
നിർമ്മാതാവും സംവിധായകനുമായ അരോമ മണിയെ അനുശോചിച്ച് മോഹൻലാൽ. എം മണിയോടൊപ്പം സിനിമകൾ ചെയ്യാനുള്ള ഭാഗ്യമുണ്ടായെന്നും എന്നും തന്നെ നെഞ്ചോടു ചേർത്ത് പിടിച്ച ഗുരുതുല്യനായ വ്യക്തിത്വമാണ് അദ്ദേഹമെന്നും മോഹൻലാൽ കുറിച്ചു. ഹൃദ്യമായ പെരുമാറ്റം കൊണ്ടും സ്നേഹോപദേശങ്ങൾ കൊണ്ടൂം മണി സാർ സിനിമാ മേഖലയിൽ എല്ലാവർക്കും ഒരു വഴികാട്ടിയും മാതൃകയുമായിരുന്നുവെന്നും നടൻ സോഷ്യൽ മീഡിയയിൽ എഴുതി.
മറക്കാനാവാത്ത ചലച്ചിത്ര സംഭാവനകൾ മലയാളത്തിന് നൽകി പ്രിയപ്പെട്ട അരോമ മണി സാർ നമ്മോട് വിടപറഞ്ഞു. മലയാള സിനിമയുടെ വളർച്ചയുടെ പാതയിൽ, കലാമൂല്യം കൊണ്ടും ജനപ്രീതികൊണ്ടും കാലാതീതമായി നിൽക്കുന്ന, എത്രയെത്ര ചിത്രങ്ങളാണ് മണി സാർ നിർമ്മിച്ചു നൽകിയത്. 1970 മുതൽ ഇങ്ങോട്ടുള്ള നീണ്ട കാലയളവിൽ, എത്രയെത്ര ചലച്ചിത്ര പ്രതിഭകളെയാണ് അദ്ദേഹം കൈപിടിച്ചുയർത്തിയത്.
വ്യക്തിപരമായി എൻ്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവുകൾ ആയിമാറിയ 'ഇരുപതാം നൂറ്റാണ്ട്', 'ദൂരെ ദൂരെ ഒരു കൂടുകൂട്ടാം', 'സൂര്യഗായത്രി', 'ബാലേട്ടൻ', തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ മണി സാറിനോടൊപ്പം പ്രവർത്തിക്കാൻ ഭാഗ്യമുണ്ടായി.
'എങ്ങനെ നീ മറക്കും' സിനിമയിലെ 'ദേവദാരു പൂത്തു' തുടങ്ങി അദ്ദേഹത്തിൻ്റെ ചിത്രങ്ങളിലെ മനോഹരങ്ങളായ ഗാനങ്ങൾ മലയാളത്തിന് എങ്ങനെ മറക്കാൻ സാധിക്കും? ഹൃദ്യമായ പെരുമാറ്റം കൊണ്ടും സ്നേഹോപദേശങ്ങൾ കൊണ്ടൂം മണി സാർ സിനിമാ മേഖലയിൽ എല്ലാവർക്കും ഒരു വഴികാട്ടിയും മാതൃകയുമായിരുന്നു. എന്നും എന്നെ നെഞ്ചോടു ചേർത്ത് പിടിച്ച ഗുരുതുല്യനായ വ്യക്തിത്വം. നികത്താനാവാത്ത നഷ്ടങ്ങളുടെ കൂട്ടത്തിൽ പ്രിയപ്പെട്ട മണിസാറും.
മമ്മൂട്ടിയും മലയാള സിനിമയിൽ എം മണിയോടൊപ്പം പ്രവർത്തിച്ച താരങ്ങളും അണിയറ പ്രവർത്തകരും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.
തിരുവനന്തപുരത്ത് കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം സംഭവിച്ചത്. അരോമ മൂവീസ്, സുനിത പ്രൊഡക്ഷന്സ് ബാനറുകളില് 62ഓളം സിനിമകള് നിര്മ്മിച്ച അരോമ മണിയുടെ ആദ്യ നിര്മ്മാണ സംരംഭം 1977ല് റിലീസ് ചെയ്ത മധു നായകനായ 'ധീരസമീരെ യമുനാതീരെ' ആയിരുന്നു. 'തിങ്കളാഴ്ച നല്ല ദിവസം', 'ദൂരെ ദൂരെ ഒരു കൂടു കൂട്ടാം' തുടങ്ങിയ ചിത്രങ്ങള്ക്ക് ദേശീയ അവാര്ഡ് ലഭിച്ചിട്ടുണ്ട്. 2013-ൽ പുറത്തിറങ്ങിയ ആർട്ടിസ്റ്റ് എന്ന ചിത്രമാണ് അരോമ മണി അവസാനമായി നിർമ്മിച്ച ചിത്രം.
സേതുരാമയ്യരുടെയും കുഞ്ഞച്ചന്റെയും ബാലേട്ടന്റെയും സ്വന്തം അരോമ മണി; പരാജയമറിയാത്ത നിർമ്മാതാവ്