ജൂലിയന് നാഗല്സ്മാന്; ജർമ്മന് പടയോട്ടത്തിന്റെ ചാണക്യന്

ജര്മ്മന് ദേശീയ ഫുട്ബോള് ടീമിനെ പരിശീലിപ്പിക്കുകയെന്ന വലിയ ഉത്തരവാദിത്തം തേടിയെത്തുമ്പോള് നാഗല്സ്മാന് 36 വയസ്സ് തികഞ്ഞിരുന്നില്ല

dot image

കോച്ചിന് പ്രായം 36, കളിക്കാരന് വയസ്സ് 38.
ഇന്നലെ ജര്മ്മനി സ്കോട്ലന്ഡിനെതിരെ കളിച്ചപ്പോള് കളി പറഞ്ഞ് കൊടുക്കുന്ന ജര്മ്മന് കോച്ച് ജൂലിയന് നാഗല്സ്മാന് പ്രായം 36 വയസ്. കോച്ച് പറയുന്നത് കേട്ട് കളിക്കേണ്ട ഗോളി മാനുവല് ന്യൂയറിന് പ്രായം 38 വയസ്. പരിശീലകന് കളിക്കാരനേക്കാള് രണ്ട് വയസ് ചെറുപ്പം. ഫുട്ബോളിന് ഇങ്ങനെയുമൊരു സൗന്ദര്യമുണ്ട്.

1987 ജൂലൈ 23ന് ജര്മ്മനിയിലെ ബവേറിയയിലാണ് നഗല്സ്മാന്റെ ജനനം. മധ്യവര്ഗ കുടുംബമായിരുന്നിട്ടുപോലും അച്ഛന്റെ പെട്ടെന്നുള്ള മരണം നാഗല്സ്മാനില് ഉത്തരവാദിത്തങ്ങള് ഏല്പ്പിച്ചു. പ്രൊഫഷണല് ഫുട്ബോളറായി തുടരാനായിരുന്നു താല്പ്പര്യമെങ്കിലും കാല്മുട്ടിനേറ്റ പരിക്ക് തിരിച്ചടിയായി. പിന്നീട് 21-ാം വയസ്സില് കളിക്കളത്തില് നിന്ന് വിരമിക്കുന്നു.

ബിസിനസ് അഡ്മിനിസ്ട്രേഷനും സ്പോര്ട്സ് സയന്സുമെല്ലാം പഠിച്ചെങ്കിലും നാഗല്സ്മാന് തിരിച്ച് ഫുട്ബോളിലേക്ക് തന്നെയെത്തി. 25-ാം വയസ്സില് ജര്മ്മന് ക്ലബ്ബായ ഹൊഫിന്ഹേമിന്റെ സഹപരിശീലകനായായിരുന്നു നാഗല്സ്മാന്റെ രണ്ടാം വരവ്. പരിശീലക സ്ഥാനം ഏറ്റെടുക്കുമ്പോള് തരംതാഴ്ത്തല് ഭീഷണി നേരിട്ട് 17-ാം സ്ഥാനത്തായിരുന്നു ഹൊഫിന്ഹേം. ആദ്യ സീസണില് തന്നെ ക്ലബ്ബിന്റെ തരംതാഴ്ത്തല് ഒഴിവാക്കിയ നാഗല്സ്മാന് തൊട്ടടുത്ത സീസണില് ഹൊഫിന്ഹേമിനെ യൂറോപ്പ ലീഗിലെത്തിച്ചു.

അവിടെനിന്ന് ബയേണ് മ്യൂണിക്കിന്റെ തട്ടകത്തിലേക്ക്. 2021 ഏപ്രിലില് ബയേണിലെത്തിയെങ്കിലും 2023 മാര്ച്ചില് പടിയിറങ്ങേണ്ടി വന്നു. ബുണ്ടസ് ലീഗയില് ബൊറൂസ്യ ഡോര്ട്ട്മുണ്ടിനേക്കാള് ഒരു പോയിന്റ് മാത്രം പിന്നിലായി രണ്ടാം സ്ഥാനത്ത്, ചാമ്പ്യന്സ് ലീഗില് ബാഴ്സലോണയെയും ഇന്റര് മിലാനെയും പി എസ്ജിയെയും തോല്പ്പിച്ച് ക്വാര്ട്ടറില് മാഞ്ചസ്റ്റര് സിറ്റിയെ നേരിടാന് ടീം റെഡി. പുറത്താക്കുമ്പോള് നെഗള്സ്മാന്റെ ബയേണ് മ്യൂണികിന്റെ സ്ഥാനം അങ്ങനെയൊക്കെയായിരുന്നു.

ബയേണില് നിന്ന് പടിയിറങ്ങി ആറ് മാസം തികയുന്നതിന് മുന്പാണ് നാഗല്സ്മാന്റെ പുതിയ വഴിത്തിരിവ് സംഭവിക്കുന്നത്. ജര്മ്മന് ദേശീയ ഫുട്ബോള് ടീമിനെ പരിശീലിപ്പിക്കുകയെന്ന വലിയ ഉത്തരവാദിത്തം തേടിയെത്തുമ്പോള് നാഗല്സ്മാന് 36വയസ്സ് തികഞ്ഞിരുന്നില്ല. അങ്ങനെ ഒരു അന്താരാഷ്ട്ര മത്സരം പോലും കളിക്കാത്ത, ബയേണ് മ്യൂണിക്ക് പടിയടച്ച നാഗല്സ്മാന്, 10 വര്ഷമായി തകര്ന്ന് തരിപ്പണമായി ലോകഫുട്ബോളില് നിന്നുതന്നെ പതിയെ വിലാസം മാഞ്ഞുതുടങ്ങിയ ജര്മ്മന് ടീമിന്റെ മുഖ്യപരിശീലക സ്ഥാനം ഏറ്റെടുത്തു.

യൂറോ കപ്പിന്റെ ആദ്യ മത്സരത്തിന്റെ ഫൈനല് വിസിലിനൊപ്പം അലിയാന്സ് അരീനയില് മുഴങ്ങിയത് ആതിഥേയരായ ജര്മ്മനിയുടെ വിജയകാഹളമായിരുന്നു. 2014 ലോകകപ്പിനും 2017 കോണ്ഫെഡറേഷന് കപ്പ് വിജയത്തിനും ശേഷം ലോകഫുട്ബോളിലെ വിലാസം പോലും മാഞ്ഞുതുടങ്ങിയ ജര്മ്മന് പടയുടെ വിജയകാഹളം. ആര്ത്തിരമ്പിയ ജര്മ്മന് ആരാധകരെ സാക്ഷിനിര്ത്തി സ്കോട്ടിഷ് പടയെ ഒന്നിനെതിരെ അഞ്ച് ഗോളുകള്ക്ക് പറപ്പിച്ച് ഗംഭീര തിരിച്ചുവരവ്.

ജര്മ്മനിയുടെ അവിശ്വസനീയ വിജയത്തിനും തിരിച്ചുവരവിനും പിന്നില് പ്രവര്ത്തിച്ച 36കാരന് കോച്ചിനെയും ഫുട്ബോള് ലോകം വാഴ്ത്തിപ്പാടി. യൂറോ കപ്പിലെ ആദ്യ മത്സരത്തില് തന്നെ ജര്മ്മന് പടയുടെ വരവ് രാജകീയമാക്കിയ നാഗല്സ്മാന് മാസ്റ്റര് മൈന്ഡിനായി ഇനിയും കാത്തിരിക്കാം....

dot image
To advertise here,contact us
dot image