സൈഡ് റോളിൽ പോലും നിർത്താൻ കഴിയില്ലെന്ന് പറഞ്ഞവരെ കൊണ്ട് മക്കൾ സെൽവനെന്ന് വിളിപ്പിച്ച സേതുപതി; മഹാരാജ

ഒരു ഫ്രെയ്മിൽ സൈഡിൽ നിർത്താൻ പോലും കൊള്ളില്ല എന്ന് പരിഹസിച്ചവരെ വിജയ് സേതുപതി സൂപ്പർ താരങ്ങളെക്കൊണ്ട് സാധിക്കാത്തതും സാധിച്ചു കാണിച്ചു കൊടുത്തപ്പോൾ തമിഴ് മക്കൾ അയാളെ മക്കൾ സെൽവനാക്കി

dot image

2010 ഡിസംബർ 23, കാർത്തിക് സുബ്ബരാജ് എന്ന തമിഴ് സിനിമ ഇൻഡസ്ട്രിയിലെ പ്രോമിസിങ് ഡയറക്ടർ ഇങ്ങനെ കുറിച്ചു, 'തെന്മേർക്ക് പരുവാക്കാട്ര് എന്ന് സിനിമ റിലീസ് ചെയ്യാൻ പോവുകയാണ്. വിജയ് സേതുപതിയെ സിനിമയിൽ നായകനായി കാണാൻ കഴിയുന്നതിൽ സന്തോഷം, അഭിമാനം...', പോസ്റ്റിന് പിന്നാലെ കാർത്തിക്കിന് വന്ന കമന്റുകളെല്ലാം, ആരാണ് ഈ വിജയ് സേതുപതി എന്നായിരുന്നു. ആ ചോദ്യങ്ങൾക്ക് കാർത്തിക്കിന്റെ ഒരേയൊരു മറുപടി, 'വിജയ് സേതുപതി ആരാണെന്ന് നിങ്ങൾ വൈകാതെ അറിയും.....

കാർത്തിക്കിന്റെ പ്രവചനം അണുവിട പിഴച്ചില്ല... ഒരു ഫ്രെയ്മിൽ സൈഡിൽ നിർത്താൻ പോലും കൊള്ളില്ല എന്ന് പരിഹസിച്ചവരെ വിജയ് സേതുപതി സൂപ്പർ താരങ്ങളെക്കൊണ്ട് സാധിക്കാത്തതും സാധിച്ചു കാണിച്ചു കൊടുത്തപ്പോൾ തമിഴ് മക്കൾ അയാളെ മക്കൾ സെൽവനാക്കി.

നിരവധി കലാകാരന്മാരെ വാർത്തെടുത്ത നാടക ട്രൂപ്പായ കൂത്ത് പട്ടരിൽ നിന്ന് തന്നെയായിരുന്നു വിജയ് സേതുപതിയുടെയും തുടക്കം. നായകന്റെ കൂട്ടുകാരനായും സെഡ് റോളുകളും ചെയ്ത വിജയ് സീരീസുകളിലും ഷോർട്ട് ഫിലിമുകളിലും ഭാഗമായി. 2006-ൽ പുറത്തിറങ്ങിയ പുതുപ്പേട്ടയിൽ ധനുഷിന്റെ സുഹൃത്തിന്റെ റോളിലും വെണ്ണിലാ കബഡി കുഴു, നാൻ മഹാൻ അല്ലെ, അഘാഡാ തുടങ്ങിയ സിനിമകളിൽ ശ്രദ്ധിക്കപ്പെടാത്ത റോളുകൾ ചെയ്തതിന് ശേഷമാണ് 2010-ൽ തെന്മേർക്ക് പരുവാക്കാട്ര് എന്ന ചിത്രത്തിൽ നായകനാകുന്നത്. അതുകൊണ്ട് തന്നെ ഇങ്ങനൊരു വിജയ് സേതുപതി എന്ന് പറഞ്ഞാൽ ഓർത്തുവെയ്ക്കാൻ പോലും ആർക്കും സാധിക്കുമായിരുന്നില്ല.

സൂപ്പർ താര പദവിയിലേക്ക് പല പുതുമുഖങ്ങളും കൊതിച്ചപ്പോൾ മികച്ച കഥാപാത്രങ്ങളുടെ പുറകേ പോയ വിജയ് ത്രില്ലർ സിനിമയായ പിസയിൽ നായകനാകുന്നു. പിസ ജനപ്രീതി നേടിയതോടെ വിജയ് സേതുപതി തമിഴ് സിനിമയുടെ ഭാഗ്യ നായകനായി മാറുകയായിരുന്നു. പിസയിലെ ഒറ്റ അഭിനയം തമിഴ് സൂപ്പർ താരങ്ങൾക്കൊപ്പം മികച്ച നടനായുള്ള മത്സരത്തിൽ വരെ എത്തിച്ചു. 2014ൽ റമ്മി, 2015-ൽ ഓറഞ്ച് മിട്ടായി, നാനും റൗഡി താൻ, കാതലും കടന്തു പോകും, ധർമ്മ ദുരൈ, ആണ്ടവൻ കട്ടളൈ തുടങ്ങിയ സിനിമകളിൽ നായക വേഷങ്ങളിൽ ശ്രദ്ധേയനായെങ്കിലും വിജയ് സേതുപതിയുടെ റെയ്ഞ്ച് മാറ്റിയത് വിക്രം വേദയുടെ വരവോടു കൂടിയായിരുന്നു.

ലൈറ്റ് കഥാപാത്രങ്ങളേക്കാൾ തനിക്ക് ചേരുന്നത് ആഴമുള്ള കഥാപാത്രങ്ങളാണ് എന്നും അതു ഭംഗിയായി വൃത്തിയായി ചെയ്യാൻ പറ്റുമെന്നും വിജയ് തെളിയിച്ചു. ഒരു നായകന് ശരീരം ഒരു തടസമല്ലെന്ന് 96 സിനിമയിലൂടെ പറയാതെ പറഞ്ഞപ്പോൾ തന്റെ മകൻ റാസ് കുട്ടിയെ ചേർത്തു പിടിച്ചുകൊണ്ട് തന്റെ സ്വത്തത്തെ ധൈര്യപൂർവം പുറത്ത് കാണിക്കുന്ന മാണിക്യത്തിനെ തമിഴ് പ്രേക്ഷകരല്ല നമ്മൾ മലയാളികളും അത്ര വേഗം മറക്കില്ല. വിജയ സിനിമകൾക്കിടെ ഫ്ലോപ്പ് സിനിമകളുടെ എണ്ണവും നിരവധിയാണ്. പക്ഷെ വിജയ് സേതുപതി അഭിനയിച്ചുകൊണ്ടേയിരുന്നു.

പിന്നീട് വില്ലനിസത്തിന്റെ എക്സ്ട്രീം കോർ പുറത്തെടുത്ത ചിത്രങ്ങൾ, ലോകേഷ് കനകരാജിന്റെ മാസ്റ്ററിലെ ഭവാനിയായി, വിടുതലൈയിലെ റിബൽ പെരുമാൾ വാത്തിയാർ, വിക്രമിലെ ലോകേഷ് അഴിച്ചുവിട്ട സന്താനമായി.. അങ്ങനെ പ്രേക്ഷകനെ ഞെട്ടിക്കുന്ന കഥാപാത്രങ്ങൾ. സിനിമകളെല്ലാം സൂപ്പർ ഹിറ്റുകൾ. അത്തരത്തിൽ അഭിനയ വൈവിധ്യം കൊണ്ട് തന്നിലെ കലാകാരനെ അടയാളപ്പെടുത്തിയ ഇടത്തേക്കാണ് മഹാരാജ എന്ന ചിത്രവും എത്തിപ്പെട്ടിരിക്കുന്നത്. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകർക്ക് പറയാനുള്ളത്, ഗംഭീരം, ഭീകരം, വേറെ ലെവൽ. കഥപാത്രങ്ങൾക്കായി ജീവിക്കുന്ന ഒരു നടനിൽ നിന്ന് ഇതല്ല ഇതുക്കും മേലെ എന്ന് തമിഴകത്തിന്റെ മക്കൾ സെൽവൻ ദേ കാണിച്ചു തരുകയാണ്.

dot image
To advertise here,contact us
dot image