ബലിപെരുന്നാൾ; ഗൾഫ് രാജ്യങ്ങളിൽ തടവുകാർക്ക് മാപ്പ് നൽകി

ഒമാനിൽ ബലിപെരുന്നാളിനോടനുബന്ധിച്ച് 169 തടവുകാർക്കാണ് സുൽത്താൻ ഹൈത്തം ബിൻ താരിഖ് പൊതുമാപ്പ് നൽകിയിരിക്കുന്നത്

dot image

അബുദബി: ബലിപെരുന്നാൾ പ്രമാണിച്ച് ഗൾഫ് രാജ്യങ്ങളിൽ തടവുകാർക്ക് മാപ്പ് നൽകി. യുഎഇയിൽ വിവിധ എമിറേറ്റുകളിലെ ജയിലുകളിലുള്ള വിവിധ രാജ്യക്കാരായ 2,984 തടവുകാരെയാണ് ബലിപെരുന്നാൾ പ്രമാണിച്ച് മാപ്പുനൽകി വിട്ടയയ്ക്കുന്നത്. അബുദബി 1,138, ദുബായ് 686, ഷാർജ352, അജ്മാൻ 233, റാസൽഖൈമ 481,ഫുജൈറ94 എന്നിങ്ങനെയാണ് തടവുകാരുടെ എണ്ണം.

ചെറിയ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവരെയും തടവുകാലത്ത് നല്ല നടപ്പിന് വിധേയരായവരെയുമാണ് മോചിപ്പിക്കുക. അവരുടെ സാമ്പത്തിക ബാധ്യതയും ഒഴിവാക്കും. തെറ്റുകളിൽ പശ്ചാത്തപിച്ച് പുതിയൊരു ജീവിതം നയിക്കാനുള്ള അവസരമാണ് ഇതിലൂടെ തടവുകാർക്ക് കൈവന്നിരിക്കുന്നത്.

ഒമാനിൽ ബലിപെരുന്നാളിനോടനുബന്ധിച്ച് 169 തടവുകാർക്കാണ് സുൽത്താൻ ഹൈത്തം ബിൻ താരിഖ് പൊതുമാപ്പ് നൽകിയിരിക്കുന്നത്. റോയൽ ഒമാൻ പൊലീസ് ഇന്നു പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇതു സംബന്ധിച്ച് അറിയിപ്പ് പുറത്തുവിട്ടിരിക്കുന്നത്. തടവുകാരുടെ കുടുംബത്തെയും ബലിപെരുന്നാളും പരിഗണിച്ചാണ് സുൽത്താൻ പൊതുമാപ്പ് നൽകിയതെന്ന് പ്രസ്താവനയിൽ പറയുന്നു.

കുവൈറ്റിൽ നിയമങ്ങള് ലംഘിച്ച് അനധികൃതമായി കഴിയുന്ന പ്രവാസികൾക്ക് മാര്ച്ച് 17ന് പ്രഖ്യാപിച്ച മൂന്നുമാസത്തെ പൊതുമാപ്പ് കാലാവധി 13 ദിവസത്തേക്കു കൂടി നീട്ടി. ജൂൺ 30 വരെയാണ് നീട്ടിയിരിക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ പെരുന്നാൾ, റംസാൻ പ്രത്യേക ദിനങ്ങളിൽ തടവുകാർക്ക് മാപ്പ് നൽകാറുണ്ട്,

ത്യാഗത്തിന്റെയും സഹനത്തിന്റെയും മഹത്വം വിളിച്ചോതിയ ദിനമായ ബലിപെരുന്നാളിൻ്റെ ആഘോഷ നിറവിലാണ് പ്രവാസി വിശ്വാസി സമൂഹം. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിച്ചു. ഒമാനിലും കേരളത്തിലും നാളെയാണ് ബലിപെരുന്നാൾ.

പ്രവാചകനായ ഇബ്രാഹിം നബി ദൈവ കൽപ്പനയെ തുടർന്ന് തൻ്റെ പുത്രൻ ഇസ്മായിലിനെ ബലി കൊടുക്കാൻ തയ്യാറായതിൻ്റെ ത്യാഗ സ്മരണ പുതുക്കലാണ് ബലി പെരുന്നാൾ. പരീക്ഷണങ്ങളെ അതിജീവിക്കുന്നതിൻ്റെ മാധുര്യം വിളംബരം ചെയ്യുക കൂടിയാണ് ഈ ദിനം. ബലിപെരുന്നാളിനോട് അനുബന്ധിച്ച് നാളെ പള്ളികളിലും പ്രത്യേകം തയ്യാറാക്കിയ ഇടങ്ങളിലും ഈദ് നമസ്കാരവും ഖുത്ബയും ബലികർമ്മങ്ങളും നടക്കും. ഇതിനായുള്ള എല്ലാ ക്രമീകരണവും പൂർത്തിയായി കഴിഞ്ഞു.

dot image
To advertise here,contact us
dot image