
2023 ജൂലൈ അഞ്ച്. തിലക് വര്മ്മയെന്ന ഹൈദാരാബാദുകാരന് ഏറെ സന്തോഷിച്ച ദിവസം. വെസ്റ്റ് ഇന്ഡീസില് നടക്കുന്ന ട്വന്റി 20 ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നു. ഇതാദ്യമായി തിലക് വര്മ്മയെ ഇന്ത്യന് ടീമിലേക്ക് വിളിച്ചു. ഐപിഎല്ലില് മുംബൈ ഇന്ത്യന്സിനായി നടത്തിയ പ്രകടനമാണ് നിര്ണായകമായത്. 10 വര്ഷത്തോളം നടത്തിയ കഠിനാദ്ധ്വനത്തിന് ഫലം ലഭിച്ചിരിക്കുന്നു. ഒരിക്കലും എളുപ്പമായിരുന്നില്ല തിലക് വര്മ്മയുടെ ക്രിക്കറ്റ് യാത്ര.
2011ല് ടെന്നിസ് പന്തില് ക്രിക്കറ്റ് കളിച്ചിരുന്ന ഒരു പയ്യന്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബത്തിലെ അംഗം. ദിവസവും 50 കിലോ മീറ്റര് സഞ്ചരിച്ച് ക്രിക്കറ്റ് പരിശീലനത്തിനെത്തണം. പുലര്ച്ചെ മുതല് സന്ധ്യ വരെ നീളുന്ന പരിശീലനം. ആരോഗ്യ സ്ഥിതി തകര്ക്കുന്ന യാത്രകള്. പക്ഷേ അതൊന്നും അയാളുടെ ലക്ഷ്യത്തിന് തടസമായിരുന്നില്ല.
Tilak Varma की जब आलोचना करो तभी इसका बल्ला बोलता है।#TilakVarma #IPL #SRHvsMI pic.twitter.com/kyV2ceIUho
— Manoj Tiwari (@ManojTiwariIND) March 27, 2024
ഇന്ത്യന് ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനം ഐപിഎല്ലില് എത്തിച്ചു. 2022ല് മുംബൈ ഇന്ത്യന്സിന്റെ ഭാഗമായി. രോഹിത് ശര്മ്മയും സൂര്യകുമാര് യാദവും ഇഷാന് കിഷനുമുള്പ്പെടുന്ന ശക്തമായ ബാറ്റിംഗ് നിരയില് തിലക് സാന്നിധ്യം അറിയിച്ചു.
ഇത്തവണ മുംബൈ ഇന്ത്യന്സ് ഏറ്റവും മോശം സീസണിലൂടെ കടന്നുപോകുമ്പോഴും തിലകിന്റെ പ്രകടനം വേറിട്ട് നില്ക്കുന്നു. പലമത്സരങ്ങളിലും വിജയത്തിനായി അയാള് ഒറ്റയ്ക്ക് പോരാടി. ആരുടെയും പിന്തുണയില്ലാതെ വന്നപ്പോള് വിജയത്തിന് തൊട്ടരികില് പല മത്സരങ്ങളും കൈവിട്ടു. പക്ഷേ മുംബൈ ഇന്ത്യന്സിന് ആശ്വസിക്കാം. ഇപ്പോഴും ഏറ്റവും മികച്ച താരങ്ങള് ആ ടീമിലുണ്ട്. അടുത്ത സീസണില് തിരിച്ചവരവിനുള്ള സാധ്യതകള് ആ ടീമിനുള്ളില് തന്നെയുണ്ട്. അതിലൊരാളാണ് തിലക് വര്മ്മ.