സൗദി കിരീടാവകാശിക്ക് ബ്രിട്ടൻ സന്ദര്ശനത്തിന് ക്ഷണം; പ്രതിഷേധവുമായി പ്രതിപക്ഷ പാര്ട്ടികള്

ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകും മുഹമ്മദ് ബിന് സല്മാനും കഴിഞ്ഞ ദിവസം ടെലഫോണില് ചര്ച്ച നടത്തിയിരുന്നു

dot image

ജിദ്ദ: സൗദി കിരീടാവകാശി മുഹമ്മദ് ബിന് സല്മാനെ ഔദ്യോഗിക സന്ദര്ശനത്തിനായി ക്ഷണിച്ച് ബ്രിട്ടൻ. ബിബിസി ഉൾപ്പടെയുള്ള രാജ്യാന്തര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്ട്ട് ചെയ്തത്. യുകെയിലെ സൗദി എംബസിയും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകും മുഹമ്മദ് ബിന് സല്മാനും കഴിഞ്ഞ ദിവസം ടെലഫോണില് ചര്ച്ച നടത്തിയിരുന്നു. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ തുടങ്ങിയ മേഖലകളിലെ സഹകരണം ഉള്പ്പടെയുള്ള വിഷയങ്ങള് ഇരുവരും ചര്ച്ച ചെയ്തു.

ഈ വര്ഷം അവസാനം മുഹമ്മദ് ബിന് സല്മാന് യു കെ സന്ദര്ശിക്കും എന്നാണ് റിപ്പോര്ട്ട്. എന്നാല് സന്ദര്ശന തീയതി പ്രഖ്യാപിച്ചിട്ടില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബ്രിട്ടീഷ് പ്രധാനമന്ത്രിയും സൗദി കിരീടാവകാശിയും വൈകാതെ കൂടിക്കാഴ്ച നടത്തുമെന്ന് റിഷി സുനകിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില് പറയുന്നു. സൗദിയുടെ കടുത്ത വിമര്ശകനായിരുന്ന മാധ്യമപ്രവര്ത്തകന് ജമാല് ഖഷോഗ്ഗി ഇസ്താംബുള് കോൺസുലേറ്റില്വെച്ച് കൊല്ലപ്പെട്ടതിന് ശേഷം ആദ്യമായാണ് മുഹമ്മദ് ബിന് സല്മാനെ ബ്രിട്ടൻ ഔദ്യോഗിക സന്ദര്ശനത്തിനായി ക്ഷണിക്കുന്നത്.

ഖഷോഗ്ഗിയുടെ കൊലപാതകത്തില് മുഹമ്മദ് ബിന് സല്മാന് പങ്കുണ്ടെന്ന ആരോപണം പശ്ചാത്യനേതാക്കള് ഉയര്ത്തിയിരുന്നു. അതേസമയം, മുഹമ്മദ് ബിന് സല്മാനെ രാജ്യത്തേക്ക് ക്ഷണിച്ചതിനെതിരെ പ്രതിഷേധവുമായി ബ്രിട്ടനിലെ പ്രതിപക്ഷ പാര്ട്ടികള് രംഗത്തെത്തി.

dot image
To advertise here,contact us
dot image