
'വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല. ഞാൻ മരിച്ചതായി നീയും നീ മരിച്ചതായി ഞാനും കരുതിക്കൊൾക. ചുംബിച്ച ചുണ്ടുകൾക്ക് വിടതരിക.'
മലയാളത്തിൽ പ്രണയത്തെയും വിരഹത്തെയും ഇത്രമേൽ വൈകാരികമായി അടയാളപ്പെടുത്തിയ മറ്റ് വരികളുണ്ടാവില്ല. പ്രണയമെന്നാൽ സ്വന്തമാക്കൽ മാത്രമല്ല വിട്ടുകൊടുക്കലിന്റേത് കൂടിയാണ് എന്ന് പറഞ്ഞു പഠിപ്പിച്ച വരികൾ... ഒരുതലമുറയുടെ ബാല്യവും കൗമാരവും യൗവനവും അടയാളപ്പെടുത്തിയ എഴുത്തുകൾ പി പത്മരാജന്റെതാണ്.
എഴുത്തുകാരനും ചലച്ചിത്രകാരനുമായി മലയാളികളുടെ ആസ്വാദക മനസ്സിനെ സ്വാധീനിച്ച പത്മരാജന്റെ ഓർമ്മ ദിവസമാണ് ഇന്ന്. മുപ്പത്തിമൂന്ന് വർഷങ്ങൾക്ക് മുമ്പ് ഇതേ ദിവസമാണ് ആ ഗന്ധർവ സാന്നിധ്യം മലയാളത്തെ വിട്ടുപോയത്. പാതി മുറിഞ്ഞുപോയ പ്രണയം പോലെ ആ നോവ് ഇന്നും ഒരു വേദനയാണ്.
'പ്രയാണ'ത്തിൽ തുടങ്ങിയ യാത്ര മലയാളികൾക്ക് മുന്നിൽ തുറന്നിട്ടത് വിസ്മയങ്ങളായിരുന്നു. സാഹിത്യവും സിനിമയും തമ്മിൽ അതിർവരമ്പുകളില്ലാത്ത കാലത്ത് അതിന്റെ ഭാഗമായതിന്റെ എല്ലാ നേട്ടവും ആവോളം ആസ്വദിച്ചയാളാണ് പി പത്മരാജൻ. കഥാകാരൻ, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, സംവിധായകൻ ഇങ്ങനെ വിശേഷങ്ങൾ ഏറെയാണ്.
ചാറ്റൽമഴയോടൊപ്പം മണ്ണിന്റെ മണവുമായി എത്തിയ മണ്ണാറത്തൊടി ജയകൃഷ്ണനും ക്ലാരയും രാധയും, ബൈബിൾ വചനത്തിലൂടെ പ്രണയം കൈമാറുന്ന സോളമനും സോഫിയും കാലങ്ങൾക്കിപ്പുറവും പ്രേക്ഷകമനസ്സിൽ ജീവിക്കുകയാണ്. നിമ്മിയും സാലിയും കാലിക പ്രസക്തമായ പത്മരാജൻ കഥാപാത്രങ്ങളാണ്. സ്വവർഗാനുരാഗം ചർച്ചയാവുന്നതിനും എത്രയോ കാലം മുൻപാണ് പത്മരാജൻ അവരെ കുറിച്ച് വലിയ ക്യാൻവാസിൽ കഥ പറഞ്ഞത്. അതുകൊണ്ടാണ് കാലത്തിന് മുന്നേ സഞ്ചരിച്ച കലാകാരനെന്ന വിശേഷണം അദ്ദേഹത്തെ തേടി എത്തിയതിൽ അത്ഭുതമില്ല.
'രതിനിർവേദം', 'കള്ളൻ പവിത്രൻ', 'കരിയിലക്കാറ്റ് പോലെ', 'ശാലിനി എന്റെ കൂട്ടുകാരി', 'മൂന്നാം പക്കം', 'നൊമ്പരത്തിപ്പൂവ്' എന്നിങ്ങനെ കാലാതീതമായ അനേകം സിനിമകളാണ് ആ ചിന്തകളിൽ ഉണ്ടായിവന്നത്. ക്ലാര ജയകൃഷ്ണനെ വിട്ടുപോവുമ്പോഴും മായയുടെ ഓർമ്മയുടെ വർണങ്ങളിൽ നിന്ന് ഡോ നരേന്ദ്രൻ മാഞ്ഞു പോവുമ്പോഴും പ്രേക്ഷകർ നൊമ്പരപ്പെട്ടു. അപ്പോഴും രാധയും ശരത്തും പ്രണയമായി നിറഞ്ഞുനിന്നു. 'മഞ്ഞുകാലം നോറ്റ കുതിര'യും 'പെരുവഴിയമ്പലവും' 'ഞാൻ ഗന്ധർവനും' പറയാതെ പത്മരാജൻ പൂർണമാവില്ല.
ഞാൻ ഗന്ധർവന് ശേഷം മറ്റൊരു ചിത്രം തരാൻ ആ വിഖ്യാത കലാകാരൻ ഇല്ലാതെ പോയി. കോഴിക്കോടിനെ ഹൃദയത്തിലേറ്റിയ പത്മരാജന് ആ തണുത്തുറഞ്ഞ ജനുവരിപ്പുലരി എന്നന്നേക്കുമായി വിടപറഞ്ഞയച്ചു. ചലച്ചിത്രത്തിലും സാഹിത്യത്തിലും ഇനിയും ഏറെ സംഭാവനകൾ തരാനുണ്ടായിരുന്ന പ്രതിഭ പടിയിറങ്ങിപ്പോയത് 45-ാം വയസ്സിലാണ്. ഒരു മനുഷ്യായുസ്സിൽ ഏറ്റവും വർണാഭമാവേണ്ട കാലത്തായിരുന്നു മടക്കയാത്ര. ആ തൂലികയിൽ പിറക്കാതെ പോയ നൂറ് നൂറ് കഥകളെ കുറിച്ച്, തിരക്കഥകളെ കുറിച്ച്, കണ്ട് വിസ്മയിക്കേണ്ട സിനിമകളെ കുറിച്ച് മലയാളം എന്നും ഓർക്കുന്നുണ്ട്.