
റിയാദ്: സൗദി അറേബ്യയിലെ ജസാൻ മേഖലയിൽ ഇനി മുല്ലപ്പൂ സീസൺ. വേനൽക്കാലത്താണ് ജസാനിൽ മുല്ലപ്പവിന്റെ സീസൺ തുടങ്ങുന്നത്. ജസാൻ മേഖലയിൽ 950 ഏക്കറിലേറെയാണ് മുല്ലപ്പൂ കൃഷി ചെയ്യുന്നത്. ജസാൻ മേഖലയിലെ എല്ലാ വിശേഷ അവസരങ്ങളിലും സവിശേഷമായ പ്രാധാന്യമാണ് മുല്ലപ്പൂവിനുള്ളത്. സൗദിയിലേക്ക് എത്തിച്ചേരുന്ന വിനോദസഞ്ചാരികൾക്കും ജസാനിലേക്കുള്ള സന്ദർശകർക്കും സമ്മാനമായി നൽകുന്നത് ഈ മുല്ലപ്പൂക്കളാണ്.
ജസാനിലെ സാമൂഹിക ഘടനയിൽ മുല്ലപ്പൂവിന് സവിശേഷമായ പ്രാധാന്യവുമുണ്ട്. സുഗന്ധം കൊണ്ട് മാത്രമല്ല, വിവിധ പരിപാടികളിൽ വളരെ പ്രധാന്യത്തോടെയാണ് മുല്ലപ്പൂവിന് ഇടം നൽകുന്നത്. ഈ മേഖലയിലെ യുവതികളും പെൺകുട്ടികളും മൂല്ലപ്പൂവും മുല്ലമൊട്ടുമൊക്കെ കോർത്തെടുത്ത് മാലയാക്കി ധരിക്കുന്നത് തലമുറകളായി തുടരുന്നുന്നതാണ്. ഇവിടെ വിവാഹ സൽക്കാരത്തിനും, ജന്മദിന ആഘോഷങ്ങൾക്കുമെല്ലാം മുല്ലപ്പൂ പ്രധാന അലങ്കാരമായും ഉപയോഗിക്കുന്നുണ്ട്. ഇവിടെ എത്തുന്ന അതിഥികളെ മുല്ലപ്പുകൊണ്ട് മാലയും ബൊക്കയുമൊരുക്കിയാണ് സ്വീകരിക്കാറുള്ളത്.
ജസാനിലെ എല്ലാ വിവാഹ ചടങ്ങുകളിലും സാംസ്കാരിക പ്രാധാന്യം കണക്കിലെടുത്ത് വധുക്കൾ മുല്ലപ്പൂ കൊണ്ട് പല ഡിസൈനുകളിൽ നിർമ്മിച്ച മാലകളും കിരീടങ്ങളും ധരിക്കണം എന്നുണ്ട്. സ്ത്രീകൾ കൈകളിൽ വളകൾപോലെ മുല്ലമൊട്ടുകൾകൊണ്ടുള്ള പലതരം മാലകൾ അണിയാറുണ്ട്. ബന്തിപ്പൂക്കളും മുല്ലപ്പൂക്കളും കൊണ്ട് വൃത്താകൃതിയിൽ മെനഞ്ഞുകെട്ടിയ കീരീടമുണ്ടാക്കി തലയിൽ വയ്ക്കും. പ്രവിശ്യയിൽ വാണിജ്യാടിസ്ഥാനത്തിൽ മുല്ല കൃഷി ചെയ്യുന്നുണ്ടെങ്കിലും സ്ത്രീകൾ അവരുടെ വീടുകളിലോ പൂന്തോട്ടത്തിലോ കുറച്ച് മുല്ല വളർത്തി സുഗന്ധം നിറയ്ക്കാറുണ്ട്.
ജസാനിലെ ഏറ്റവും വലിയ ഇനം മുല്ലപ്പൂവാണ് അസ്സാൻ ജാസ്മിൻ. ഇതിൻ്റെ മുകുളങ്ങൾ നീളമുള്ളതും കൂടുതലും പർവതപ്രദേശങ്ങളിൽ വളരുന്നതും ഇളം മഞ്ഞ നിറത്തിലുള്ളതുമാണ്. മറ്റൊരു ജനപ്രിയ ഇനം തൂ വെള്ളനിറത്തിലുള്ളതാണ്. അതിൻ്റെ മുകുളങ്ങൾ കൊണ്ടാണ് മാലകൾ നിർമ്മിക്കുന്നത്. ചില പുരുഷന്മാർ തലയിൽ മുല്ലപ്പൂമാല ധരിക്കാറുണ്ട്. രാത്രിയിൽ ചുറ്റും രൂക്ഷഗന്ധം പരത്തുന്ന ചില ഇനങ്ങളുമുണ്ട്. മൊട്ടുകൾ ദിവസങ്ങളോളം ഐസിൽ സൂക്ഷിച്ച് വെച്ചാണ് ദൂരെയുള്ള കമ്പോളങ്ങളിലേക്ക് എത്തിക്കുന്നത്. വേനൽക്കാലത്ത് ധാരാളമായി മുല്ലപ്പൂ ലഭിക്കും. എന്നാൽ ശൈത്യക്കാലത്ത് വളരെ കുറവായിരിക്കും.
പൂക്കളും ചെടികളും ജസാന്റെ ജീവിതരീതിയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ്. പ്രദേശത്തെ സമ്പന്നവും ഫലഭൂയിഷ്ഠവുമായ മണ്ണ് പൂന്തോട്ടപരിപാലനത്തിന് ഏറെ അനുയോജ്യമാണ്. വ്യാപാരം ലാഭാകരമാക്കാൻ മുല്ലപ്പൂ വ്യാപകമായി നട്ടു നനയ്ക്കുകയാണ് ഇവിടത്തെ കർഷകർ. കൃഷിക്കായി കർഷകർക്ക് താങ്ങും തണലും മികച്ച പിന്തുണയുമായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയവും രംഗത്തുണ്ട്.