

വളരെ സിംപിളായ എന്നാൽ മലയാള സിനിമയിലെ ശക്തനായ സംവിധായകൻ. എന്തുപറഞ്ഞാലും ചിരിച്ചുകൊണ്ടു മാത്രം സംസാരിക്കുകയും സിനിമയ്ക്കകത്തുള്ളവരോടും പുറത്തുള്ളവരോടും ഒരു സാധാരണക്കാരനെ പോലെ ഇടപഴകുകയും ചെയ്തിരുന്ന സിദ്ദിഖിന്റെ സിനിമകളും അങ്ങനെ തന്നെയാണ്. 'ചിരി എന്റെ കൂടെയുള്ളതാണ്. എല്ലാവരും എന്നെ പറ്റി പറയുന്ന പരാതി അതുമാത്രമാണ്. എന്ത് പറഞ്ഞാലും ഞാൻ ചിരിച്ചുകൊണ്ടിരിക്കും. എന്നെ അങ്ങനെ അധികം പേർ വഴക്ക് പറയാറില്ല. എന്റെ അമ്മ വഴക്ക് പറഞ്ഞാലും ഞാൻ ചിരിച്ചുകൊണ്ടിരിക്കും. അത് ചെറുപ്പം മുതലേ ശീലിച്ചിട്ടുള്ള ഒരു ചീത്ത സ്വഭാവമാണ്. ഈ ചിരി ഉളളതുകൊണ്ടുതന്നെ എന്നെ സമീപിക്കാൻ ആർക്കും മടിയില്ല. സംസാരിക്കാനിഷ്ടപ്പെടുന്നതിലേറെ എനിക്ക് കേൾക്കാനാണ് കൂടുതലിഷ്ടം. അങ്ങനെയും പുതിയ കഥകൾ കിട്ടുമല്ലോ എന്ന ഗൂഢലക്ഷ്യം കൂടിയുണ്ട്,' ഒരു അഭിമുഖത്തിൽ സിദ്ദിഖ് പറഞ്ഞത് ഇങ്ങനെയാണ്.
മലയാളികളുടെ നർമ്മ ബോധത്തിന്റെ പൾസറിഞ്ഞ സംവിധായകനും എഴുത്തുകാരനുമൊക്കെയായി ഉയരാന് കാരണം ആദ്യ സിനിമയുടെ പരാജയം തന്നെയായിരുന്നു. 1986-ൽ പുറത്തിറങ്ങിയ 'പപ്പൻ പ്രിയപ്പെട്ട പപ്പൻ' എന്ന ചിത്രത്തിലൂടെയാണ് സിദ്ദിഖ് സിനിമാ രംഗത്തേക്കെത്തുന്നത്. സിനിമയിൽ ഒരു തുടക്കക്കാരനായിരുന്ന തനിക്ക് ആദ്യ സിനിമ ഒരു പാഠപുസ്തകം കൂടിയായിരുന്നു. തന്റെ ആദ്യ സിനിമ ജീവിതത്തിന്റെ തുടക്കകാലത്തെ കുറിച്ച് ഒരിക്കൽ സിദ്ദിഖ് പറഞ്ഞ വാക്കുകളിങ്ങനെയാണ്.
'എനിക്ക് പപ്പൻ പ്രിയപ്പെട്ട പപ്പൻ ഒരു വലിയ പരാജയമായിരുന്നു. അവിടുന്നാണ് ഞാൻ ഒരുപാട് പഠിച്ചത്. സിനിമയെ വളരെ സീരിയസായി കാണണം, ഇനി പഠിച്ചിട്ട് സിനിമ എഴുതിയാൽ മതി എന്ന് തീരുമാനിക്കുന്നത് ആ സിനിമയുടെ അനുഭവത്തിൽ നിന്നാണ്. ആ കാലഘട്ടത്തിൽ വളരെ വ്യത്യസ്തമായ ഒരു സിനിമയായിരുന്നു പപ്പൻ പ്രിയപ്പെട്ട പപ്പൻ. പക്ഷെ അത് അംഗീകരിക്കപ്പെട്ടില്ല. പിന്നീട് ചെയ്ത സിനിമകൾ ഒന്നും പരാജയമറിയാഞ്ഞതും ആ സിനിമയുടെ പരാജയത്തിൽ നിന്ന് ലഭിച്ച പാഠം കൊണ്ടാണ്. ആദ്യ പരാജയം ഉണ്ടായപ്പോൾ വല്ലാത്ത നിരാശയിലായി. ഞാൻ സിനിമാ രംഗത്ത് പറ്റിയ ആളല്ല എന്ന് തോന്നി. എന്റെ കോൺഫിഡൻസ് ലെവലാണ് ആദ്യം ഇല്ലാതായത്. പിന്നീട് ചിന്തിച്ചു, എന്തുകൊണ്ടായിരുന്നു ആ പരാജയമെന്ന്. എക്സപീരിയൻസില്ല, സിനിമയെ കുറിച്ച് പഠിച്ചിട്ടില്ല, പ്രേക്ഷകനോടൊപ്പം നിന്നുവേണം സിനിമ ചെയ്യാൻ എന്നിങ്ങനെയുള്ള കാര്യങ്ങൾ മനസിലാക്കി. അങ്ങനെ എഴുത്ത് നിർത്തി, സിനിമയെ പഠിക്കാൻ തുടങ്ങി. അന്ന് ഒരു 24 വയസ്സൊക്കെ ഉണ്ടാകും എനിക്ക്. സിനിമകൊണ്ട് എനിക്ക് നഷ്ടം ഉണ്ടായിട്ടില്ല. എന്റെ പടത്തിൽ അഭിനയിച്ചവർക്കും കരിയറിൽ ഉയർച്ച മാത്രമേ ഉണ്ടായിട്ടുള്ളൂ, അക്കാര്യത്തിൽ എനിക്ക് സന്തോഷമുണ്ട്. എന്റെയോ എന്റെ സുഹൃത്തുക്കളുടെയോ ജീവിതാനുഭവങ്ങളാണ് എന്റെ എല്ലാ സിനിമകളും. അത് അവരോട് പറയുമ്പോഴാണ് അവർക്കുപോലും മനസിലാവുക. മനസിലാകാത്ത വിധത്തിൽ സിനിമയെടുക്കുക എന്നത് നമ്മുടെ കഴിവാണ്. ഞാൻ എന്റെ കരിയർ ആരംഭിച്ചത് മിമിക്രി കലാകാരനായിട്ടാണെങ്കിലും പ്രീഡിഗ്രി കഴിഞ്ഞ് എനിക്ക് സ്കൂളിൽ ക്ലർക്കായി ജോലി കിട്ടി. വളരെ കംഫർട്ടബിൾ ആയ ജോലിയാണത്. പക്ഷെ ഞാൻ അവിടെ കംഫർട്ടബിൾ ആയിരുന്നില്ല. ഞാൻ ജോലിക്ക് ചെല്ലുന്ന ആദ്യ ദിവസം തന്നെ എനിക്കറിയാമായിരുന്നു എന്റെ ഏരിയ ഇതല്ല, ഇവിടെ നിന്ന് ഞാൻ പോകുമെന്ന്. എന്റെ സ്വപ്നം ഒരു അധ്യാപകനാവുക എന്നതായിരുന്നു. പക്ഷെ വിധി തള്ളി മിമിക്രിയിലേക്കും സിനിമയിലേക്കും എത്തിച്ചു. ഈ സമയം ജീവിക്കാൻ ഇഷ്ടപ്പെടുന്നയാളാണ് ഞാൻ. ഭാവിയെ കുറിച്ച് ഞാൻ വ്യാകുലപ്പെടാറില്ല. ഇന്ന് നല്ലതുപോലെ പരിശ്രമിച്ചാൽ നാളെ എനിക്കതിന്റെ ഫലം ഉണ്ടാകുമെന്നതിൽ വിശ്വസിക്കുന്നുണ്ട്. ഇന്നിൽ ജീവിക്കാനാണ് എനിക്കിഷ്ടം.