
അബുദാബി: യുഎഇയില് ഗാര്ഹിക തൊഴിലാളികളെ നിയമിക്കുന്നതില് കൂടുതല് നിയന്ത്രണങ്ങളുമായി മാനവ വിഭവശേഷി സ്വദേശിവല്ക്കരണ മന്ത്രാലയം. അംഗീകൃത ഏജന്സികള് വഴി മാത്രമേ വിദേശങ്ങളില് നിന്നുളളവരെ വീട്ടുജോലിക്കായി നിയമിക്കാവൂ എന്ന് മന്ത്രാലയം നിര്ദേശിച്ചു. നിയമം ലംഘിക്കുന്ന റിക്രൂട്ടിംഗ് ഏജന്സികള്ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് 102 റിക്രൂട്ടിംഗ് ഏജന്സികള്ക്കാണ് ഗാര്ഹിക തൊഴിലാളികളെ നിയമിക്കുന്നതിന് അനുമതി നല്കിയിട്ടുള്ളത്. ഈ ഏജന്സികള് വഴി മാത്രമേ നിയമനം നടത്താവൂ എന്നാണ് മാനവ വിഭവശേഷി സ്വദേശിവല്ക്കരണ മന്ത്രാലയം നിര്ദേശിച്ചിരിക്കുന്നത്. ദുബായ് എമിറേറ്റില് മാത്രം 28 റിക്രൂട്ടിങ് ഏജന്സികള് നിലവിലുണ്ട്.
അബുദാബി, ഷാര്ജ, അല്ഐന് തുടങ്ങി വിവിധ എമിറേറ്റുകളിലും റിക്രൂട്ടിംഗ് ഓഫീസുകളുടെ സേവനം ലഭ്യമാണ്. മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയും അംഗീകൃത റിക്രൂട്ടിംഗ് ഏജന്സികളുടെ വിവരം പൊതുജനങ്ങള്ക്ക് ലഭിക്കും. റിക്രൂട്ടിംഗ് ഏജന്സികളുടെ പ്രവര്ത്തനം എപ്പോഴും മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാണെന്നും നിയമം ലംഘിച്ച് ഏതെങ്കിലും ഓഫിസ് പ്രവര്ത്തിച്ചാല് പെര്മിറ്റ് റദ്ദാക്കുമെന്നും അധികൃതര് അറിയിച്ചു.
അനധികൃത രീതിയില് വീട്ടുജോലിക്കാരെ നിയമിച്ചാല് തൊഴിലുടമയ്ക്കു ഒരു നിയമ പരിരക്ഷയും ലഭിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ഏജന്സികളുടെ ഓരോ നിയമ ലംഘനത്തിനും 2000 ദിര്ഹമാണ് പിഴ. മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ റിക്രൂട്ടിംഗ് രംഗത്ത് പ്രവര്ത്തിക്കുന്ന വ്യക്തികള്ക്കും സ്ഥാപനങ്ങള്ക്കും 10,000 ദിര്ഹം പിഴ ചുമത്തും. റിക്രൂട്ടിംഗിനു അധിക തുക വാങ്ങുന്ന സ്ഥാപനങ്ങള്ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.