ലഖ്നൗ ഒളിപ്പിച്ചുവെച്ച സ്വർണം; മായങ്ക് പേസിൽ വിറച്ച് ലോകോത്തര ബാറ്റിംഗ് നിര

ലോകക്രിക്കറ്റിനെ സ്പീഡുകൊണ്ട് വിസ്മയിപ്പിച്ചിട്ടുള്ള ബ്രെറ്റ് ലിയും ഡെയ്ല് സ്റ്റെയ്നും വിറച്ചു.

dot image

2021ല് വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂര്ണമെന്റിനായി ഡല്ഹിയും ഉത്തര് പ്രദേശും പരിശീലനം നടത്തുകയാണ്. ഇന്ത്യന് മുന് താരം വിജയ് ദഹിയയാണ് ഉത്തര്പ്രദേശിന്റെ പരിശീലകന്. ഡല്ഹിയ്ക്കായി നെറ്റ്സില് പന്തെറിഞ്ഞ ഒരു ബൗളര് വിജയ്യെ ഭയപ്പെടുത്തി. തുടര്ച്ചയായി വിജയ് ആ ബൗളറെ നിരീക്ഷിച്ചു. പിന്നെ താമസിച്ചില്ല. ഇന്ത്യന് പ്രീമിയര് ലീഗില് ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ സഹപരിശീലകന് കൂടിയാണ് വിജയ്. അന്നത്തെ ലഖ്നൗ ഡയറക്ടര് ഗൗതം ഗംഭീറിന്റെ അരികിലേക്ക് വിജയ് എത്തി. താന് ഡല്ഹിയിലൊരു ഫാസ്റ്റ് ബൗളറെ കണ്ടെന്നും ഉടന് നമ്മുടെ ടീമിലെത്തിക്കണമെന്നും വിജയ് ആവശ്യപ്പെട്ടു. 2022ലെ ഐപിഎല് താരലേലത്തില് ലക്നൗ ടീം 20 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്ക് ആ യുവതാരത്തെ സ്വന്തമാക്കി.

ഇത്തവണത്തെ ഐപിഎല്ലില് പഞ്ചാബ് കിംഗ്സിനെതിരെ ആ ഫാസ്റ്റ് ബൗളര്ക്ക് അരങ്ങേറ്റത്തിന് അവസരമൊരുങ്ങി. മത്സരത്തില് പഞ്ചാബ് വിജയത്തിലേക്ക് നീങ്ങുന്ന സമയം. ആ യുവതാരം പന്തെറിയാനെത്തി. അനായാസം റണ്സടിച്ചുകൊണ്ടിരുന്ന പഞ്ചാബ് താരം ജോണി ബെര്സ്റ്റോ ഒന്നു കുഴങ്ങി. ബൗളിംഗിന് സ്പീഡ് കൂടിവരുന്നതായി സംശയിച്ചു. അത് തിരിച്ചറിയും മുമ്പ് ബെര്സ്റ്റോ പുറത്തായി. പിന്നാലെ പ്രഭ്സിമ്രാന് സിംഗും ജിതേഷ് ശര്മ്മയും വീണു. അപ്പോഴേയ്ക്കും ലോകക്രിക്കറ്റിനെ സ്പീഡുകൊണ്ട് വിസ്മയിപ്പിച്ചിട്ടുള്ള ബ്രെറ്റ് ലിയും ഡെയ്ല് സ്റ്റെയ്നും വിറച്ചു. ഒരു 21കാരന്റെ ഫാസ്റ്റ് ബൗളിംഗില് ക്രിക്കറ്റ് ലോകം കുലുങ്ങി. ആ യുവതാരത്തിന്റെ പേരാണ് മായങ്ക് യാദവ്.

റോയല് ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെയും ആ പേസ് ബൗളിംഗിന്റെ ആക്രമണമുണ്ടായി. മണിക്കൂറില് 150 കിലോ മീറ്റര് വേഗതയില് വരുന്ന പന്ത്. ഗ്ലെന് മാക്സ്വെല്ലെന്ന വെടിക്കെട്ട് ബാറ്റര് പൂജ്യത്തിന് പുറത്തായി. കാമറൂണ് ഗ്രീന് പന്തു കാണാന് പോലും സാധിച്ചില്ല. അതിന് മുമ്പ് ഗ്രീനിന്റെ കുറ്റിതെറിച്ചു. പിന്നെ രജത് പാട്ടിദാറും മായങ്ക് യാദവിന് മുന്നില് കീഴടങ്ങി. പഞ്ചാബിനെതിരെ 155.8 കിലോ മീറ്റര് സ്പീഡിലായിരുന്നു മായങ്ക് ഒരു പന്ത് എറിഞ്ഞത്. സീസണിലെ ഏറ്റവും വേഗതയേറിയ പന്ത്. പിന്നാലെ റോയല് ചലഞ്ചേഴ്സിനെതിരെ മായങ്ക് സ്വന്തം റെക്കോര്ഡ് തിരുത്തി. ഇത്തവണ 156.7 കിലോ മീറ്റര് വേഗത്തിലായിരുന്നു പന്തെറിഞ്ഞത്.

ഇത്ര നാള് ഈ പേസ് വിസ്മയത്തെ ഒളിപ്പിച്ചുവെച്ചത് എന്തിനെന്നാണ് ലഖ്നൗ സൂപ്പര് ജയന്റ്സ് നേരിടുന്ന ചോദ്യം. പൊലീസ് വാഹനങ്ങള്ക്ക് ലൈറ്റുകളും സൈറണും നിര്മ്മിക്കുന്നതാണ് മായങ്ക് യാദവിന്റെ പിതാവ് പ്രഭു യാദവിന്റെ ജോലി. തന്റെ മകന് ക്രിക്കറ്റ് കളിക്കണമെന്ന് ആ പിതാവ് എപ്പോഴും ആഗ്രഹിച്ചിരുന്നു. മായങ്ക് ഒരു ഫാസ്റ്റ് ബൗളര് ആകണമെന്നാണ് പ്രഭു യാദവ് ആഗ്രഹിച്ചത്. കൃത്യമായ ഉറക്കം, ഭക്ഷണക്രമം, പരിശീലനം എന്നിവയിലൂടെ മായങ്ക് തന്റെ ബൗളിംഗ് കഴിവ് വളര്ത്തിയെടുത്തു. ഐപിഎല്ലില് രണ്ട് മത്സരങ്ങള് പിന്നിടുമ്പോള് അയാള് ഒരാഗ്രഹം തുറന്നുപറഞ്ഞു കഴിഞ്ഞു- 'ഇന്ത്യന് ടീമില് കളിക്കുക'. ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് ഷമിക്കും പിന്ഗാമികളെ തിരയുകയാണ് ഇന്ത്യന് ക്രിക്കറ്റ്. ലോകോത്തര ബാറ്റര്മാരെ വിറപ്പിക്കുന്ന 21കാരന് പറയുന്നു, 'എനിക്ക് അവസരം നല്കൂ ഇന്ത്യന് ക്രിക്കറ്റിനെ ഞാന് ഉയരങ്ങളിലെത്തിക്കാം' എന്ന്.

dot image
To advertise here,contact us
dot image