'തല'യായി റോക്കറ്റ് രാജ; സൂപ്പർ കിംഗ്സിന് റുതുരാജ് നായകൻ

2021ല് ചെന്നൈ സൂപ്പര് കിംഗ്സില് എത്തിയത് റുതുരാജിന്റെ ക്രിക്കറ്റ് കരിയറിലെ വഴിത്തിരിവായി.

dot image

ഒന്നര പതിറ്റാണ്ടുകാലം ചെന്നൈ സൂപ്പര് കിംഗ്സിന്റെ നായകനായിരുന്നു മഹേന്ദ്ര സിംഗ് ധോണി. ഇക്കാലയളവിൽ കഴിയാവുന്നതെല്ലാം ധോണി ചെന്നൈയ്ക്കായി നേടി നല്കി. അഞ്ച് കിരീടങ്ങള്, 12 തവണ പ്ലേ ഓഫിലെത്തിയ ടീം, അതില് 10 തവണയും ഫൈനല് കളിച്ചു. പ്രായം 40 പിന്നിടുമ്പോഴും ചെന്നൈ സൂപ്പർ കിംഗ്സിനെ ഐപിഎല്ലിൽ ചാമ്പ്യന്മാരാക്കിയിട്ടുണ്ട് ധോണി. മഹേന്ദ്ര ജാലത്തിന് ഇനിയെന്ത് ചരിത്രമാണ് ക്രിക്കറ്റ് ചരിത്രത്തിൽ എഴുതിച്ചേർക്കാനുള്ളത്. പക്ഷേ മഹേന്ദ്ര സിംഗ് ധോണിക്ക് ഒരു ദൗത്യം ബാക്കിയുണ്ട്. സുരക്ഷിത കരങ്ങളില് ചെന്നൈ സൂപ്പര് കിംഗ്സിനെ ഏല്പ്പിക്കുക. ചെന്നൈയെ ഏറ്റെടുക്കാൻ റുതുരാജ് യോഗ്യനോ?

മഹാരാഷ്ട്രയിലെ പൂനെ സ്വദേശിയാണ് റുതുരാജ് ഗെയ്ക്ക്വാദ്. റോക്കറ്റ് രാജയെന്നും റുതുരാജ് അറിയപ്പെടും. വെടിക്കെട്ട് ബാറ്റിംഗുകൊണ്ട് ലഭിച്ച പേരാണ് റോക്കറ്റ് രാജ. എന്നാൽ ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ ഉദിച്ച നക്ഷത്രമല്ല റുതുരാജിലെ താരം. കഴിവിനൊപ്പം കഠിനാദ്ധ്വാനം കൈമുതലാക്കിയ താരം. അതാണ് റുതുരാജ് ഗെയ്ക്ക്വാദിന്റെ പ്രത്യേകത. 2016-17 സീസണില് ഗെയ്ക്ക്വാദ് ഇന്ത്യന് ആഭ്യന്തര ക്രിക്കറ്റില് അരങ്ങേറ്റം കുറിച്ചു. ആ സീസണില് വിജയ് ഹസാരെ ട്രോഫിയില് റണ്വേട്ടയില് മൂന്നാമതെത്തി. ഓരോ സീസണിലും റണ്വാരിക്കൂട്ടി ആ യുവതാരം ആഭ്യന്തര ക്രിക്കറ്റില് സാന്നിധ്യം ഉറപ്പിച്ചു.

2021ല് ചെന്നൈ സൂപ്പര് കിംഗ്സില് എത്തിയത് റുതുരാജിന്റെ ക്രിക്കറ്റ് കരിയറിലെ വഴിത്തിരിവായി. സീസണില് 635 റണ്സുമായി തകര്പ്പന് പ്രകടനമാണ് താരം പുറത്തെടുത്തത്. ഇതോടെ ഭാവിയുടെ താരമെന്ന പ്രതീക്ഷകള് ഉയര്ന്നു. 2022ലെ ഐപിഎല്ലിലും ഗെയ്ക്ക്വാദ് വെടിക്കെട്ട് തുടര്ന്നു. 14 മത്സരങ്ങളിൽ നിന്ന് 368 റൺസാണ് താരം അടിച്ചുകൂട്ടിയത്. പിന്നാലെ ഇന്ത്യൻ ടീമിൽ നിന്നും വിളിയെത്തി.

2023ല് ഏഷ്യന് ഗെയിംസില് ഇന്ത്യന് ടീമിന്റെ നായകൻ റുതുരാജ് ആയിരുന്നു. യുവ ഇന്ത്യൻ ടീമിന് സുവർണത്തിളക്കം നേടിനൽകാൻ റുതുരാജിന് കഴിഞ്ഞു. ഇനി വലിയൊരു ഉത്തരവാദിത്തമാണ് യുവതാരം ചുമലിലേറ്റുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ടീമിന്റെ നായക സ്ഥാനം. അതും സാക്ഷാൽ മഹേന്ദ്ര സിംഗ് ധോണിക്ക് പിൻഗാമി. ചെന്നൈ സൂപ്പർ കിംഗ്സിന്റെ മാത്രമല്ല ഇന്ത്യൻ ക്രിക്കറ്റിന്റെ തന്നെ ശ്രദ്ധ ചെന്നൈയിലേക്ക് തിരിയും. രോഹിത് ശർമ്മ യുഗാന്ത്യം സംഭവിച്ചാൽ ഇന്ത്യൻ ടീമിന് പുതിയ നായകനെ വേണം. ആ മത്സരത്തിലേക്ക് റുതുരാജ് ഗെയ്ക്ക്വാദിനെയും സ്വാഗതം ചെയ്യുന്നു.

dot image
To advertise here,contact us
dot image