
ദോഹ: മോശം കാലാവസ്ഥയെ തുടർന്ന് സീലൈൻ കടലിൽ അപകടത്തിൽപെട്ട ഡോക്ടർ മുങ്ങിമരിച്ചു. ഹമദ് ജനറൽ ആശുപത്രിയിലെ ശിശുരോഗ വിദഗ്തൻ ഡോ. മജിദ് സുലൈമാൻ അൽ-ഷന്നൂർ അൽ-നൗമി ആണ് മരിച്ചത്. ഖത്തറിലെ സിറിയൻ മെഡിക്കൽ അസോസിയേഷൻ ഡോക്ടറുടെ മരണത്തില് അനുശോചനം രേഖപ്പെടുത്തി.
രാജ്യത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. കടൽ, തീരപ്രദേശം എന്നിവിടങ്ങളിലെല്ലാം എല്ലാ പ്രവർത്തനങ്ങളും റദ്ദാക്കാൻ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് നിർദേശം നൽകി. ഏപ്രിൽ 15 മുതൽ ഏപ്രിൽ 17 ബുധൻ വരെ രാജ്യത്ത് മേഘാവൃതമായ കാലാവസ്ഥ അനുഭവപ്പെടുമെന്നും അത് വൈകുന്നേരത്തോടെ ഇടിമിന്നലായി മാറുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. ശക്തമായ കാറ്റിനും ആലിപ്പഴവര്ഷത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
തിങ്കളാഴ്ച രാത്രി മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ രീതിയിൽ കാറ്റും വീശിയടിച്ചിരുന്നു. സ്കൂളുകൾ, സർക്കാർ, പൊതുമേഖലാ ഓഫീസുകള് എന്നിവയുടെ പ്രവർത്തനം ഓൺലൈനിലേക്ക് മാറ്റുകയും ജീവനക്കാർക്കും വിദ്യാർഥികൾക്കും നേരിട്ടെത്തുന്നതിൽ നിന്നും അവധി നൽകുകയും ചെയ്തിരുന്നു.