തെന്നിന്ത്യ ഒന്നാകെ താളം പിടിച്ച പാട്ടുകള്; തമിഴകത്തിൻ്റെ അനി മാജിക്

ഹിറ്റ് മേക്കറായ നവാഗതനിൽ നിന്ന് സൂപ്പർ സ്റ്റാറുകളുടെ ചിത്രങ്ങളിലെ വിജയ ഫോർമുലയായി വളർന്ന തമിഴകത്തിൻ്റെ അനി

ഗൗരി പ്രിയ ജെ
2 min read|16 Oct 2023, 09:11 am
dot image

മലയാളത്തിലെ മാത്രമല്ല തെന്നിന്ത്യൻ സിനിമാ സംഗീതം മുഴുവനും കാലാന്തരങ്ങളിൽ പരിവർത്തനങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഇളയരാജയും എആര് റഹ്മാനുമടക്കമുള്ള നിരവധി സംഗീത സംവിധായകര് അതിന് നേതൃത്വം നല്കി. ആ വിഭാഗത്തിലെ ഇളമുറക്കാരനാണ് അനിരുദ്ധ് രവിചന്ദർ. സംസാരവും പാട്ടും ചേർത്ത് റാപ്പിന്റെ മേമ്പൊടിയോടെ തമിഴകത്ത് ഹിറ്റുകൾ സമ്മാനിച്ച സംഗീത സംവിധായകന്. പ്രണയം, നിരാശ, സൗഹൃദങ്ങളുടെ ആഘോഷം തുടങ്ങി കണ്ടമ്പററി തമിഴ് സംഗീതത്തിൻ്റെ വിജയ ചേരുവയായി അനിരുദ്ധ്. ഹിറ്റ് മേക്കറായ നവാഗതനിൽ നിന്ന് സൂപ്പർ സ്റ്റാറുകളുടെ ചിത്രങ്ങളിലെ വിജയ ഫോർമുലയായി വളർന്ന തമിഴകത്തിൻ്റെ അനി.

ഐശ്വര്യ രജനികാന്തിൻ്റെ ആദ്യ ചിത്രം 'ത്രീ'യ്ക്ക് വേണ്ടി 2012ൽ അനിരുദ്ധ് ഒരുക്കിയ 'വൈ ദിസ് കൊലവെറി' പാൻ ഇന്ത്യൻ ഹിറ്റായി മാറി. സോഷ്യൽ മീഡിയയുടെ തുടക്കകാലത്ത് ഭാഷാന്തരങ്ങൾ ഭേദിച്ചുണ്ടാക്കിയ 'കൊലവെറി ഫീവർ' വെർച്വൽ ലോകത്തുനിന്ന് ഇന്നും വിട്ടുപോയിട്ടില്ല. മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലിഷിലും ഫ്രഞ്ചിലും സ്പാനിഷിലും വരെ പല പതിപ്പുകളാണ് ആ കാലത്ത് കൊലവെറിക്കുണ്ടായത്. ഇൻസ്പിരേഷൻ-മോട്ടിവേഷൻ വിഭാഗത്തിൽ ഇൻസ്റ്റഗ്രാം റീലുകൾ ഭരിക്കുന്നത് 2013ൽ അനിയൊരുക്കിയ 'എതിർ നീച്ചൽ' എന്ന ഗാനമാണ്.

അനിരുദ്ധിൻ്റെ കരിയറിനെ 2014ന് മുമ്പും ശേഷവും എന്ന് വിലയിരുത്താം. ആ വർഷമാണ് തമിഴകത്തും പുറത്തും ആവേശമായ 'വേലയില്ലാ പട്ടധാരി'യെത്തുന്നത്. മിഡിൽ ക്ലാസ് യുവാക്കളുടെ ജീവിതവും തൊഴിലില്ലായ്മയും പ്രമേയമായ ചിത്രം നേടിയ വിജയം സിനിമയുടെ പ്രമേയത്തിനൊപ്പം അനിരുദ്ധ് ഫാസ്റ്റ് നമ്പേഴ്സിന് കൂടി അവകാശപ്പെട്ടതായിരുന്നു. 'വൈ ദിസ് കൊലവെറി', 'നീ ടക്ക്ന് പാത്താ ബക്ക്ന് മനസ്', 'ആലുമ ഡോലുമ', 'ഡണ്ടനക്കാ', 'വാത്തി കമിങ്' പോലെ കരിയറിൽ നിരവധി 'ഫങ്ക്' സോങ്സ് ഉണ്ടങ്കിൽ തന്നെയും അതിൽ മാത്രം ഒതുങ്ങുന്നതല്ല അനിരുദ്ധ് മാജിക്ക്. 'കണ്ണഴകാ', 'ഓ പെണ്ണേ പെണ്ണേ' മുതൽ 'ലിയോ'യിലെ 'അൻബെനും' വരെ മെലഡിയിലും പുതുമ തീർത്താണ് ആ യാത്ര.

'കത്തി'യും 'മാരി'യും കടന്ന് രജനികാന്തിന്റെ 'പേട്ട'യിലെത്തിയപ്പോഴേക്കും എ ആർ റഹ്മാന് ലഭിച്ചതിനു സമമായ സ്നേഹവും ആരാധനയും അനിരുദ്ധിന് സ്വന്തമായി കഴിഞ്ഞിരുന്നു. 2021ൽ വിജയ്ക്കൊപ്പം 'മാസ്റ്റർ', ശിവകാർത്തികേയൻ സ്റ്റാർഡം സ്വന്തമാക്കിയ ശേഷം 2022ൽ 'ഡോൺ', 2022ൽ വിജയ് സേതുപതി നായകനായ 'കാതുവാക്കുള്ള രണ്ട് കാതൽ', കമൽ ഹാസനൊപ്പം 'വിക്രം', ഷാരൂഖ് ഖാനൊപ്പം 'ജവാൻ', വരാനിരിക്കുന്ന 'ലിയോ'.. ലൈൻ അപ്പുകളിൽ 'ഇന്ത്യൻ 2', അജിത്തിന്റെ 'വിടാമുയർച്ചി', ജൂനിയർ എൻടിആർ, വിജയ് ദേവരകൊണ്ട പോലുള്ള താരങ്ങളുടെ ചിത്രങ്ങളും.

അറബിക് ശൈലിയിൽ തമിഴ് ചേർത്തൊരുക്കിയ 'ബീസ്റ്റി'ലെ ഗാനം മണിക്കൂറുകൾക്കകം ഒന്നര കോടിയിലേറെ കാഴ്ചക്കാരെ നേടി. തെന്നിന്ത്യയിൽ ഏറ്റവും വേഗത്തിൽ 100 മില്യൻ കാഴ്ച്ചക്കാരെ നേടിയ റെക്കോർഡ് ഈ പാട്ടിനു സ്വന്തമാണ്. യുവൻ ശങ്കർ രാജയുടെ ‘റൗഡി ബേബി’യുടെ റെക്കോർഡ് ആണ് ‘അറബിക് കുത്ത്’ തകർത്തെറിഞ്ഞത്. ബീസ്റ്റ്, കാതുവാക്കുള്ള രണ്ട് കാതൽ പോലുള്ള ചിത്രങ്ങൾ പരാജയമായപ്പോൾ പ്രേക്ഷകർ ഒരേ സ്വരത്തിൽ പറഞ്ഞ വാക്കുണ്ട്, സിനിമ എത്ര ഫ്ലോപ്പ് ആണെങ്കിലും അനിയുടെ മ്യൂസിക് നമ്പർ വൺ ആയിരിക്കുമെന്ന്. 'മാസ്റ്ററി'ലെ വാത്തി സോങ്ങും തമിഴകത്തിന്റെ ഹിറ്റ് ലിസ്റ്റിലെ അനിരുദ്ധിന്റെ സംഭാവനയാണ്.

രജനിക്ക് മാത്രം സ്വന്തമായിരുന്ന ടൈറ്റിൽ ട്രാക്ക് സ്റ്റൈൽ, വിജയ്ക്ക് നേടിക്കൊടുക്കുന്നത് അനിരുദ്ധ് മ്യൂസിക്കാണ്. മാസ്റ്ററിലെ ടൈറ്റിൽ സോങ് വന്നതിന് ശേഷം ഇളയദളപതി വിജയ് എന്ന് എഴുതിക്കാണിക്കുമ്പോൾ തിയേറ്ററിൽ ആവേശം തീർക്കുന്നത് അനിയുടെ ആ 'എനർജെറ്റിക്' സംഗീതമാണ്.

ഹാസ്യത്തിൻ്റെ മേമ്പൊടിയോടെ വന്ന ‘കോലമാവു കോകില’യിലെ 'കല്യാണ വയസി'ലൂടെ, ഴോണറല്പം മാറിയാലും ഹിറ്റുകൾ കൂടെപ്പോരുമെന്ന് അനി തെളിയിക്കുകയായിരുന്നു. പേട്ടയും ദർബാറുമടക്കം രജനിയുടെ മൂന്നു ചിത്രങ്ങൾക്ക് അനിരുദ്ധ് സംഗീതമൊരുക്കി. ഈ നിരയിൽ അവസാനത്തേതായിരുന്നു 'ജയിലർ'. ജയിലർ വിജയമായപ്പോൾ രജനിക്കും നെൽസൺ ദിലീപ്കുമാറിനും നിർമ്മാതാക്കളായ സൺ പിക്ചേഴ്സ് പാരിതോഷികം നൽകി. അനിരുദ്ധിന് സമ്മാനം നൽകാൻ ഒരു ദിവസം വൈകിയപ്പോൾ സമ്മാനം അർഹിക്കുന്നത് അനിയാണെന്നാണ് ആരാധകർ പറഞ്ഞത്. രജനികാന്തിൻ്റെ വാക്കുകൾ അത് ശരിവയ്ക്കുന്നതായിരുന്നു. സാധാരണമാകുമായിരുന്ന ഒരു സിനിമയെ ഒന്നാംതരമാക്കിയത് അനിരുദ്ധ് മ്യൂസിക് ആണ്.

വിജയ്യുടെ പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങിയ ലിയോയിലെ ‘നാ റെഡി’ ദിവസങ്ങളോളം ട്രെൻഡിങ് നിരയിൽ അനക്കം തട്ടാതെ നിന്നു. അനിരുദ്ധിന്റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണ് ജവാൻ. ഷാരൂഖ് ഖാന് വേണ്ടി ചിട്ടപ്പെടുത്തിയ 'ചല്ലെയാ' അർജിത് സിങ്ങും ശില്പാ റാവുവും ചേർന്നാണ് ആലപിച്ചതെങ്കിലും കൂടുതൽ ട്രെൻഡായത് അനി കീബോഡിൽ വായിച്ച് പാടുന്ന ആ സിമ്പിൾ വേർഷനാണ്.

അനിരുദ്ധിൻ്റെ ലൈവ് കോൺസേർട്ടുകൾ ഒരുപോലെ ആരാധകരുടെ മനസും സംഘടകരുടെ കീശയും നിറയ്ക്കുന്നതാണ്. അനിരുദ്ധ് രവിചന്ദർ ഒന്ന് താളം പിടിക്കുമ്പോൾ ജനസാഗരം അതിലലിഞ്ഞ് ആടി മറയുകയാണ്.

എ ആർ റഹ്മാനും ഇളയരാജയുമാണ് തൻ്റെ 'മ്യൂസിക് സ്റ്റൈൽ' രൂപപ്പെടുത്താൻ പ്രചോദനമായതെന്ന് കരിയറിൻ്റെ ആദ്യ കാലങ്ങളിൽ അനിരുദ്ധ് പറഞ്ഞിട്ടുണ്ട്. ആ പറഞ്ഞത് അന്വര്ത്ഥമാക്കും വിധം ഈ കോമ്പോയുടെ കൂടുതൽ ആകർഷകമായ പതിപ്പാണ് അനിരുദ്ധ് രവിചന്ദർ. കുടുംബപാരമ്പര്യം ഇൻഡസ്ട്രിയിലെത്താൻ തീർച്ചയായും അനിരുദ്ധിനെ സഹായിച്ചിരുന്നിരിക്കും. എന്നാൽ സംഗീതവഴിയിൽ 'അനിരുദ്ധ് രവിചന്ദർ' ഒരു മേൽവിലാസമാകുന്നത് പ്രതിഭയും കഠിനാധ്വാനവും കൊണ്ടു മാത്രമാണ്. കമൽഹാസൻ നായകനായ വിക്രമിലെ ഓരോ കഥാപാത്രത്തിനും സന്ദർഭത്തിനും 'ഹുക്കിങ്' ആയ ബിജിഎമ്മുകൾ ഒരുക്കിയത് അനിരുദ്ധിനെ രാജ്യത്തെ തന്നെ ഏറ്റവും വിലപിടിപ്പുള്ള സംഗീതസംവിധായകരിൽ ഒരാളാക്കി മാറ്റി. പുതുതലമുറയുടെ പൾസ് തൊട്ടറിയാൻ അന്നും ഇന്നും ഒരേയൊരു അനിരുദ്ധ് രവിചന്ദർ.

അനായാസതയുടെ അഭിനയ വഴക്കം; അയലത്തെ കുട്ടിയിൽ നിന്നും സൂപ്പർ നായികയിലേക്കുള്ള മഞ്ജുവിൻ്റെ രണ്ടാം വരവ്
dot image
To advertise here,contact us
dot image