ക്രിക്കറ്റ് ചരിത്രത്തിൽ മുഴങ്ങിനിൽക്കുന്ന പേര്; സർ വിവിയൻ റിച്ചാർഡ്സിന് പിറന്നാൾ

റിച്ചാർഡ്സ് ക്രീസിൽ നടത്തിയിരുന്നത് ബൗളർമാരുടെ വിനാശവും ബാറ്റിംഗ് വിസ്ഫോടനവുമാണ്.

dot image

സർ വിവിയൻ റിച്ചാർഡ്സ്, ക്രിക്കറ്റ് എന്ന വിനോദം ഉള്ളിടത്തോളം കാലം ഈ പേര് ഇങ്ങനെ തന്നെ മുഴങ്ങിക്കൊണ്ടേയിരിക്കും. അടിച്ചുകൂട്ടിയ റൺസിന്റെ അടിസ്ഥാനത്തിൽ അല്ലെങ്കിൽ വെടിക്കെട്ട് ബാറ്റിംഗിന്റെയും സ്ഥിരതയാർന്ന പ്രകടനത്തിന്റെയും കണക്കെടുത്ത് റിച്ചാർഡ്സിനെക്കാൾ മികച്ചൊരു താരത്തെ നമ്മുക്ക് കണ്ടെത്താൻ കഴിയും. എന്നാൽ ബാറ്റുമായി ക്രീസിലേക്ക് വന്നിരുന്ന, ഏത് പേസ് നിരയെയും ഭയപ്പെടാതെ, ഹെൽമറ്റ് വെക്കാതെ, തന്റെ പ്രീയപ്പെട്ട തൊപ്പി മാത്രം ധരിച്ചെത്തിയ റിച്ചാർഡ്സിന് ഒരു പകരക്കാരനെ കണ്ടെത്താൻ സാധിക്കുകയില്ല.

ഒരോവറിൽ ഒരു ബൗൺസര് എന്ന നിയമം ഉണ്ടായിരുന്ന കാലത്തല്ല റിച്ചാർഡ്സ് ഹെൽമറ്റ് ധരിക്കാതെ എത്തിയത്. പകരം ബാറ്ററുടെ വിക്കറ്റെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ അയാളുടെ ശരീരത്തിന് നേരെ പന്തെറിഞ്ഞ് വീഴ്ത്തുന്ന ബോഡിലൈൻ ബൗളിംഗ് ഉണ്ടായിരുന്ന കാലത്താണ്. ആ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡ്സിന് ഇന്ന് 72 വയസ് തികയുകയാണ്.

എതിർ ടീം ആരാധകർക്കൊപ്പം വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന സമയത്താവും അയാൾ ബാറ്റുമായി ഇറങ്ങുന്നത്. പൊടുന്നനെ ഗ്രൗണ്ട് നിശബ്ദമാകും. കാരണം അത് അയാളുടെ വരവാണ്. ഒരു സാധാരണ താരത്തെപ്പോലെ ഗ്രൗണ്ടിൽ ബാറ്റുവെച്ച് രണ്ട് തവണ കുത്തും. പിന്നെ ഗാർഡ് ആവശ്യപ്പെടും. അതിന് ശേഷം ആദ്യ പന്ത് നേരിടാൻ സമ്മതം അറിയിച്ച് ബാറ്റ് നിലത്ത് കുത്തും.

സാഹചര്യം എന്താണെന്ന് റിച്ചാർഡ്സിന് അറിയേണ്ടതില്ല. ബാറ്റിംഗ് തകർച്ചയോ ബൗളിംഗിന് അനുകൂലമായ പിച്ചോ എന്നത് അയാളെ ആശങ്കപ്പെടുത്താറില്ല. ആ ഇതിഹാസത്തിന്റെ ബാറ്റിനടുത്ത് നിൽക്കാൻ ഫിൽഡർമാർ ഭയപ്പെട്ടിരുന്നുവെന്നതാണ് വസ്തുത. റിച്ചാർഡ്സ് ക്രീസിൽ നടത്തിയിരുന്നത് ബൗളർമാരുടെ വിനാശവും ബാറ്റിംഗ് വിസ്ഫോടനവുമാണ്. സ്വിംഗ് ആയാലും ലൈൻ ബോളായാലും കുത്തിതിരിയുന്ന സ്പിൻകെണി വന്നാലും റിച്ചാർഡ്സിന് ഒരുപോലെയാണ്. ബൗണ്ടറികൾക്ക് മുകളിലൂടെ അയാൾ പന്തിനെ അപ്രത്യക്ഷമാക്കും.

അയാളുടെ മുഖത്ത് ഒരൽപ്പം അഹങ്കാരം നിഴലിച്ചിരുന്നു. ഏതെങ്കിലുമൊരു ബൗളറുടെ പന്തുകൾ തന്റെ പ്രതിഭയെ ചോദ്യം ചെയ്യുന്നതായാൽ പിന്നെ അവ വിശ്രമിക്കുന്നത് ബൗണ്ടറിയിലായിരിക്കും. തനിക്ക് മുമ്പുള്ളവരിൽ ഡോൺ ബ്രാഡ്മാനുമായും പിന്നാലെ വന്നവരിൽ സച്ചിൻ തെണ്ടുൽക്കറുമായും റിച്ചാർഡ്സിനെ താരതമ്യപ്പെടുത്താൻ കഴിയും. എന്നാൽ ആരാണ് വലിയവൻ എന്ന ചോദ്യത്തിന് ക്രിക്കറ്റ് നിലനിൽക്കുന്ന കാലത്തോളം ഉത്തരമില്ല. അയാൾ ക്രീസ് വിട്ടതിന് ശേഷം വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ തിരിച്ചടികൾക്ക് തുടക്കമായതാണ്. കാലചക്രം കറങ്ങി വരുമെന്ന് അല്ലേ പറയുന്നത്. അത് സത്യമെങ്കിൽ അയാളുടെ പിൻഗാമി അയാളെക്കാൾ കരുത്തനായി പുഃനർജനിക്കുമെന്ന് ഉറപ്പാണ്.

dot image
To advertise here,contact us
dot image