ജോർദാൻ ഹെൻഡേഴ്സൻ പോകുന്നു; സൗദിയുടെ കായിക മോഹങ്ങൾക്ക് തിരിച്ചടിയോ?

ഏതാനും വര്ഷങ്ങള്ക്ക് മുമ്പ് ചൈനയും ഇത്തരത്തിലുള്ള ഒരു ശ്രമം നടത്തിയിരുന്നു.

dot image

കുറച്ച് വര്ഷങ്ങള്ക്കുള്ളില് ലോകത്തെ എല്ലാ കായിക മത്സരങ്ങളും അറബ് രാജ്യങ്ങളിലേക്ക് കൂടുതല് കേന്ദ്രീകരിക്കപ്പെട്ടേക്കാം എന്നാണ് കായിക ലോകം വിലയിരുത്തുന്നത്. എണ്ണയാല് സമ്പന്നമായ രാജ്യങ്ങള് കായിക മേഖലയിലേക്ക് അത്രയധികം പണം ചിലവഴിക്കുന്നു.

ഖത്തറിലെ ലോകകപ്പിന്റെ വന്വിജയത്തിന് ശേഷം അറബ് രാജ്യങ്ങള് കായിക മേഖലയിലേക്ക് ശ്രദ്ധിച്ചു തുടങ്ങി. കഴിഞ്ഞ ട്രാന്സ്ഫര് വിപണിയില് സൗദി അറേബ്യ യൂറോപ്പ്യൻ ഫുട്ബോളുമായി നേര്ക്കുനേര് മത്സരിച്ചു. ഏകദേശം 30നടുത്ത് താരങ്ങള് സൗദിയിലേക്ക് ഒഴുകിയെത്തി. ഇതോടെ ഫുട്ബോളിന്റെ പുതിയ ഈറ്റില്ലമായി സൗദി മാറുമെന്നും കണക്കുകൂട്ടലുകള് ഉണ്ടായി. 2034ലെ ലോകകപ്പിന് ഒറ്റയ്ക്ക് ആതിഥേയത്വം വഹിക്കണമെന്ന സൗദിയുടെ മോഹങ്ങൾ പൂവണിഞ്ഞു. പക്ഷേ അപ്രതീക്ഷിതമായി സൗദിക്ക് ചില തിരിച്ചടിയേല്ക്കുകയാണ്.

സൗദി പ്രോ ലീഗ് ക്ലബായ അല് ഇത്തിഫാഖില് നിന്നും ജോര്ദാന് ഹെന്ഡേഴ്സന് പുറത്തുപോകുകയാണ്. നെതര്ലാന്ഡ്സ് ക്ലബ് എ എഫ് സി അയാക്സിലേക്കാണ് ജോര്ദാന്റെ കൂടുമാറ്റം. മൂന്ന് വര്ഷത്തെ കരാറിലാണ് താരത്തെ സൗദി ക്ലബ് സ്വന്തമാക്കിയത്. പക്ഷേ ആറ് മാസത്തിനുള്ളില് തന്നെ ആദ്യ താരം യൂടേണ് അടിച്ചു.

സൗദി ക്ലബില് ജോര്ദാന് സന്തോഷവാനല്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്ട്ടുകള്. ഒപ്പം കരീം ബെന്സീമയടക്കമുള്ള താരങ്ങള് സൗദി വിട്ടേക്കുമെന്നും സൂചനകളുണ്ട്. നിലവിലെ പ്രോ ലീഗ് ചാമ്പ്യന്മാരായ അല് ഇത്തിഹാദിലാണ് ബെന്സീമ. എന്നാല് ഇത്തവണ പോയിന്റ് ടേബിളില് എട്ടാം സ്ഥാനത്താണ് ഇത്തിഹാദ്. എന്കോളോ കാന്റെ, ഫാബീഞ്ഞോ തുടങ്ങിയ വമ്പന് താരങ്ങളുണ്ടായിട്ടാണ് ഇത്തിഹാദിന്റെ മോശം പ്രകടനം. യൂറോപ്പിനോട് നടത്തുന്ന മത്സരത്തില് സൗദിക്ക് പിടിച്ചുനില്ക്കാന് കഴിയുമോ? ഇതാണ് ഫുട്ബോള് ലോകത്ത് ഇനിയുള്ള ചോദ്യം.

ഏതാനും വര്ഷങ്ങള്ക്ക് മുമ്പ് ചൈനയും ഇത്തരത്തിലുള്ള ഒരു ശ്രമം നടത്തിയിരുന്നു. ഓസ്കാര്, ഹള്ക്ക്, പൗളീന്യോ, ജാക്സണ് മാര്ട്ടിനെസ്, ആന്ഡേഴ്സണ് ടലിസ്ക, അലക്സ് ടിഷീര, ഗ്രാസിയാനോ പെല്ലെ തുടങ്ങിയ താരങ്ങള് ചൈനീസ് സൂപ്പര് ലീഗിലേക്ക് എത്തി. എന്നാല് അധികം വൈകാതെ എല്ലാം തകിടം മറിഞ്ഞു. കൊവിഡ് 19 മഹാമാരിയെ നേരിടാന് ചൈനയെന്ന രാജ്യത്തിനോ ചൈനീസ് ലീഗിലെ ടീമുകള്ക്കോ സാധിച്ചില്ല. കടം കേറിയ ചില ക്ലബുകള് ടൂര്ണമെന്റില് നിന്ന് പുറത്തായി. മറ്റ് ടീമുകള് രണ്ടാം ഡിവിഷന് ലീഗിലേക്ക് തരംതാഴ്ത്തപ്പെട്ടു. താരങ്ങള് ഓരോത്തരായി ചൈന വിട്ടു.

സമാന തന്ത്രമാണ് സൗദിയും പയറ്റുന്നത്. കരിയര് അവസാന ഘട്ടത്തിലേക്ക് നീങ്ങിയ താരങ്ങളെ ക്ലബുകളിലെത്തിച്ചു. ആദ്യം സാക്ഷാല് ക്രിസ്റ്റ്യാനോ റൊണാള്ഡോ യൂറോപ്പ് വിട്ടു. പിന്നാലെ സാദിയോ മാനെ, റോബര്ട്ടോ ഫിര്മിനോ, അലക്സ് ടെല്ലസ്, നെയ്മര് ജൂനിയര്, അയ്മെറിക് ലപ്പോര്ട്ട അങ്ങനെ എത്രയെത്ര കളിക്കാര് സൗദിയിലേക്ക് എത്തി. പക്ഷേ ചൈനയ്ക്ക് നഷ്ടപ്പെട്ട ഫുട്ബോള് വിപണിയില് സൗദി വിജയിക്കുമോയെന്നാണ് കാത്തിരുന്ന് കാണേണ്ടത്.

dot image
To advertise here,contact us
dot image