയാൾക്ക് പരിക്കേറ്റു. സീസണിലെ ഭൂരിഭാഗം മത്സരങ്ങളും ലോകകപ്പും നഷ്ടമായി. 2023ൽ യൂറോപ്പ് വിട്ട് സൗദി അറേബ്യയിലേക്ക്. അഞ്ചാം സ്ഥാനക്കാരായ അൽ ഇത്തിഹാദിനൊപ്പം 44 മത്സരങ്ങൾ.

733 ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഫ്രഞ്ച് ടീമിലേക്ക് തിരിച്ചുവന്നു. യൂറോകപ്പിൽ ഓസ്ട്രിയയ്ക്കെതിരായ ആദ്യ മത്സരത്തിൽ മാൻ ഓഫ് ദ് മാച്ച്. 85-ാം മിനിറ്റിൽ പാട്രിക് വിമ്മറുടെ ആ ഷോട്ട് അയാൾ പ്രതിരോധിച്ചു. മത്സരഫലം ഫ്രഞ്ച് സംഘത്തിന് അനുകൂലമാക്കിയ നിമിഷം. 'കളിക്കളത്തിൽ അയാൾ നടത്തിയ പ്രകടനം നോക്കൂ. ഫ്രഞ്ച് ടീമിൽ കാന്റെയെ തിരിച്ചുവിളിച്ച തന്റെ തീരുമാനം ശരിയല്ലേ', ഫ്രാൻസ് പരിശീലകൻ ചോദിക്കുന്നു.

കൗമാരക്കാലത്ത് കളിച്ചിരുന്ന കാന്റെ. 20 വർഷത്തിന് ശേഷവും അയാളുടെ വേഗതയിൽ മാറ്റമില്ല. അയാളെ മറികടന്ന് ഒരു പന്തും പോകില്ല. അപൂർവ്വമായേ പന്ത് കാന്റെയുടെ കാലുകളിൽ നിന്ന് നഷ്ടമാകാറുള്ളു. എല്ലായിപ്പോഴും പന്തിനായി ഓടിക്കൊണ്ടിരിക്കും. കാന്റെയുടെ പ്രകടനം കണ്ട് ഫുട്ബോൾ ഫെഡറേഷനുകൾ വിസ്മയിച്ചിട്ടുണ്ട്. പലതവണ ഉത്തേജക പരിശോധനയ്ക്ക് വിധേയനാക്കി. അതിലൊന്നും അയാൾക്കൊരു പരാതിയുമില്ല. കളത്തിന് പുറത്ത് വിനീതനും മാന്യനുമായ താരം. ആർക്കും അയാളുടെ സ്വഭാവത്തിൽ ഒരു പ്രതിഷേധവുമില്ല.

ദുബെയുടെ പ്രകടനത്തില് അതൃപ്തി?; മാറ്റത്തിന് സാധ്യത

പ്രതിരോധത്തിലും സാങ്കേതികത്വത്തിലും ഒരുപോലെ മികച്ചുനിൽക്കുന്ന താരം. ഓസ്ട്രിയയ്ക്കെതിരെ 89-ാം മിനിറ്റിൽ പരിക്കേൽക്കുമ്പോൾ ഫ്രഞ്ച് നായകൻ എംബാപ്പെ തന്റെ ക്യാപ്റ്റൻ ആം ബാൻഡ് കാന്റെയ്ക്ക് നൽകി. നെതർലൻഡ്സിനെതിരായ സമനിലപ്പോരിലും കാന്റെ തന്നെ മാൻ ഓഫ് ദ മാച്ച്. ആദ്യമായി അയാൾ അത് ധരിച്ച് പന്ത് തട്ടി. എക്കാലവും ഫ്രഞ്ച് ടീമിനെ സംരക്ഷിക്കുന്ന രക്ഷാകവചം. എക്കാലത്തെയും മികച്ച ഡിഫൻസീവ് മിഡ് താരങ്ങളിൽ ആ പേര് ഉയർന്ന് നിൽക്കും. എൻഗോളോ കാന്റെ.

dot image
To advertise here,contact us
dot image