'ഇങ്ങനെ ഒരാൾ ഇല്ലായിരുന്നെങ്കിൽ ആ ചിത്രങ്ങൾ ഉണ്ടാകില്ലായിരുന്നു'; അരോമ മണിയെ ഓർത്ത് പത്മരാജന്റെ മകൻ

'അച്ഛന്റെ വേർപാടിന് തൊട്ട് മുമ്പ് വരുന്ന 'ഏതെങ്കിലും ഒരു ചിത്രത്തിനു വേണ്ടി' ഒരു അഡ്വാൻസ് അദ്ദേഹം ഏൽപ്പിച്ചിരുന്നു. കഥ ഒന്നും അറിയണ്ട.. ഏൽപ്പിക്കുന്ന ആളിലുള്ള വിശ്വാസം! '

'ഇങ്ങനെ ഒരാൾ ഇല്ലായിരുന്നെങ്കിൽ ആ ചിത്രങ്ങൾ ഉണ്ടാകില്ലായിരുന്നു'; അരോമ മണിയെ ഓർത്ത് പത്മരാജന്റെ മകൻ
dot image

അരോമ മണിയുടെ വിയോഗത്തിൽ പത്മരാജന്റെ മകനും എഴുത്തുകാരനുമായ അനന്ത പത്മനാഭൻ. അദ്ദേഹമില്ലായിരുന്നെങ്കിൽ പത്മരാജന്റെ 'കള്ളൻ പവിത്രൻ', 'തിങ്കളാഴ്ച്ച നല്ല ദിവസം' എന്നീ സിനിമകൾ സംഭവിക്കില്ലായിരുന്നുവെന്നും പത്മരാജനിൽ അദ്ദേഹത്തിന് വിശ്വാസമുണ്ടായിരുന്നുവെന്നും അനന്ത പത്മനാഭൻ കുറിയ്ക്കുന്നു.

അനന്ത പത്മനാഭന്റെ കുറിപ്പ്

ഒരിയ്ക്കലും കഥയിൽ ഇടപെടാതെ സംവിധായകന് പൂർണ്ണ സ്വാതന്ത്ര്യം അനുവദിച്ചു കൊടുത്ത നിർമ്മാതാവ്. ഇങ്ങനെ ഒരാൾ ഇല്ലായിരുന്നെങ്കിൽ 'കള്ളൻ പവിത്രൻ', 'തിങ്കളാഴ്ച്ച നല്ല ദിവസം' എന്ന ചിത്രങ്ങൾ സംഭവിക്കില്ലായിരുന്നു, രണ്ടും പരീക്ഷണങ്ങൾ. അച്ഛൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ തിയേറ്ററിൽ വിജയിച്ച ആദ്യ ചിത്രം 'പവിത്ര'നായിരുന്നു. ഐഎഫ്എഫ്ഐയിൽ തിരഞ്ഞെടുക്കപ്പെടുകയും അതുവഴി ദൂരദർശൻ ഏറ്റെടുക്കുകയും ചെയ്തതോടെ ചിത്രം നിരൂപകപ്രശംസക്കൊപ്പം നല്ല ലാഭമായി.

'തിങ്കളാഴ്ച്ച നല്ല ദിവസം' തിയേറ്ററിൽ പരാജയപ്പെട്ടപ്പോഴും ദേശീയ പുരസ്ക്കാരവും ഐഎഫ്എഫ്ഐയിൽ പ്രവേശനവും നേടി നഷ്ടം നികത്തി. മണി സർ അരോമയുടെ ഓഫീസിൽ വെച്ചിരിക്കുന്ന പടവും അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട ഈ സിനിമയുടെ ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.

അച്ഛന്റെ വേർപാടിന് തൊട്ട് മുമ്പ് വരുന്ന 'ഏതെങ്കിലും ഒരു ചിത്രത്തിനു വേണ്ടി' ഒരു അഡ്വാൻസ് അദ്ദേഹം ഏൽപ്പിച്ചിരുന്നു. കഥ ഒന്നും അറിയണ്ട.. ഏൽപ്പിക്കുന്ന ആളിലുള്ള വിശ്വാസം ! അച്ഛന്റെ മരണം തിരക്കി വന്ന് ഇറങ്ങും മുമ്പേ എൻ്റെ കൈ പിടിച്ച് കുറച്ച് നേരം നിന്നു, 'അച്ഛന് ഞാൻ ഒരു അഡ്വാൻസ് ഏൽപിച്ചിരുന്നു.... പോട്ടെ!.. പോയില്ലേ!' ആ അഡ്വാൻസ് ചെറിയതായിരുന്നില്ല. 50,000 രൂപ ഇക്കാലത്ത് പോലും ഒരു ചെറിയ അഡ്വാൻസല്ലല്ലൊ. നല്ല സിനിമകൾക്കായി നിലകൊണ്ട ഒന്നാന്തരം ഒരു നിർമ്മാതാവിനെ, മനുഷ്യ സ്നേഹിയെ കൂടി മലയാളത്തിന് നഷ്ടമാകുന്നു. മണി സാറിന് സ്വസ്തി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us