തമിഴകം ചേർത്ത് പിടിച്ച വിജയ നായകൻ; വെട്രിമാരൻ 'ദ മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ'

ബാലുമഹേന്ദ്രയുടെ ശിഷ്യനിൽ നിന്ന് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന സംവിധായകനായി വളർന്ന്, മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരമടക്കം സ്വന്തമാക്കിയ പ്രിയ സംവിധായകന് ഇന്ന് 48-ാം ജന്മദിനമാണ്

dot image

അരികുവത്കരിക്കപ്പെട്ട ജനതയുടെ രാഷ്ട്രീയം സംസാരിക്കുന്ന സംവിധായകൻ എന്ന് വിശേഷിപ്പിക്കാം വെട്രിമാരൻ എന്ന സംവിധായകനെ. 'ഞാൻ സിനിമ ചെയ്യുകയല്ല, ഒരു സിനിമ സംഭവിക്കുമ്പോൾ അതിന്റെ ഭാഗമാവുകയാണ്' എന്നാണ് വെട്രിമാരന്റെ പക്ഷം. അനീതിക്കെതിരെയും ജാതീയതയ്ക്കെതിരെയും തന്റെ സിനിമയിലൂടെ ശബ്ദമുയർത്തുക എന്നതാണ് വെട്രിമാരൻ ചിത്രങ്ങളുടെ രീതി. ബാലുമഹേന്ദ്രയുടെ ശിഷ്യനിൽ നിന്ന് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന സംവിധായകനായി വളർന്ന്, മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരമടക്കം സ്വന്തമാക്കിയ പ്രിയ സംവിധായകന് ഇന്ന് 48-ാം ജന്മദിനമാണ്.

'നമ്മുടെ കൈയ്യിൽ കാടുണ്ടെങ്കിൽ അവർ അത് എടുക്കും. പണമുണ്ടെങ്കിൽ അത് തട്ടിപ്പറിക്കും. എന്നാൽ പഠിപ്പ് മാത്രം മറ്റാർക്കും നമ്മളിൽ നിന്നും എടുക്കാൻ കഴിയില്ല'. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഇത്രയും ലളിതമായി കാണികളിലേക്ക് വിനിമയം ചെയ്ത മറ്റൊരു സിനിമയും സംവിധായകനും സമീപകാലത്തുണ്ടായിട്ടില്ല. വെട്രിമാരൻ ചിത്രങ്ങൾക്ക് സമൂഹത്തോട് വളരെയേറെ പ്രതിബദ്ധതയുണ്ട് എന്നത് അദ്ദേഹത്തിന്റെ സിനിമകൾ തന്നെ സാക്ഷ്യം. പ്രേക്ഷകന് മികച്ച കാഴ്ച്ചാനുഭൂതി സമ്മാനിക്കുക എന്നതിലുപരി അരികുവത്കരിക്കപ്പെട്ട മനുഷ്യരുടെ രാഷ്ട്രീയത്തെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ട് വരാനാണ് വെട്രിമാരൻ ശ്രമിച്ചതും ശ്രമിച്ചുകൊണ്ടിരിക്കുന്നതും.

സിനിമയിൽ ആചാര്യനായ ബാലുമഹേന്ദ്ര പഠിപ്പിച്ചതും നൂറ് ശതമാനം അർപ്പണ ബോധത്തോടെ സിനിമയെ സമീപിക്കാൻ മാത്രമാണ്. അവയുടെ ബോക്സ് ഓഫീസ് വിജയമൊക്കെ സ്വാഭാവികമായി സംഭവിക്കുന്നതാണ്. എന്നാൽ ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ തന്റെ പേര് ബിഗ് സ്ക്രീനിൽ എഴുതി കാണിക്കുമ്പോഴേക്കും ആരവം തീർക്കാൻ പോന്ന പ്രേക്ഷകരെ സൃഷ്ടിക്കാൻ വെട്രിമാരന് കഴിഞ്ഞിട്ടുണ്ട്.

2007-ൽ ധനുഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 'പൊല്ലാതവൻ' ആണ് വെട്രിമാരന്റെ ആദ്യ ചലച്ചിത്രം. അതിൽ തന്നെ നിരൂപക പ്രശംസ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു. ആദ്യ സിനിമ തമിഴിൽ വിജയം കണ്ടതോടെ കന്നടയിലേക്കും തെലുങ്കിലേക്കും റീമേക്ക് ചെയ്യപ്പെട്ടുവെങ്കിലും വിജയം കാണാൻ കഴിഞ്ഞില്ല. എന്നാൽ വെട്രിയുടെ രണ്ടാം ചിത്രം ബോക്സ് ഓഫീസിൽ മാത്രമല്ല ദേശീയ തലത്തിലും ശ്രദ്ധയാകർഷിച്ചു. രണ്ടാം ചിത്രമായ 'ആടുകളം' നേടിയത് ആറ് ദേശീയ പുരസ്കാരങ്ങളാണ്. പിന്നീട് 2016-ൽ പുറത്തിറങ്ങിയ 'വിസാരണൈ' എന്ന ചലച്ചിത്രം ആ വർഷം ഇന്ത്യയിൽ നിന്ന് അക്കാദമി പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ചിത്രമായി. അങ്ങനെ തുടക്കം തന്നെ വെട്രിമാരൻ സിനിമപ്രേക്ഷകർക്കിടയിലും സിനിമ നിരൂപകർക്കിടയിലും സ്ഥാനമുറപ്പിച്ചു.

'കാക്ക മുട്ടൈ', 'കൊടി', 'വട ചെന്നൈ', 'അസുരൻ', 'പാവ കതൈകൾ' ആന്തോളജിയിലെ 'ഒര് ഇരവ്', 'സങ്കത്തലൈവൻ', 'വിടുതലൈ' തുടങ്ങിയ ചലച്ചിത്രങ്ങൾ സമൂഹത്തിലെ വയലൻസ് ആകുവോളം പ്രതിഫലിച്ചവയാണ്. മിഡിൽ ക്ലാസ്സ് കുടുംബ ജീവിതങ്ങൾ അഭ്രപാളികളിലേക്ക് കൊണ്ട് വരുമ്പോൾ ഫ്രെയ്മിന്റെ സൗന്ദര്യത്തെക്കാൾ കോണ്ടന്റിനോട് നീതി പുലർത്താനായിരുന്നു എക്കാലത്തും വെട്രിമാരൻ ശ്രദ്ധിച്ചിരുന്നത്. 'ശക്തമായ രാഷ്ട്രീയം പറയുന്ന ഒരു സിനിമ ചെയ്യുന്നു എന്നതിന്റെ അർഥം, ഇവിടുത്തെ സിസ്റ്റത്തിന് ഇഷ്ടമല്ലാത്ത എന്തോ നമ്മൾ പറയാൻ പോകുന്നു എന്നാണ്' എന്ന് വെട്രിമാരൻ തന്നെ തന്റെ പ്രേക്ഷകരെ ഓർമ്മിപ്പിക്കുന്നു. തമിഴ് ജനതയുടെ പ്രതിരോധത്തിന്റെയും ആത്മാഭിമാനത്തിന്റെയും ശബ്ദമായ വെട്രിമാരന്റെ വരാനിരിക്കുന്ന വട ചെന്നൈ, വിടുതലൈ സിനിമകളുടെ രണ്ടാം ഭാഗങ്ങൾക്കും തുടർന്നുള്ള സിനിമകൾക്കും വേണ്ടി കാത്തിരിക്കുകയാണ് വെട്രിമാരൻ ആരാധകർ.

dot image
To advertise here,contact us
dot image