അന്മല് ഖർബ്; ബാഡ്മിന്റൺ വേദിയിലെ ഭയമില്ലാത്ത 17കാരി

അന്താരാഷ്ട്ര ബാഡ്മിന്റൺ റാങ്കിങ്ങിൽ 472-ാം സ്ഥാനത്തായിരുന്നു ഇന്ത്യൻ താരം.

dot image

ഏഷ്യൻ ബാഡ്മിന്റൺ ടീം ചാമ്പ്യൻഷിപ്പിൽ ആദ്യമായി ഇന്ത്യൻ വനിതകൾ സുവർണ നേട്ടം ആഘോഷിച്ചു. സെമി ഫൈനലിലും ഫൈനലും ഇന്ത്യൻ വനിതകൾ കടുത്ത മത്സരമാണ് നേരിട്ടത്. സെമിയിൽ രണ്ട് മത്സരങ്ങൾ ഇന്ത്യയും രണ്ടിൽ ജപ്പാനും വിജയിച്ചു. ഫൈനലിൽ തായാലാൻഡിനെതിരെയും സമാന ഫലമാണ് ഉണ്ടായത്. ഇതോടെ അഞ്ചാമത്തെ ഗെയിം മത്സര വിധി നിർണ്ണയിക്കുന്നതായി. രണ്ട് തവണയും ഇന്ത്യയ്ക്ക് വിജയം നേടിത്തന്നത് ഒരു കൗമാരക്കാരിയാണ്. ഹരിയാനയിലെ ഫരീദാബാദ് സ്വദേശി അന്മല് ഖര്ബ് എന്ന 17കാരി.

2017ൽ അൻമലിന്റെ പിതാവ് ദേവേന്ദർ ഖർബും അയൽവാസികളും ചേർന്ന് താമസസ്ഥലത്തിന് അടുത്തായി ഒരു ബാഡ്മിന്റൺ കോർട്ട് നിർമ്മിച്ചു. അന്ന് മാത്രമാണ് അൻമൽ ബാഡ്മിന്റൺ എന്ന വിനോദത്തെപ്പറ്റി അറിഞ്ഞത്. തന്റെ മകന് വേണ്ടിയാണ് ദേവേന്ദർ കോർട്ട് നിർമ്മിച്ചത്. എന്നാൽ ബാഡ്മിന്റണിലേക്ക് ആകൃഷ്ടയായത് മകൾ അൻമൽ ആയിരുന്നു.

10 വയസ് മാത്രമുള്ള ഒരു കൊച്ചുകുട്ടിയായിരുന്നു അന്ന് അൻമൽ. പക്ഷേ തനിക്ക് ശേഷം മാത്രമെ മറ്റാരെയും ബാഡ്മിന്റൺ കളിക്കാൻ അവൾ അനുവദിച്ചിരുന്നുള്ളു. തന്റെ മകളുടെ ആവേശം കണ്ട ദേവേന്ദർ അൻമലിനെ ബാഡ്മിന്റൺ പരിശീലനത്തിന് അയച്ചു. 100 കണക്കിന് കുട്ടികളെ മറികടന്ന് അൻമൽ മുന്നോട്ട് നീങ്ങി.

അണ്ടർ 13, അണ്ടർ 15 ദേശീയ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്തപ്പോൾ തന്നെക്കാൾ രണ്ടോളം വയസ് കൂടുതൽ പ്രായമുള്ളവർക്കെതിരെ അൻമൽ മത്സരിച്ചു. അന്ന് ചാമ്പ്യൻഷിപ്പുകൾ നേടാൻ കഴിഞ്ഞില്ലെങ്കിലും അതൊന്നും ആ കൗമാരക്കാരിയെ നിരാശപ്പെടുത്തിയിരുന്നില്ല. 2021ൽ ആദ്യമായി അൻമൽ ദേശീയ ബാഡ്മിന്റൺ ചാമ്പ്യനായി. അണ്ടർ 15 വിഭാഗത്തിലായിരുന്നു കൗമാരതാരത്തിന്റെ വിജയം.

ഏഷ്യൻ ബാഡ്മിന്റൺ ടീം ചാമ്പ്യൻഷിപ്പിലാണ് അൻമോൽ ആദ്യമായി ഒരു അന്താരാഷ്ട്ര സീനിയർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. അന്താരാഷ്ട്ര ബാഡ്മിന്റൺ റാങ്കിങ്ങിൽ 472-ാം സ്ഥാനത്തായിരുന്നു ഇന്ത്യൻ താരം. ആദ്യ മത്സരത്തിൽ ലോകറാങ്കിങ്ങിൽ 142-ാം സ്ഥാനത്തുള്ള ചൈനീസ് താരം വു ലുവോ യുവിനെ അൻമോൽ തോൽപ്പിച്ചു. ക്വാർട്ടർ ഫൈനലിൽ ഹോങ്കോങ്ങിനെതിരെ കൗമാരതാരത്തിന് കളത്തിലിറങ്ങേണ്ടി വന്നില്ല. സെമിയിൽ 34-ാം റാങ്കിലുള്ള ജപ്പാന്റെ നാറ്റ്സുകി നിദൈരയെ തോൽപ്പിച്ചു. സുവർണനേട്ടത്തിനായി കലാശപ്പോരിൽ അൻമോലിന് നേരിടേണ്ടി വന്നത് തായ്ലാൻഡിന്റെ ലോക 45-ാം നമ്പര് താരമായ പോണ്പിച്ച ചൊയ്കീവങ്ങിനെയും ഇന്ത്യൻ താരം കീഴടക്കി.

ഒരു മത്സരത്തിന്റെ വിധി നിർണയിക്കുന്ന നിർണായക സമയത്താണ് അൽമോൻ കളത്തിലിറങ്ങിയത്. സാഹചര്യങ്ങളുടെ സമ്മർദ്ദമോ എതിരാളിയുടെ കരുത്തിനെയോ ഭയക്കാതെയുള്ള പോരാട്ടം. 'ബുദ്ധിയും കരുത്തും ഒരുപോലെ കളത്തിൽ പ്രകടിപ്പിക്കുന്ന താരം', അൽമോനെ ഇന്ത്യൻ ബാഡ്മിന്റൺ പരിശീലകൻ പുല്ലേല ഗോപീചന്ദ് ഇങ്ങനെ വിശേഷിപ്പിച്ചു. ആ റാക്കറ്റിന്റെ കരുത്ത് ലോകവേദികളിൽ ത്രിവർണ പതാക ഉയർത്തട്ടെ.

dot image
To advertise here,contact us
dot image