നെയ്മർ സൗദിയിലേക്ക് പോകുമ്പോൾ യൂറോപ്പ് പേടിക്കണോ?

2023ന്റെ തുടക്കത്തിൽ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയിൽ തുടങ്ങിയതാണ് സൗദിയിലേക്കുള്ള താരങ്ങളുടെ കുത്തൊഴുക്ക്

മനീഷ മണി
2 min read|17 Aug 2023, 09:12 pm
dot image

ഖത്തർ ലോകകപ്പിന് ശേഷമാണല്ലോ നമ്മൾ അൽ നസറിനെയും അൽ ഹിലാലിനെയും അൽ എത്തിഹാദിനെയുമെല്ലാം കുറിച്ച് കേട്ട് തുടങ്ങുന്നത്. 2022 ഖത്തർ ലോകകപ്പിന് ശേഷമാണ് അറേബ്യൻ രാജ്യങ്ങൾ ക്ലബ് ഫുട്ബോളിന്റെ സാധ്യതകൾ സമഗ്രമായി ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നത്. നീക്കം മുന്നിൽ നിന്ന് നയിച്ചതാകട്ടെ സൗദിയും. കോടികൾ മുടക്കി കൂടുതൽ ആരാധക പിന്തുണയുള്ള താരങ്ങളെ ക്ലബ്ബുകളിലേക്ക് എത്തിക്കുകയായിരുന്നു സൗദിയുടെ ആദ്യ ദൗത്യം.

ഉദ്ദേശ്യം യൂറോപ്യൻ ഫുട്ബോളിനുള്ളതുപോലെയുള്ള ഒരു പേരും പ്രശസ്തിയും അറബ് ഫുട്ബോളിലേക്കും കൊണ്ടുവരിക. സൂപ്പർ താരം ക്രിസ്റ്റ്യാന്യോ റൊണാൾഡോയെ അൽ നസറിലെത്തിച്ചതോടെ ആ മാർക്കറ്റിംഗ് സ്ട്രാറ്റജി വിജയിക്കുമെന്ന് വ്യക്തമായി. ലോകം യൂറോപ്യൻ ഫുട്ബോൾ ലീഗുകൾ കാണുന്നത് പോലെത്തന്നെ സൗദി പ്രോ ലീഗും കാണണമെന്ന ദീർഘദൂര വീക്ഷണം കിരീടവകാശി മുഹമ്മദ് ബിൻ സൽമാനുണ്ടെന്ന് ചുരുക്കി പറയാം.

ഇന്ത്യയിലും ഇംഗ്ലണ്ടിലും ക്രിക്കറ്റിന് ഉള്ളതു പോലെ ഫുട്ബോളിന് മിക്ക രാജ്യങ്ങളിലും ഒരു സംസ്കാരം രൂപപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ചും യൂറോപ്യൻ രാജ്യങ്ങളിൽ, ഫുട്ബോൾ സംസ്കാരത്തിന്റെയും ജീവിതത്തിന്റെയും ഭാഗമാണ്. യുവേഫ ചാംപ്യൻസ് ലീഗ്, ഇംഗ്ലീഷ് പ്രീമിയർ ലീഗ്, സ്പാനിഷ് ലാലിഗ, ബുണ്ടസ് ലീഗ, ഇറ്റാലിയൻ സീരി എ തുടങ്ങി യൂറോപ്യൻ ഫുട്ബോൾ ലീഗുകള്ക്ക് ലഭിച്ചിട്ടുള്ള ആരാധക പിന്തുണ ലോകത്തിലെ മറ്റേത് വൻകരയ്ക്കും വെറുമൊരു സ്വപ്നമായിരുന്നു. മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് യൂറോപ്യൻ രാജ്യങ്ങൾക്ക് വ്യക്തവും ശക്തവുമായ ഒരു ഫുട്ബോൾ പാരമ്പര്യമാണുള്ളത്. ഈ മോഹിപ്പിക്കുന്ന കാൽപന്തിന്റെ ത്രസിപ്പിക്കുന്ന പാരമ്പര്യം സ്വന്തമാക്കാൻ ആരാണ് ആഗ്രഹിക്കാത്തത്?

നെയ്മർ ജൂനിയർ സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ ഹിലാലുമായി കരാറൊപ്പിട്ടത് വലിയ ഞെട്ടലൊന്നും കൂടാതെയാണ് ഫുട്ബോൾ ലോകം കേട്ടത്. ഫുട്ബോളിലെ വമ്പൻ താരങ്ങൾ യൂറോപ്പ് വിട്ട് സൗദി ക്ലബ്ബുകളിലേക്ക് ചേക്കേറുന്നത് അപ്പോഴേക്കും ഒരു ശീലമായി കഴിഞ്ഞിരുന്നു. 2023ന്റെ തുടക്കത്തിൽ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയിൽ തുടങ്ങിയതാണ് സൗദിയിലേക്കുള്ള താരങ്ങളുടെ കുത്തൊഴുക്ക്. കരീം ബെൻസെമ, എൻഗോളോ കാന്റെ , റിയാദ് മെഹ്റസ്, റൊബേർട്ടോ ഫിർമിനോ, സാദിയോ മാനെ അങ്ങനെ റൊണാൾഡോയ്ക്ക് പിന്നാലെ സൗദിയിലേക്ക് ചേക്കേറിയ വമ്പന്മാരുടെ ലിസ്റ്റിലെ ഏറ്റവും അവസാനത്തെ എൻട്രിയാണ് നെയ്മർ.

എങ്കിലും ചില സോ കോൾഡ് പിഎസ്ജി ആരാധകർ നെയ്മറിന്റെ സൗദി പ്രവേശനത്തിൽ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. യൂറോപ്പ് കണ്ട എക്കാലത്തെയും മികച്ച പ്രതിഭയാണ് നെയ്മർ എന്നെല്ലാം വാഴ്ത്തിപ്പാടിയാണ് നെയ്മറുടെ ഇപ്പോഴത്തെ ആരാധകർ എത്തുന്നത്. കഴിഞ്ഞ സീസണിൽ പരിക്കേറ്റ് വിശ്രമത്തിലിരിക്കുന്ന നെയ്മറിന്റെ വീട്ടിലേക്ക് ജാഥ നടത്തി പ്രതിഷേധം നടത്തിയവരാണ് ഇതേ നെയ്മർ പാരിസ് വിടുന്നതിൽ അസ്വസ്ഥരാകുന്നതെന്നാണ് വിരോധാഭാസം.

അതുവരെ കേട്ടുകേൾവി പോലുമില്ലാതിരുന്ന ഒരു ചെറിയ ലീഗിലെ ക്ലബ്ബിലേക്കുള്ള സാക്ഷാൽ റൊണാൾഡോയുടെ മാറ്റത്തെ അന്ന് എങ്ങനെ ന്യായീകരിക്കണമെന്ന് ആരാധകർക്കും ഫുട്ബോൾ നിരീക്ഷകർക്കും അറിയുമായിരുന്നില്ല, പണം എന്ന ഒറ്റവാക്ക് ചിലരൊക്കെ പറഞ്ഞുവെന്ന് മാത്രം. എന്നാൽ അതിനേക്കാൾ നാടകീയ രംഗങ്ങളാണ് നെയ്മറിന്റെ ട്രാൻസ്ഫർ സമയത്ത് അരങ്ങേറുന്നത്. ഫുട്ബോളിന്റെ ഈറ്റില്ലമായ യൂറോപ്പിന് മാത്രം അവകാശപ്പെടാൻ കഴിയുന്ന ആരാധക പിന്തുണയും പ്രശസ്തിയും സൗദിയിലേക്കെത്തുമോയെന്ന ചില ഭയപ്പാടുകളൊക്കെ സ്വഭാവികമാണ്.

ചില ജനുവിൻ ആരാധകരെ സംബന്ധിച്ചിടത്തോളം കുറച്ചുകാലം, ചുരുങ്ങിയത് രണ്ട് വർഷമെങ്കിലും നെയ്മർ യൂറോപ്പിൽ തുടരണമെന്ന ആഗ്രഹമുണ്ട്. മെസ്സി ആഗ്രഹിച്ച നേട്ടമെല്ലാം കൈപ്പിടിയിലൊതുക്കിയപ്പോൾ നെയ്മറിന് നേടാൻ ഏറെയുണ്ടെന്ന നിരീക്ഷണവും ഇതിനൊപ്പം ചേർത്തു വായിക്കാം.

കരിയറിന്റെ അവസാന ഘട്ടങ്ങളിൽ യൂറോപ്യൻ ലീഗുകളെ അപേക്ഷിച്ച് സമ്മർദ്ദം കുറഞ്ഞ ലീഗുകൾ തേടി സൂപ്പർ താരങ്ങൾ എത്തുന്നത് സ്വാഭാവികമാണ്. റൊണാൾഡോ ഓൾഡ് ട്രഫോർഡ് വിട്ട് അൽ നസറിലെത്തിയതും പിന്നീട് മെസ്സി ഇന്റർ മയാമി തിരഞ്ഞെടുത്തതും ഇതാണ് കാരണം. എന്നാൽ 31കാരനായ നെയ്മറിന് സമയമായിരുന്നില്ലെന്നത് ഒരു യാഥാർത്ഥ്യമാണ്. ഇനി വമ്പൻമാർ കൂട്ടമായി സൗദിയിലേക്ക് വിമാനം കയറിയാലും യൂറോപ്പിന്റെ പ്രൗഢി അവിടെ ലഭിക്കില്ലെന്നതും ശരിതന്നെ.

പിഎസ്ജിയിലെ പടലപിണക്കങ്ങളും ചാമ്പ്യൻസ് ലീഗ് കിരീടമെന്ന സ്വപ്നവും മെസ്സിയുടെ അഭാവവുമെല്ലാം നെയ്മറിന് വരാനിരിക്കുന്ന സീസണിൽ വലിയ തലവേദനയാകുമെന്നതിൽ തർക്കമില്ല. ബാഴ്സയിൽ നിന്ന് യൂറോപ്പിലേക്ക് ചേക്കേറാനുള്ള നെയ്മറിന്റെ തീരുമാനം മുതൽ പിഴവുകൾ ഏറെയാണ്. ലോകത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫർ തുകയ്ക്കാണ് നെയ്മർ ബാഴ്സലോണ വിട്ട് പിഎസ്ജിയിലെത്തിയത്. 2017ൽ 222 മില്ല്യൺ യൂറോയ്ക്കായിരുന്നു ആ കൂടുമാറ്റം.

പിഎസ്ജിയിൽ അത്ര മികച്ച പ്രകടനമായിരുന്നില്ല താരം പുറത്തെടുത്തിരുന്നത്. 2022-23 സീസണിൽ പരിക്കിന്റെ പിടിയിലായിരുന്നു നെയ്മർ. ഫെബ്രുവരി 19ന് ലീഗ് വണ്ണിൽ ലില്ലെക്കെതിരെ നടന്ന മത്സരത്തിലായിരുന്നു നെയ്മറിന് പരിക്കേറ്റത്. തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്ന നെയ്മറിന് സീസണിലെ മറ്റ് മത്സരങ്ങൾ നഷ്ടമാവുകയും ചെയ്തിരുന്നു. 173 മത്സരങ്ങളിൽ നിന്ന് 118 ഗോളുകളാണ് താരം പിഎസ്ജിക്ക് വേണ്ടി അടിച്ചുകൂട്ടിയത്. കണക്കുകളിൽ താരം പിന്നിലാണ്. എംബാപെയുടെ നിഴലിലാവുമോയെന്ന ഭയവും താരത്തിനൊപ്പമുണ്ട്.

ഇനി പരിശോധിക്കേണ്ടതും അറിയേണ്ടതും അറേബ്യയിൽ കാൽപന്ത് വസന്തം തീർക്കാൻ സൂപ്പർ താരത്തിന് കഴിയുമോ ഇല്ലയോ എന്ന കാര്യത്തിലാണ്. ആ ഉത്തരത്തിനായി കാത്തിരിക്കാം.

dot image
To advertise here,contact us
dot image