
ഭാവരാഗങ്ങളുടെ സംഗീത പ്രതിഭ പ്രിയ ജോൺസൺ മാഷ് ഓർമ്മയായിട്ട് ഇന്ന് 12 വർഷം. കാലത്തെ അതിജീവിക്കുന്ന മുന്നൂറോളം സംഗീത വിസ്മയങ്ങള് മലയാളത്തിന് സമ്മാനിച്ച അതുല്യ സംഗീതജ്ഞന്റെ ഗാനങ്ങളെല്ലാം മലായളം സംഗീത രംഗത്ത് പുതിയ അനുഭവമായിരുന്നു. അനുരാഗിണി, ആകാശമാകെ, സ്വർണമുകിലെ, ആടിവാകാറ്റേ, അഴകേ നിൻ, രാജ ഹംസമേ, ഒന്നു തൊടാനുള്ളിൽ തീരാ മോഹം എന്നിങ്ങനെ തുടങ്ങി പ്രണയത്തെയും സന്തോഷത്തെയും സങ്കടങ്ങളെയുമെല്ലാം അദ്ദേഹം എത്ര എത്ര പാട്ടുകളിലൂടെയാണ് സംഗീത സാന്ദ്രമാക്കിയത്...
ഭരതന്റെ 'ആരവം' എന്ന സിനിമയിൽ പശ്ചാത്തല സംഗീതം ഒരുക്കിയാണ് ജോൺസൺ മാഷിന്റെ സിനിമാ പ്രവേശനം. 1981ല് പുറത്തിറങ്ങിയ 'ഇണയെത്തേടി' എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഗീതസംവിധായകനായി. പത്മരാജൻ, ഭരതൻ, സത്യൻ അന്തിക്കാട്, കമൽ, ലോഹിതദാസ്, തുടങ്ങി മലയാളത്തിന്റെ ലെജന്ററി സംവിധായകരുടെയെല്ലാം ആദ്യ പരിഗണനയായിരുന്നു ജോണ്സണ് മാഷ്. ഒഎൻവി കുറുപ്പ്, കൈതപ്രം ദാമോദരൻ നമ്പൂതിരി, പൂവച്ചൽ ഖാദർ, ഗിരീഷ് പുത്തഞ്ചേരി എന്നിങ്ങനെ മലയാളത്തെ മഹിതമാക്കിയ സമകാലിക ഗാന രചയിതാക്കള്ക്കെല്ലാം ഈണം പകര്ന്ന് ജോണ്സണ് മലയാള സിനിമയ്ക്ക് നല്കിയത് മുന്നൂറോളം സംഗീത അവിസ്മരണീയ ഗാനങ്ങൾ. 17 പത്മരാജൻ ചിത്രങ്ങൾക്കാണ് ജോൺസൺ മാഷ് സംഗീതം പകർന്നത്.
നാവിൻ തുമ്പിൽ മലയാളി പാടിനടന്ന ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകൻ നിരവധി പുരസ്കാരങ്ങളും അക്കാലയളവിൽ സ്വന്തമാക്കി. പശ്ചാത്തല സംഗീതം ഒരുക്കിയതിന് രണ്ട് തവണ ദേശീയ പുരസ്കാരം നേടുന്ന ഏക മലയാളിയാണ് ജോൺസൺ. കൂടാതെ കേരള സർക്കാരിന്റെ മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം മൂന്ന് തവണയും മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം രണ്ട് തവണയും നേടി.
കുറച്ചുനാൾ സംഗീത ലോകത്തു നിന്നു മാറി നിന്നെങ്കിലും 2006ൽ പുറത്തിറങ്ങിയ ഫോട്ടോഗ്രാഫർ എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ മാസ്റ്റർ തിരിച്ചുവരവ് നടത്തി. ശേഷം ഗുൽമോഹർ, നാടകമേ ഉലകം എന്നീ ചിത്രങ്ങൾക്കും അദ്ദേഹം സംഗീതം നിർവ്വഹിച്ചു. 2011 ഓഗസ്റ്റ് 18ന് തന്റെ 58-ാം വയസിൽ മലയാളിയെ കാല്പനികതയുടെ കല്പടവുകളിലിരുത്തി ആ സര്ഗ്ഗപ്രതിഭ കടന്നുപോയി... അകാലത്തിലെ ഹൃദയാഘാതമാണ് ജോണ്സണ് മാസ്റ്ററുടെ ജീവന് കവര്ന്നെടുത്തത്... എങ്കിലും ആ ഹൃദയ തന്ത്രികളില് പിറവി കൊണ്ട ഈണങ്ങള് മരണമില്ലാതെ ശ്രുതി മീട്ടിക്കൊണ്ടേയിരിക്കുകയാണ്...