
ലോക കായികമാമാങ്ക ചരിത്രത്തിലെ ഒരിക്കലും മറക്കാനാവാത്ത ചോര പുരണ്ട ഓര്മ്മ 51 വര്ഷം പിന്നിടുന്നു. ലോക കായിക വേദിയ്ക്ക് എക്കാലവും മുറിപ്പാടായ ആ ആക്രമണത്തിന്റെ രക്തരൂഷിതമായ പര്യവസാനം 1972 സെപ്തംബര് ആറിനായിരുന്നു. പറഞ്ഞു വരുന്നത് മ്യൂണിക് ഒളിമ്പിക്സുമായി ബന്ധപ്പെട്ട് നടന്ന കൂട്ടക്കൊലയെക്കുറിച്ചാണ്.
1972ലെ മ്യൂണിക് ഒളിമ്പിക്സ് ഓഗസ്റ്റ് 26 മുതല് സെപ്തംബര് 11വരെയാണ് നിശ്ചയിക്കപ്പെട്ടിരുന്നത്. ഹിറ്റ്ലറുടെ വംശീയ ആശയത്തെ പ്രചരിപ്പിക്കാനായി 1936ല് ബെര്ലിനില് സംഘടിപ്പിക്കപ്പെട്ട ഒളിമ്പിക്സിന് ശേഷം ജര്മ്മനി ആതിഥേയത്വം വഹിക്കുന്ന ആദ്യ ഒളിമ്പിക്സ്. ബെര്ലിന് ഒളിമ്പിക്സിന്റെ അസുഖകരമായ ഓര്മ്മകളെ കഴുകി കളയുക എന്ന ലക്ഷ്യത്തോടെയായിരുന്നു പശ്ചിമജര്മ്മന് അധികൃതര് മ്യൂണിക് ഒളിമ്പിക്സ് ആസൂത്രണം ചെയ്തത്.
സെപ്തംബര് നാലുവരെ സുഗമമായി നടന്നുവന്ന മ്യൂണിക് ഒളിമ്പിക്സ് ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും ഒളിമ്പിക്സ് ചരിത്രത്തിലെ കറുത്ത അധ്യായമായി മാറി. സെപ്തംബര് 5ന് പുലര്ച്ചെ കായികതാരങ്ങളെപ്പോലെ ട്രാക്ക് സ്യൂട്ട് ധരിച്ച എട്ടുപേര് ഒളിമ്പിക്സ് വില്ലേജിലെ സുരക്ഷാ ക്രമീകരണങ്ങളെല്ലാം മറികടന്ന് ഇസ്രായേലി ടീം താമസിക്കുന്നിടത്ത് കടന്നു കയറി. ഇവര് കൈയ്യില് കരുതിയിരുന്ന ബാഗുകളില് കലാഷ്നിക്കോവ് റൈഫിലുകളും ഗ്രനേഡുകളും ഉണ്ടായിരുന്നു. ഇസ്രായേലി അത്ലറ്റുകളെ ബന്ദികളാക്കി വിലപേശുകയായിരുന്നു ഇവരുടെ ലക്ഷ്യം. പലസ്തീന് ലിബറേഷന് ഓര്ഗനൈസേഷന്റെ ഭാഗമായ ബ്ലാക്ക് സെപ്തംബര് ഗ്രൂപ്പിലെ അംഗങ്ങളായിരുന്നു ഒളിമ്പിക്സ് വില്ലേജില് കടന്നുകയറിയത്.
താമസസ്ഥലത്തേക്ക് കടന്നു കയറിയ ആക്രമണകാരികളെ ചെറുക്കാന് ശ്രമിച്ച ഗുസ്തി പരിശീലകന് മോഷെ വെയ്ന്ബെര്ഗിനെയും വെയ്റ്റ് ലിഫ്റ്റര് യോസെഫ് റൊമാനോയെയും കൊലപ്പെടുത്തിയതിന് ശേഷം ബ്ലാക്ക് സെപ്തംബര് ഗ്രൂപ്പ് ബാക്കിയുള്ള ഒമ്പത് പേരെ ബന്ദികളാക്കി. ഇസ്രായേല് തടവിലുള്ള 234 പാലസ്തീന് പോരാളികളെയും പശ്ചിമ ജര്മ്മനിയിലെ ബാദര്-മെയിന്ഹോഫ് തീവ്രവാദ ഗ്രൂപ്പിന്റെ രണ്ട് നേതാക്കളെയും മോചിതരാക്കുക എന്നതായിരുന്നു ഇവരുടെ ആവശ്യം.
ബന്ദികളുടെ ആവശ്യത്തെ എങ്ങനെ പരിഗണിക്കണമെന്നറിയാതെ ജര്മ്മന് അധികൃതര് പ്രതിസന്ധിയിലായി. ഒളിമ്പിക്സ് അന്ന് സാധാരണ നിലയില് പുനരാരംഭിച്ചു. മത്സരങ്ങള് നിര്ത്തിവയ്ക്കാന് തീരുമാനിക്കുമ്പോഴേക്കും ഇസ്രായേലി സംഘം ബന്ദിയാക്കപ്പെട്ടിട്ട് മണിക്കൂറുകള് കഴിഞ്ഞിരുന്നു.
ഒടുവില് ബന്ദികളെ കീഴടക്കാന് ജര്മ്മന് അധികൃതര് പദ്ധതി തയ്യാറാക്കി. ബന്ദികളുമായി കെയ്റോയിലേക്ക് പോകാന് ബ്ലാക്ക് സെപ്തംബറിന് വിമാനം ഒരുക്കാന് ജര്മ്മന് അധികൃതര് തയ്യാറായി. വിമാനത്തില് പശ്ചിമജര്മ്മന് സേനാവിഭാഗം ജീവനക്കാരുടെ വേഷത്തില് ഇരിക്കാനും വിമാനത്തില് പരിശോധനയ്ക്കായി കയറുന്ന ബ്ലാക്ക് സെപ്തംബര് അംഗങ്ങളെ കീഴ്പ്പെടുത്താനും ബാക്കിയുള്ളവരെ സ്നൈപ്പേഴ്സിനെ ഉപയോഗിച്ച് വധിക്കാനുമായിരുന്നു പദ്ധതി. ഭീകരരെയും ബന്ദികളെയും പ്രത്യേക ഹെലികോപ്റ്ററുകളില് വിമാനം തയ്യാറാക്കി നിര്ത്തിയിരിക്കുന്ന ഫര്സ്റ്റെന്ഫെല്ഡ്ബ്രക്ക് എയര്ബേസിലേക്ക് കൊണ്ടുപോയി.
എന്നാല് ആദ്യം തയ്യാറാക്കിയ പ്ലാന് പാളി. ഓപ്പറേഷന്റെ സുരക്ഷാവിഷയം ചൂണ്ടിക്കാണിച്ച് ജീവനക്കാരുടെ വേഷത്തില് വിമാനത്തില് കയറേണ്ട സുരക്ഷാ വിഭാഗം ആ പ്ലാന് വേണ്ടെന്ന് വച്ചു. ഹെലികോപ്റ്ററില് നിന്ന് ഇറങ്ങി വിമാനത്തിലേക്ക് നടക്കുന്ന ഭീകരരെ സ്നൈപ്പര്മാരെ ഉപയോഗിച്ച് വെടിവെച്ച് കൊല്ലുക എന്ന പ്ലാനുമായി മുന്നോട്ട് പോകാനും തീരുമാനിച്ചു. വിമാനം പരിശോധിക്കാന് എത്തിയ ഭീകരര് ജര്മ്മന് കെണി തിരിച്ചറിഞ്ഞു. തിരിച്ച് ഹെലികോപ്റ്ററിന് സമീപത്തേക്ക് ഓടിയ ഭീകരര്ക്ക് നേരെ സ്നൈപ്പര്മാര് വെടിയുതിര്ത്തു. എന്നാല് വിദഗ്ധരായ സ്നൈപ്പര്മാരുടെ അഭാവവും സംഘത്തില് നിന്ന് ബ്ലാക്ക് സെപ്തംബര് അംഗങ്ങളെ തിരിച്ചറിയാന് സാധിക്കാത്തതും എയര്ബേസിലെ വെളിച്ചക്കുറവുമെല്ലാം ഈ പ്ലാനും വൃഥാവിലാക്കി. സ്നൈപ്പര്മാരും ബ്ലാക്ക് സെപ്തംബര് അംഗങ്ങളും തമ്മില് നേരിട്ടുള്ള വെടിവയ്പ്പിലേക്ക് കാര്യങ്ങള് പോയി. ഒടുവില് ബന്ദികളാക്കപ്പെട്ട ഇസ്രായേലി സംഘത്തിലെ 9 പേരും കൊല്ലപ്പെട്ടു. അഞ്ച് ബ്ലാക്ക് സെപ്തംബര് അംഗങ്ങളും ഒരു പശ്ചിമ ജര്മ്മന് സുരക്ഷാ ഉദ്യോഗസ്ഥനും വെടിവയ്പ്പില് കൊല്ലപ്പെട്ടു. രക്ഷപ്പെടാന് ശ്രമിച്ച മൂന്ന് ബ്ലാക്ക് സെപ്തംബര് അംഗങ്ങളെ പിടികൂടി.
സെപ്തംബര് ആറിന്റെ ആദ്യമണിക്കൂറുകളിലാണ് ഈ കൂട്ടക്കൊലയ്ക്ക് ആസ്പദമായ ഏറ്റുമുട്ടല് നടന്നത്. രക്ഷാദൗത്യം വിജയകരമാണെന്നായിരുന്നു എയര്ബേസില് നിന്നുള്ള പ്രാഥമിക വിവരം. എന്നാല് ദിവസം മുഴുവന് ഈ സംഭവവികാസങ്ങളുടെ കവറേജ് നടത്തിയ എബിസി സ്പോര്ട്സ് കാസ്റ്റര് ജിം മക്കേ സെപ്തംബര് ആറിന് പുലര്ച്ചെ 3.24ന് പുലര്ച്ചെ ലോകത്തോട് പറഞ്ഞു; 'അവരെല്ലാം പോയി.'
ആദ്യമായി തത്സമയം സംപ്രേഷണം ചെയ്യപ്പെട്ട ബന്ദിയാക്കലും അതിനെതിരായ നടപടിയും എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ഏതാണ്ട് 900 ദശലക്ഷം ആളുകള് ടെലിവിഷനിലൂടെ ഈ സംഭവം കണ്ടതായാണ് പറയപ്പെടുന്നത്. ദീര്ഘകാലമായി നിലനില്ക്കുന്ന പാലസ്തീന്-ഇസ്രായേല് സംഘര്ഷത്തിന്റെ തുടര്ച്ചയായിരുന്നു മ്യൂണിക് കൂട്ടക്കൊല. 1948ന് ശേഷം അഭയാര്ത്ഥികളായി കഴിഞ്ഞിരുന്ന ലക്ഷക്കണക്കിന് പലസ്തീനികളുടെ ദുരിതത്തിന് അതുവരെ ലോകം അത്രയൊന്നും പ്രാധാന്യം കൊടുത്തിരുന്നില്ല. മ്യൂണിക് കൂട്ടക്കൊലയ്ക്ക് ശേഷമാണ് ഈ വിഷയം ഗൗരവമായി ലോകത്തിന്റെ ശ്രദ്ധയിലേക്ക് വന്നത്. ഇസ്രായേലിന്റെ പാലസ്തീന് അധിനിവേശം മര്യാദകളെല്ലാം ലംഘിച്ച് നിര്ബാധം തുടരുമ്പോഴും മ്യൂണിക് കൂട്ടക്കൊലപാതകം പോലുള്ള, മനുഷ്യമനഃസാക്ഷിയെ ഇന്നും വേദനിപ്പിക്കുന്ന സംഭവങ്ങള് ആവര്ത്തിക്കപ്പെടരുതെന്നാണ് ലോകം ആഗ്രഹിക്കുന്നത്.