'നിങ്ങളില്ലെങ്കില് ഞാന് വട്ട പൂജ്യം'; 'കല്ക്കി' വിജയത്തില് ആരാധകരോട് പ്രഭാസ്

'ഇതിലും വലിയ ഒരു ഭാഗമാണ് ഇനി കാണാനിരിക്കുന്നത്...'

dot image

'കല്ക്കി'യുടെ വിജയത്തില് പ്രേക്ഷകരോടും അണിയറപ്രവര്ത്തകരോടും നന്ദി പറഞ്ഞ് തെന്നിന്ത്യന് താരം പ്രഭാസ്. 'കല്ക്കി 2898 എ ഡി'യുടെ നിര്മ്മാതാക്കളായ വൈജയന്തി മൂവീസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പ്രഭാസിന്റെ വീഡിയോ പങ്കുവെച്ചത്. പ്രേക്ഷകരില്ലെങ്കില് താന് ഒന്നുമല്ല എന്നും ഇത്രയും വമ്പിച്ച ഹിറ്റ് ഉണ്ടാക്കി തന്നതിന് നന്ദിയുണ്ടെന്നും താരം പറയുന്നു. വൈജയന്തി മൂവീസിനെ കൂടാതെ സംവിധായകന് നാഗ് അശ്വിനും സഹതാരങ്ങള്ക്കും പ്രഭാസ് നന്ദി അറിയിച്ചു.

"എന്റെ ആരാധകരെ, ഇത്രയും വമ്പിച്ച ഹിറ്റ് നല്കിയതിന് ഒരുപാട് നന്ദി, നിങ്ങളില്ലെങ്കില് ഞാന് വട്ട പൂജ്യമാണ്. സംവിധായകന് നാഗ് അശ്വിന് ഒരുപാട് നന്ദി. അഞ്ച് വര്ഷം അദ്ദേഹം ഈ സിനിമയ്ക്കായി കഷ്ടപ്പെട്ടു. ഇത്രയും ബ്രഹ്മാണ്ഡ സിനിമയൊരുക്കാന് തയ്യാറായ നിര്മ്മാതാക്കള്ക്ക് ഒരുപാട് നന്ദി.വളരെ ധൈര്യമുള്ള നിര്മ്മാതാക്കളാണ് അവര്. സിനിമയ്ക്ക് വേണ്ടി അവര് ചെലവഴിക്കുന്നത് കണ്ട് ഞങ്ങള് വളരെ ആശങ്കയിലായിരുന്നു. നിര്മ്മാതാക്കളായ അശ്വിനി ദത്ത്, സ്വപ്ന ദത്ത്, പ്രിയങ്ക ദത്ത് എന്നിവരോട് ഞാന് ചോദിച്ചു, 'നമ്മള് ഈ സിനിമയ്ക്കായി ഒരുപാട് ചെലവഴിക്കുന്നുണ്ട് അല്ലേ എന്ന്', അപ്പോള് അവര് പറഞ്ഞത്, 'അതോര്ത്ത് പേടിക്കേണ്ട, വലിയ ഹിറ്റാകാന് പോകുന്ന ഒരു സിനിമയാണ് നമ്മള് നിര്മ്മിക്കുന്നത്. അതുകൊണ്ട് തന്നെ ഉയര്ന്ന ക്വാളിറ്റിയില് തന്നെ ഒരുക്കണം',എന്ന്.

വൈജയന്തി മൂവീസിനും നാഗിക്കും ഒരുപാട് നന്ദി, കാരണം ഈ സിനിമയിലൂടെ എനിക്ക് ഇന്ത്യന് സിനിമയിലെ ഏറ്റവും വലിയ ലജന്ഡുമാരോടൊപ്പം അഭിനയിക്കാന് സാധിച്ചു. അമിതാഭ് ബച്ചന്, കമല് ഹാസന്... അവരുടെ വളര്ച്ച കണ്ടാണ് ഞാനും വളര്ന്നത്. നിങ്ങളില് നിന്ന് ഒരുപാട് കാര്യങ്ങള് പഠിക്കാന് സാധിച്ചു. ദീപികയ്ക്കും നന്ദി, നമുക്കറിയാം ഇതിലും വലിയ ഒരു ഭാഗമാണ് ഇനി കാണാനിരിക്കുന്നത്..."

ആഗോള തലത്തില് 'കല്ക്കി 2898 എ ഡി' 1,000 കോടിയും പിന്നിട്ട് തിയേറ്ററില് വിജയകരമായി പ്രദര്ശനം തുടരുകയാണ്. ഇന്ത്യയില് നിന്ന് മാത്രം 500 കോടിയിലധികവും സിനിമ കളക്ട് ചെയ്തിരുന്നു. സിനിമയെ 'മഹാ ബ്ലോക്ബസ്റ്റർ' എന്നാണ് നിര്മ്മാതാക്കള് വിശേഷിപ്പിച്ചിരിക്കുന്നത്. മാത്രമല്ല, പ്രഭാസിന്റെ രണ്ടാമത്തെ 1000 കോടി സിനിമ എന്ന പ്രത്യേകതയും കല്ക്കി സ്വന്തമാക്കിയിരിക്കുകയാണ്.

'സ്നേഹത്തോടെ, പ്രാർഥനയോടെ'; എംടിയ്ക്ക് ജന്മദിനാശംസകളുമായി മോഹന്ലാല്
dot image
To advertise here,contact us
dot image