
ചെന്നൈ: ഇന്ത്യൻ 2-ന് ശേഷം ശങ്കറിന്റെ സംവിധാനത്തിൽ ഒന്നിലധികം ചിത്രങ്ങളാണ് അണിയറയിലൊരുങ്ങുന്നത്. അതിൽ 'ഇന്ത്യന് 3'യ്ക്കും വരാനിരിക്കുന്ന രാം ചരണ് ചിത്രം 'ഗെയിം ചെയ്ഞ്ചറി'നും ശേഷം ശങ്കർ സംവിധാനം ചെയ്യാനിരിക്കുന്ന ചരിത്ര സിനിമ 'വേൽപാരി'യുമായി ബന്ധപ്പെട്ട വാർത്തകളാണ് പുറത്ത് വരുന്നത്.
ചരിത്ര നോവലായ വേൽപാരി താൻ സിനിമയാക്കിയാൽ നന്നായിരിക്കുമെന്ന് പലരും പറഞ്ഞിരുന്നുവെന്നും തനിക്ക് ഏറെ ആകർഷകമായ കഥയാണ് അതെന്നും ശങ്കർ ഭരദ്വാജ് രംഗന് നല്കിയ അഭിമുഖത്തില് പറഞ്ഞു. 'വേല്പാരി ഞാൻ വായിക്കുന്നത് കൊവിഡ് കാലത്താണ്. ഓരോ പേജ് വായിക്കുമ്പോഴും ആ സീനുകൾ എന്റെ മനസിൽ വന്നു തുടങ്ങി. നോവൽ തീര്ന്നപ്പോള് ഞാന് പ്രമുഖ സാഹിത്യകാരനും സിപിഐഎം എംപിയുമായ സു വെങ്കിടേഷിനെ വിളിച്ച് അതിന്റെ അവകാശം വാങ്ങി. മൂന്ന് ഭാഗങ്ങളായുള്ള സീരീസായി തിരക്കഥ തയ്യാറാക്കി വച്ചിട്ടുണ്ട്. വലിയ ചിത്രമായതിനാല് ഉടനെ തുടങ്ങാൻ സാധിക്കില്ല, എന്നിരുന്നാലും അത് വരും', ശങ്കർ പറയുന്നു.
സംഘ കാലഘട്ടത്തിലെ പരമ്പു എന്ന നാട് വാണ ഭരണാധികാരി പാരി വല്ലാലിന്റെ കഥയും പോരാട്ടവുമാണ് നോവല്. 2000 വർഷം മുന്പുള്ള കാലമാണ് കഥയുടെ പശ്ചാത്തലം. തമിഴ് നാടോടിപ്പാട്ടുകളില് നിന്നാണ് സു വെങ്കിടേശന് ഈ നോവല് രചിച്ചിരിക്കുന്നത്. നേരത്തെ ഈ ചിത്രത്തിലേക്ക് രജനികാന്ത്, വിക്രം, സൂര്യ തുടങ്ങിയവരുടെ പേരുകള് പറഞ്ഞു കേട്ടിരുന്നു. നായകന് സൂര്യയായിരിക്കുമെന്നും അദ്ദേഹം വന്നാൽ നന്നായിരിക്കുമെന്ന അഭിപ്രായങ്ങളും ഏറെ വന്നിരുന്നു. എന്നാൽ കാസ്റ്റിങ്ങിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല.
'മാ തുജെ സലാം' ഒരു പിതാവിന് വേണ്ടി സൃഷ്ടിച്ച ഗാനം; രസകരമായ ആ കഥ ഇങ്ങനെ