
അബൂദബി: എമിറേറ്റിൽ പുറം ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് കടുത്ത വേനലിൽ സുരക്ഷയൊരുക്കാൻ ലക്ഷ്യമിട്ടുള്ള ഉച്ചവിശ്രമ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ നിർമാണ മേഖലകളിൽ പരിശോധന കർശനമാക്കി അബുദബി സിറ്റി മുനിസിപ്പാലിറ്റി. പരിസ്ഥിതി, ആരോഗ്യസുരക്ഷ ഡിപ്പാർട്ട്മെന്റുകൾ ചേർന്നാണ് പരിശോധന നടത്തിയത്. കനത്ത വേനൽ ചൂടിനെ തുടർന്നാണ് തൊഴിലാളികൾക്ക് മധ്യവേനലവധി നടപ്പാക്കുന്നത്. ജൂൺ 15 മുതൽ സെപ്റ്റംബർ 15വരെയാണ് ഈ ഉച്ചവിശ്രമ നിയമത്തിന്റെ കാലാവധി.
മാനവ വിഭവശേഷി, എമിററ്റൈസേഷൻ മന്ത്രാലയം രാജ്യത്ത് ഉച്ച വിശ്രമം നിയമം പ്രഖ്യാപിച്ചത്. ഈ മൂന്നുമാസ കാലയളവിൽ തെരുവോരങ്ങളിൽ ജോലി ചെയ്യുന്നവർ ഉച്ചയ്ക്ക് 12 മണി മുതൽ മൂന്നുമണിവരെ വിശ്രമം അനുവദിക്കണമെന്നാണ് നിയമം. അതേസമയം നിയമം ലംഘിക്കുന്നവർക്കെതിരെ കർശനമായ ശിക്ഷയുണ്ടാകും. നിയമലംഘകർക്ക് അരലക്ഷം ദിർഹം വരെയാണ് പിഴ തുകയായി ചുമത്തുക.
ഉച്ച സമയത്ത് തൊഴിലാളികൾക്ക് വിശ്രമിക്കാനാവശ്യമായ സൗകര്യങ്ങൾ തൊഴിലുടമ ഒരുക്കണം. അതേസമയം തൊഴിലാളികൾക്ക് കുടകളും ശീതളപാനീയങ്ങളും വിതരണം ചെയ്ത് വരികയാണ് അബുദബി പൊലീസ്. തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും മുൻനിർത്തിയാണ് സമഗ്രമായ നിയമം നടപ്പാക്കുന്നത്. ഉച്ചവിശ്രമവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കാൾ സെന്റർ (600590000), സ്മാർട്ട് ആപ്, വെബ്സൈറ്റ് എന്നിവ മുഖേന അറിയിക്കാം.