
ദുബായ്: ദുബായ് മാളിൽ പോക്കറ്റടി നടത്തിയ നാലംഗ സംഘത്തെ പൊലീസ് പിടികൂടി. 23, 28, 45, 54 വയസ്സ് പ്രായമായവരാണ് പിടിയിലായത്. സിവിലിയൻ വസ്ത്രമണിഞ്ഞ് രംഗത്തിറങ്ങിയ പൊലീസ് ജനങ്ങൾക്കിടയിൽ ഇറങ്ങി നടത്തിയ നിരീക്ഷണത്തിലാണ് പ്രതികൾ പിടിയിലായത്.
ദുബായ് മാളിലെ ഡാൻസിങ് ഫൗണ്ടയ്ൻ ഭാഗത്ത് ഷോ കാണാനെന്ന വ്യാജേന എത്തിയ ശേഷം നാലംഗസംഘം ചേർന്ന് മോഷണം നടത്തുമ്പോഴാണ് പൊലീസ് കസ്റ്റഡിയിലെടുത്ത്. മോഷണം നടന്ന ദിവസം രഹസ്യ ഉദ്യോഗസ്ഥർ പ്രതികളെ നിരീക്ഷിക്കുകയും പിടികൂടുകയും ചെയ്തു. അവ നിരീക്ഷണ ക്യാമറകളിലും പതിഞ്ഞിട്ടുണ്ട്.
നാലു പേരിൽ രണ്ടു പേർ മോഷണം നടത്തുന്നതിനായി ഒരു സ്ത്രീയുടെ ശ്രദ്ധ തെറ്റിക്കുകയും മൂന്നാമത്തെയാൾ മോഷ്ടിക്കുകയും നാലാമത്തെയാൾ സ്ത്രീയുടെ നീക്കങ്ങൾ നിരീക്ഷിക്കുകയും ചെയ്യുന്നതാണ് ഇവരുടെ കവർച്ചാ രീതി. ഇരയുടെ ശ്രദ്ധ തിരിക്കാനും അവളുടെ ഫോൺ മോഷ്ടിക്കാനും പിന്നീട് തിരിച്ചറിയാതിരിക്കാൻ ചിതറിപ്പോയതും ഫൂട്ടേജിൽ കാണിച്ചു.
സന്ദർശകർ കൂടുതലായി എത്തുന്ന ദുബായ് മാൾ പോലുള്ള സ്ഥലങ്ങളിൽ മോഷണം വർധിച്ചതിനെതുടർന്നാണ് പൊലീസ് രംഗത്തെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഒരു മാസം തടവിനും നാടുകടത്താനും ഉത്തരവിട്ടതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.