
ഷാർജ: ഷാർജയിൽ കംപ്യൂട്ടർ സ്ഥാപനം നടത്തുന്ന മലയാളി യുവാക്കളുടെ സംരക്ഷണത്തിൽ ഒരു വർഷത്തോളമായി കഴിഞ്ഞിരുന്ന അർബുദ രോഗിയായ സിറിയൻ വയോധികൻ അന്തരിച്ചു. 74 വയസ്സുള്ള അഹമ്മദ് നൂറി അൽ അഖ് ലാസി ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടോടെ അൽ ഐൻ അൽ തവാം ആശുപത്രിയിൽ മരിച്ചത്. അർബുദം ബാധിച്ച അഹമ്മദ് നൂറിന് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനുള്ള ശ്രമം പുരോഗമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം യുഎഇയിൽ തന്നെ സംസ്കരിക്കാനാണ് ആലോചിക്കുന്നതെന്ന് സംരക്ഷ സംഘത്തിലെ ഒരാളായ ഹസീൻ അസ്ലം പറഞ്ഞു.
കഴിഞ്ഞ ഒരു വർഷത്തോളമായി മലപ്പുറം പുളിക്കൽ സ്വദേശികളായ ഹസീൻ അസ് ലം, ജസീം ഇഹ്സാൻ, കാസർകോട് സ്വദേശികളായ മുഹമ്മദ് ഗസാലി, ജാഫർ എന്നിവരുടെ സംരക്ഷണത്തിലായിരുന്നു. വർഷങ്ങളായി ഷാർജ ബുഹൈറ കോർണിഷിൽ കംപ്യൂട്ടർ സ്ഥാപനം നടത്തുന്ന ഹസീനും മുഹമ്മദ് ഗസാലിയും അവിടെ നിന്നാണ് അഹമ്മദ് നൂറി അൽ അഖ് ലാസി എന്ന സിറിയൻ വയോധികനെ പരിചയപ്പെട്ടത്.
അഹമ്മദ് നൂറി ഒരു ഇവന്റസ് ഓർഗനൈസേഷൻ കമ്പനിയിൽ എന്റർടൈൻമെന്റ്–സംഗീത വിഭാഗത്തിൽ ജോലി ചെയ്തുവരികയായിരുന്നു. യൂറോപ്പുകാരിയായ ഭാര്യയോടൊപ്പം തൊട്ടടുത്തുള്ള അപ്പാർട്ട്മെന്റിൽ സുഖകരമായ ജീവിതം നയിച്ചിരുന്ന അഹമ്മദ് നൂറിക്ക് ജോലി നഷ്ടപ്പെട്ടു. പുതിയ ജോലിക്കായി അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നതിനിടെ, ഭാര്യ സ്വന്തം നാട്ടിലേക്ക് മടങ്ങുകയും പിന്നീട് വിവാഹമോചനം നേടുകയും ചെയ്തു. ബന്ധുക്കളോ കൂട്ടുകാരോ ആരും ഇല്ലാതെ ഒറ്റപ്പെട്ടുപോയ അഹമ്മദ് നൂറിയെ ഹസീനും ജാഫറും ഏറ്റെടുക്കുകയും തൊട്ടടുത്ത് തന്നെ താമസ സൗകര്യം ഒരുക്കിക്കൊടുക്കുകയായിരുന്നു. എല്ലാ ദിവസവും ഭക്ഷണം നൽകി സംരക്ഷിച്ചു. നാല് ദിവസം മുൻപ് രോഗം മൂർച്ഛിച്ച് അവശനായി അഹമദ് നൂറിയെ അൽ ഖാസിമി ആശുപത്രിയില് പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി കൂടുതൽ വഷളായതിനാൽ അബുദാബി ഹെൽത്ത് സർവീസസ് കമ്പനിക്ക് കീഴിലുള്ള അൽ ഐൻ അൽ തവാം ആശുപത്രിയിലേക്ക് അദ്ദേഹത്തെ കൊണ്ടുപോവുകയായിരുന്നു.