'റഷ്യയും യുക്രെയ്നും സമാധാന ഉടമ്പടി കൈവരിക്കണം'; ഉച്ചകോടിക്ക് സൗദിയിൽ തുടക്കം

'റഷ്യൻ ആക്രമണത്തിന്റെ നീതിയുക്തവും സത്യസന്ധവുമായ അന്ത്യം ലോകത്തുള്ള എല്ലാവർക്കും ഗുണം ചെയ്യും'

dot image

റിയാദ്: യുക്രെയ്ൻ പ്രതിസന്ധിയിൽ വിവിധ രാജ്യങ്ങളിൽ നിന്നുളള ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളും അന്താരാഷ്ട്ര പ്രതിനിധികളും പങ്കെടുക്കുന്ന ഉച്ചകോടിക്ക് സൗദി അറേബ്യയിൽ തുടക്കം. യുദ്ധത്തിന്റെ ആഘാതം കുറയ്ക്കുന്നതിനോടൊപ്പം സമാധാന ഉടമ്പടി കൈവരിക്കണമെന്നും സൗദി ആവശ്യപ്പെട്ടതായി വാർത്ത മാധ്യമമായ അൽ-ഇഖ്ബാരിയ റിപ്പോർട്ട് ചെയ്തു. റഷ്യ-യുക്രെയ്ൻ നേതാക്കളുമായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ നടത്തിവന്നിട്ടുളള ചർച്ചകളുടെ ഭാഗമാണ് പുതിയ ചർച്ച.

ഇരു രാജ്യങ്ങൾക്കിടയിൽ ചർച്ചയും സഹകരണവും ശക്തിപ്പെടുത്തുന്നതിന് ഈ കൂടിക്കാഴ്ച സഹായിക്കുമെന്ന് സൗദി സർക്കാർ പ്രതീക്ഷിക്കുന്നു. സമാധാന ചർച്ചകൾക്ക് വേദിയൊരുക്കിയതിന് സൗദിയോട് യുക്രെയ്ൻ പ്രസിഡന്റ് വ്ളാദിമർ സെലൻസ്കി നന്ദി അറിയിച്ചു.

'സൗദി അറേബ്യയിലെ ജിദ്ദയിൽ, സമാധാനം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രത്തലവന്മാരുടെയും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതിനിധികളുടെയും ഉപദേശകരുടെ യോഗം ആരംഭിക്കും. തെക്കൻ രാജ്യങ്ങളിൽ നിന്ന് ഉൾപ്പെടെ വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുളള പ്രതിനിധികൾ പങ്കെടുക്കും,' സെലൻസ്കി 'എക്സി' ൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ പറഞ്ഞു.

ഭക്ഷ്യസുരക്ഷ പോലുള്ള കാര്യങ്ങളിൽ ചർച്ച വളരെ പ്രധാനമാണെന്നും സെലൻസ്കി പറഞ്ഞു. ജൂണിൽ കോപൻഹേഗനിൽ നടന്ന കൂടിക്കാഴ്ചക്ക് പിന്നാലെയാണ് ജിദ്ദയിലെ കൂടിക്കാഴ്ച. ആഗോള സമാധാന ഉച്ചക്കോടിയിലേക്ക് പടിപടിയായി നീങ്ങുന്നതിന് ഇത് സഹായിക്കും. റഷ്യൻ ആക്രമണത്തിന്റെ നീതിയുക്തവും സത്യസന്ധവുമായ അന്ത്യം ലോകത്തുള്ള എല്ലാവർക്കും ഗുണം ചെയ്യും. ലോക സുരക്ഷയ്ക്കും യുക്രെയ്നുമെതിരെ റഷ്യ ഉണ്ടാക്കിയിട്ടുളള എല്ലാ ഭീഷണികളും ഇല്ലാതാക്കണം. അന്താരാഷ്ട്ര ബന്ധങ്ങളിൽ സമാധാനവും സ്ഥിരതയും കൈവരിക്കണമെന്നും വ്ളാദിമർ സെലൻസ്കി കൂട്ടിച്ചേർത്തു.

dot image
To advertise here,contact us
dot image