/migration-main/special/2023/12/25/hit-christmas-songs-in-malayalam-cinema-christmas-special

കരോളില്ലാതെ എന്ത് ക്രിസ്മസ് വൈബ്; മലയാള സിനിമയിലെ ചില ഹിറ്റ് ക്രിസ്മസ് ഗാനങ്ങൾ

ഈ ക്രിസ്മസ് സീസണിലും സോഷ്യൽ മീഡിയ റീൽസുകളിലും വീഡിയോകളിലും കരോൾ ബാൻഡിനിടയിലും മലയാള സിനിമയിലെ എവർഗ്രീൻ ക്രിസ്മസ് ഗാനങ്ങൾ ഹിറ്റാണ്.

dot image

വിണ്ണിലെ മാലാഖമാർ മണ്ണിലേക്ക് ഇറങ്ങിവരുന്ന നാളിതാ വന്നിരിക്കുകയാണ്. പുൽക്കൂടും നക്ഷത്രങ്ങളും കേക്കുമൊക്കെയായി ക്രിസ്മസ് ആഘോഷത്തിന്റെ പാരമ്യത്തിലാണ് എല്ലാവരും. ക്രിസ്മസിന് പൂർണ്ണത വരണമെങ്കിൽ പുൽക്കൂടൊരുക്കലും നക്ഷത്രമിടലും ക്രിസ്മസ് മരം അലങ്കാരങ്ങളും മാത്രം പോര കരോൾ ഗാനത്തിന്റെ ആരവവും കൂടിവേണമല്ലെ... ക്രിസ്മസ് ഗാനവും കരോളുമില്ലാതെ എന്താഘോഷം. ഈ ക്രിസ്മസ് സീസണിലും സോഷ്യൽ മീഡിയ റീൽസുകളിലും വീഡിയോകളിലും കരോൾ ബാൻഡിനിടയിലും മലയാള സിനിമയിലെ എവർഗ്രീൻ ക്രിസ്മസ് ഗാനങ്ങൾ ഹിറ്റാണ്. അതിൽ ചില പാട്ടുകളുടെ ഈണത്തിന് താളമിടാം.

ദേവദൂതർ പാടി സ്നേഹദൂതർ പാടി...

എക്കാലത്തെയും ക്രിസ്മസ് വരവറിയിക്കുന്നതാണ് 1985ൽ മമ്മൂട്ടിയെ നായകനാക്കി ഭരതൻ സംവിധാനം ചെയ്ത 'കാതോട് കാതോരം' എന്ന സിനിമയിലെ സൂപ്പർഹിറ്റ് ഗാനം.''ദേവദൂതർ പാടി സ്നേഹദൂതർ പാടി ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ...'' എന്ന് തുടങ്ങുന്ന ഗാനം മലയാളിയുടെ ക്രിസ്മസ് കാലങ്ങളിൽ 'എവർഗ്രീനാണ്'. ഔസേപ്പച്ചന്റെ സംഗീതത്തിൽ ഒരുങ്ങിയ ഗാനത്തിന് ഒ എൻ വി കുറുപ്പാണ് വരികൾ എഴുതിയത്. യേശുദാസ്, കൃഷ്ണചന്ദ്രൻ, ലതിക, രാധിക വാര്യർ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചത്. 2022ൽ കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത 'ന്നാ താൻ കേസ് കൊട്' എന്ന സിനിമയ്ക്കായി ഈ ഗാനം റീമിക്സ് ചെയ്തിരുന്നു. ഇതോടെ പാട്ടിനെയും പാട്ടിലെ കുഞ്ചാക്കോ ബോബന്റെ സിഗ്നേച്ചർ ഡാൻസിനെയും യുവതലമുറ വീണ്ടും ഏറ്റെടുത്തിരുന്നു.

ലാത്തിരി പൂത്തിരി പുഞ്ചിരിച്ചെപ്പോ...

1984ൽ ഫാസിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'നോക്കെത്താ ദൂരത്ത് കണ്ണും നട്ട്' എന്ന സിനിമയിലെ സൂപ്പർഹിറ്റ് ഗാനമാണ് ''ലാത്തിരി പൂത്തിരി പുഞ്ചിരിച്ചെപ്പോ കമ്പിത്തിരി മത്താപ്പോ, മനസ്സേ ആസ്വദിക്കൂ.. ആവോളം...'' എന്ന ഗാനം. ആരാധനാ.. നിശാ സംഗീതമേള വരൂ... വരൂ... ദേവൻ പിറന്നിതാ തൊഴാം നാഥൻ പിറന്നിതാ.. എന്നാണ് ഗാനത്തിന്റെ തുടക്കം. വിഷ്വലി കളർഫുളായ ഗാനത്തിലെ ഹൈലൈറ്റ് നദിയ മൊയ്ദുവാണ്. ബിച്ചു തിരുമലയുടെ വരികൾക്ക് ജെറി അമൽദേവ് സംഗീതമൊരുക്കിയ ഈ ഗാനം യേശുദാസ്, കെ എസ് ചിത്ര എന്നിവർ ചേർന്നാണ് പാടിയിരിക്കുന്നത്. ഈ പാട്ടിന്റെ റീമിക്സും പിന്നീട് നിരവധി വന്നിരുന്നു. അതിൽ ഹിറ്റായത്, ഗൗരി ലക്ഷ്മി പാടിയ റിമിക്സായിരുന്നു.

ഗബ്രിയേലിന്റെ ദര്ശനസാഫല്യമായ്..

2016 ൽ ജോൺപോൾ ജോർജ് സംവിധാനം നിർവഹിച്ച മലയാള ഡ്രാമ ചലച്ചിത്രമായ ഗപ്പിയിലെ ഗാനമാണ്. ''ഗബ്രിയേലിന്റെ ദര്ശനസാഫല്യമായ്..സർവ്വലോകർക്കും നന്മയേകും കാരുണ്യമായ്.. ബെത്ലഹേമിന്റെ മാറിലൊരാരോമൽ ഉണ്ണി പിറന്നല്ലോ'' എന്ന ഗാനം. ചിത്രം ഇറങ്ങിയ നാൾ മുതൽ പ്രേക്ഷകർ ആഘോഷമാക്കിയ ഗാനം കൂടിയായിരുന്നു ഇത്. പാട്ടിന്റെ വരികളെഴുതി ആലപിച്ചിരിക്കുന്നത് ആന്തണി ദാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്.

മംഗളം മംഗളമേ..

2009-ൽ ജയരാജ് നിർമ്മിച്ച്, രചന, സംവിധാനം നിർവഹിച്ച് പുറത്തിറങ്ങിയ 'ലൗഡ് സ്പീക്കർ' എന്ന സിനിമയിലെ ''മഞ്ഞിന്റെ മാറാല നീങ്ങുന്നു വിണ്ണിലെ താരകം കൺ തുറന്നു.. മന്നിൽ സമാധാനപാലകനാം ഉണ്ണി.. പുൽക്കൂട്ടിൽ പുഞ്ചിരിച്ചു..'' എന്ന കരോൾ ഗാനം. മമ്മൂട്ടി, ശശി കുമാർ, ഗ്രേസ് സിംഗ്, ജഗതി ശ്രീകുമാർ, കൊച്ചിൻ ഹനീഫ, സലീം കുമാർ, കെപിഎസി ലളിത എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. പാട്ടിലെ ''സന്തോഷസൂചകമായി തന്നതിനെ സ്വീകരിച്ച്.. ബാലകരാം ഞങ്ങളിതാ പോകുന്നു..'' എന്ന ഭാഗമാണ് കൂടുതൽ പ്രചാരം നേടിയത്. മമ്മൂട്ടിയും പാടിയിട്ടുണ്ട് എന്നതും മറ്റൊരു പ്രത്യേകതയാണ്. മമ്മൂട്ടിയെ കൂടാതെ അലൻ ജോയ് മാത്യു, ബേബി സേതു പാർവ്വതി, ബേബി ശ്വേതാ മേനോൻ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. അനില് പനച്ചൂരാന്റെ രചനയിൽ ബിജിബാല് ആണ് സംഗീതം പകർന്നിരിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us