'വേദിയിൽ നടന്നത് ഗൗരവമായ ചർച്ച മാത്രം'; വീഡിയോ വിവാദത്തിൽ വിശദീകരണവുമായി സൗന്ദർരാജൻ

ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിൻ്റെ വീഡിയോ ക്ലിപ്പിൽ അമിത് ഷാ സൗന്ദർരാജനോട് കയർക്കുന്നതിന്റെയും വിരൽ ചൂണ്ടി സംസാരിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു

dot image

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വേദിയിൽ വെച്ച് പരസ്യമായി ശകാരിച്ചതായി പുറത്ത് വന്ന വീഡിയോക്ക് വിശദീകരണവുമായി തമിഴ്നാട് ബിജെപി നേതാവ് തമിഴിസൈ സൗന്ദർരാജൻ. തമിഴ്നാട്ടിലെ പാർട്ടി പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കണമെന്ന ഗൗരവമായ ചർച്ച മാത്രമാണ് നടന്നതെന്നും അല്ലാത്ത അഭ്യൂഹങ്ങളും ധാരണകളും തെറ്റാണെന്നും സൗന്ദർരാജൻ പറഞ്ഞു.

ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിൻ്റെ വീഡിയോ ക്ലിപ്പിൽ അമിത് ഷാ സൗന്ദർരാജനോട് കയർക്കുന്നതിന്റെയും വിരൽ ചൂണ്ടി സംസാരിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. തമിഴ്നാട് ബിജെപിയിലെ ഉൾപ്പോരിൽ ശക്തമായ താക്കീത് നൽകുകയാണ് അമിത് ഷാ ചെയ്തത് എന്നായിരുന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്.

തെലങ്കാന മുൻ ഗവർണർ കൂടിയായിരുന്ന സൗന്ദരരാജൻ വ്യാഴാഴ്ച്ച തന്റെ എക്സിലൂടെയാണ് വീഡിയോക്ക് വിശദീകരണം നൽകിയത്. '2024ലെ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി ആന്ധ്രാപ്രദേശിൽ വെച്ച് നമ്മുടെ ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷായെ ഞാൻ കണ്ടു. ഇന്നലെ കണ്ടപ്പോൾ പോസ്റ്റ് പോൾ ഫോളോഅപ്പിനെയും സംസ്ഥാനത്ത് അഭിമുഖീകരിക്കുന്ന വെല്ലുവിളികളെയും കുറിച്ച് ചോദിക്കാൻ അദ്ദേഹം എന്നെ വിളിച്ചു. ഞാൻ വിശദമായി പറയുമ്പോൾ, സമയക്കുറവ് കാരണം രാഷ്ട്രീയ മണ്ഡല പ്രവർത്തനങ്ങൾ ഊർജിതമായി നടത്താൻ അദ്ദേഹം ഉപദേശിച്ചു, മറ്റുള്ള എല്ലാ അനാവശ്യ ഊഹാപോഹങ്ങളും തള്ളി കളയുകയാണ്', സൗന്ദർരാജൻ എക്സിൽ കുറിച്ചു.

സൗന്ദർരാജൻ പൊതു തിരഞ്ഞെടുപ്പിൽ ദക്ഷിണ ചെന്നൈ ലോക്സഭാ മണ്ഡലത്തിൽ നിന്നും മത്സരിച്ചിരുന്ന സൗന്ദർരാജൻ ഡിഎംകെയുടെ തങ്കപാണ്ഡ്യനോട് പരാജയപ്പെട്ടിരുന്നു. ബുധനാഴ്ച ചെന്നൈയിലേക്ക് മടങ്ങിയെത്തിയ സൗന്ദർരാജൻ വീഡിയോയെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിൽ നിന്നും ഒഴിഞ്ഞ് മാറിയിരുന്നു.

dot image
To advertise here,contact us
dot image