
തിരുവനന്തപുരം: പനവൂരിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു. വില്ലേജ് ഓഫീസിന് സമീപം അനസിൻറെ വീടിനു മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ സംഭവത്തിൽ വീടിന്റെ അടുക്കള തകർന്നു. 22-ഓളം അടി ഉയരത്തിലുണ്ടായിരുന്ന മൺതിട്ടയാണ് വീടിനു മുകളിലേക്ക് ഇടിഞ്ഞുവീണത്.
ചുമരുകളിലും തറയിലും വിള്ളൽ വീണു. മണ്ണിടിച്ചിലിൽ സമീപത്തുണ്ടായിരുന്ന ഒരു കിണറും മൂടിപ്പോയി. വീടിന് മുറ്റത്ത് പാർക്ക് ചെയ്തിരുന്ന അനസിന്റെ ഇരുചക്ര വാഹനവും ഓട്ടോറിക്ഷയും കുട്ടികളുടെ സൈക്കിളും മണ്ണിനടിയിലായി.
രണ്ടുവർഷം മുമ്പ് ലൈഫ് ഭവന പദ്ധതിയിലാണ് ഓട്ടോറിക്ഷ തൊഴിലാളിയായ അനസിന് വീട് സ്വന്തമായത്. അനസും ഭാര്യ അജീനയും നാല് മക്കളുമാണ് വീട്ടിൽ താമസിക്കുന്നത്. ഓട്ടോറിക്ഷ ഓടിച്ചുള്ള വരുമാനം മാത്രമാണ് കുടുംബത്തിനുള്ളത്.