
2022ൽ ട്വന്റി 20 ലോകകപ്പ് നടക്കുന്ന സമയം. സിഡ്നിയിൽ കൃഷ്ണ കുമാർ എന്നൊരാൾ തന്റെ മകനായി ഒരു അപാർട്ട്മെന്റിൽ കാത്തിരിക്കുകയാണ്. നെതർലാന്റ്സിനെതിരെ ഇന്ത്യൻ കുപ്പായത്തിൽ കളത്തിലിറങ്ങാൻ തയ്യാറെടുക്കുയാണ് അയാളുടെ മകൻ. 37കാരനായ ആ താരം ഇന്ത്യൻ ടീമിൽ മടങ്ങിയെത്തിയത് തന്നെ അത്ഭുതമായിരുന്നു. 2023ലെ ഏകദിന ലോകകപ്പ് കളിക്കുകയെന്നതാണ് അടുത്ത ലക്ഷ്യം. അങ്ങനെ സംഭവിച്ചില്ലെങ്കിലും നിരാശയില്ല.
സമീപകാലത്തൊന്നും ഇത്ര മികച്ച ഒരു തിരിച്ചുവരവ് ഇന്ത്യൻ ക്രിക്കറ്റ് കണ്ടിട്ടുണ്ടാവില്ല. അയാളുടെ കരിയറിന്റെ തുടക്കം മുതൽ അത്രമേൽ മികച്ച തിരിച്ചുവരവുകൾ ഉണ്ടായിരുന്നു. ഒരു അദ്ധ്യാപകനായ കൃഷ്ണ കുമാർ തന്റെ മകനെ ക്രിക്കറ്റ് താരമാക്കാൻ ആഗ്രഹിച്ചു. കുവൈറ്റിൽ ജോലി ചെയ്തിരുന്ന അയാൾ തന്റെ മകനെ ചെന്നൈയിലെ സഹോദരിയുടെ വീട്ടിലേക്ക് അയച്ചു.
അന്ന് 12 വയസ് മാത്രമുള്ള ആ ബാലന് ക്രിക്കറ്റിൽ അത്ര മികച്ച തുടക്കമല്ല ലഭിച്ചത്. അതിന് കാരണം കൃഷ്ണ കുമാർ കണ്ടെത്തി. തന്റെ മകനോട് പഠനത്തിൽ ശ്രദ്ധിക്കാൻ സഹോദരി ആവശ്യപ്പെട്ടിരിക്കുന്നു. ഇതോടെ ആ പിതാവ് മറ്റൊരു തീരുമാനമെടുത്തു. തന്റെ ഭാര്യയെ ഇന്ത്യയിലേക്ക് അയക്കുക. താൻ കുവൈറ്റിൽ തുടരുക.
ഏഴ് വർഷങ്ങൾ പിന്നിട്ടു. 19-ാം വയസിൽ ഇന്ത്യൻ ടെസ്റ്റ് ടീമിൽ അരങ്ങേറാൻ ആ താരം തയ്യാറെടുത്തു. പക്ഷേ അയാൾ മഹേന്ദ്ര സിംഗ് ധോണിയുടെ നിഴലിലേക്ക് ഒതുങ്ങി. റിഷഭ് പന്ത് ടീമിലെത്തിയപ്പോൾ അയാൾ കമന്ററി ബോക്സിലെത്തി. പക്ഷേ അവിടൊന്നും ആ കരിയർ അവസാനിച്ചില്ല.
ആ പിതാവ് പറയുന്നത് ഇങ്ങനെയാണ്. ഓരോ മനുഷ്യനെയും ദൈവം ഭൂമിയിലേക്ക് അയച്ചത് ഓരോ നിയോഗങ്ങളുമായാണ്. ധോണി തന്റെ മകന്റെ അവസരങ്ങൾ തടയുകയല്ല ചെയ്തത്. ഒരോ പ്രതിസന്ധിയിലും കഠിനാദ്ധ്വാനം ചെയ്യാനും ലഭിക്കുന്ന അവസരങ്ങൾ മുതലാക്കാനും പഠിപ്പിക്കുകയായിരുന്നു. ഇത്ര കാലമായിട്ടും തന്റെ മകൻ ആരെയും കുറ്റപ്പെടുത്തിയിട്ടില്ല. എല്ലാവരെയും പ്രശംസിക്കുക മാത്രമാണ് ചെയ്തത്. ആ താരമാണ് ദിനേശ് കാർത്തിക്ക്.
എത്ര തവണ ആ കരിയറിന് അവസാനമായെന്ന് കരുതിയതാണ്. എത്രയോ മത്സരങ്ങളിൽ മുൻ നിര തകർന്നപ്പോൾ അയാൾ രക്ഷയ്ക്കെത്തി. ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് കരുതിയിടത്ത് നിന്നും അയാൾ ബാറ്റിംഗ് വിസ്ഫോടനങ്ങൾ സൃഷ്ടിച്ചു. ഓരോ തവണ ടീമിന് പുറത്താക്കുമ്പോഴും കഠിനാദ്ധ്വാനം കൊണ്ട് തിരിച്ചുവന്നു. കരിയറിലെ അവസാന ടൂർണമെന്റ് എന്ന് പ്രഖ്യാപിച്ചാണ് ഇത്തവണ അയാൾ ഐപിഎല്ലിന് എത്തിയത്. പക്ഷേ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ പറയുന്നു. ഡി കെ നിങ്ങൾ ലോകകപ്പ് കളിക്കണം.
DINESH KARTHIK HIT 4 BOUNDARIES INTO THIRD MAN REGION IN A SINGLE OVER 🤯pic.twitter.com/Y336pPOgYT
— Johns. (@CricCrazyJohns) April 11, 2024
അയാളുടെ തീരുമാനത്തിന് മാറ്റം ഉണ്ടാകുമോയെന്ന് ആർക്കും പറയാൻ കഴിയില്ല. പക്ഷേ പറയാൻ കഴിയുന്ന ഒരു കാര്യമുണ്ട്. പ്രിയ ഡി കെ നിങ്ങൾ പ്രതീക്ഷയാണ്. ഓരോ തവണ തകരുമ്പോഴും തിരിച്ചുവരവ് സാധ്യമാണെന്നുള്ള പ്രതീക്ഷ.