
ഇറങ്ങുന്ന സിനിമകളെല്ലാം ബോക്സ് ഓഫീസിൽ വിജയിക്കാത്തതിന്റെ നിരാശയിലാണ് ബോളിവുഡ് താരം അക്ഷയ് കുമാർ. തുടരെ ഇറങ്ങിയ നിരവധി സിനിമകൾ പരാജയപ്പെട്ടിട്ടും മറ്റ് നടന്മാരെ പോലെ സിനിമയിൽ നിന്ന് ഇടവേളയെടുക്കാതെ സിനിമകൾ ചെയ്യുന്നുണ്ട് താരം. കൊവിഡിന് ശേഷം ഇതുവരെ അഭിനയിച്ച ഒമ്പത് ചിത്രങ്ങളിൽ വിജയം കണ്ടത് രണ്ടെണ്ണം മാത്രമാണ്. ബാക്കി ഏഴും പരാജയങ്ങളായിരുന്നു.
ഈ പട്ടികയിലേക്ക് എട്ടാമത്തെ ചിത്രം കൂടി ചേർന്നിരിക്കുകയാണ് എന്നുവേണം പറയാൻ. അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രം സർഫിറയാണ് തിയേറ്ററിൽ വിജയം നേടാനാകാതെ കൂപ്പുകുത്തുന്നത്. 2020-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ സൂരരൈ പോട്രിൻ്റെ ഹിന്ദി റീമേക്കാണ് ഇത്. സൂരരൈ പോട്ര് തമിഴ് ബോക്സ് ഓഫീസിൽ നേട്ടമുണ്ടാക്കിയ സിനിമയാണ്. ചിത്രത്തിന് ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. എന്നാൽ ഹിന്ദിയിൽ തന്റെ സിനിമ പരാജയപ്പെടുന്നതിന് കാരണം ബോളിവുഡിലെ ആളുകളാണ് എന്ന് പറയുകയാണ് താരം.
#Akshaykumar says - "People in the Industry are happy that my films are not Working" ahead of #Sarfira release pic.twitter.com/iSHH5PCWwZ
— AP (@AksP009) July 12, 2024
ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം, തുടരെ ഉണ്ടാകുന്ന ഫ്ലോപ്പുകളെ കുറിച്ച് കൂടുതൽ സൂക്ഷ്മമായി പരിശോധിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അക്ഷയ് കുമാറിന്റെ മറുപടി ഇങ്ങനെ, മൂന്ന്, നാല്, അഞ്ച് സിനിമകൾ വിജയിക്കാതിരിക്കുന്നത് കാണാൻ ഇഷ്ടപ്പെടുന്നവരുണ്ട് ഇവിടെ. അവന്റെ സിനിമ ഓടുന്നില്ല എന്നതിൽ സന്തോഷിക്കുകയാണ് അവർ. ഞാൻ ഒരേ സമയം 17 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കൃത്യ സമയത്ത് വരും, പോകും എന്നൊക്കെ പണ്ട് പറഞ്ഞവർ തന്നെയാണ് സിനിമ പരാജയപ്പെട്ടാൽ, അയാൾ സിനിമയോട് ആത്മർത്ഥത കാണിക്കാത്ത ആളാണ് എന്ന് പറഞ്ഞിരിക്കുന്നത്.
'സർഫിറ'യ്ക്ക് ശേഷം 'ഖേൽ ഖേൽ മേൻ' എന്ന സിനിമയിലാണ് താരം അഭിനയിക്കുന്നത്. ഫർദീൻ ഖാൻ, തപ്സി പന്നു, വാണി കപൂർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. അതിനുശേഷം, 'സിങ്കം എഗെയ്ൻ', 'സ്കൈ ഫോഴ്സ്', 'കണ്ണപ്പ', 'ജോളി എൽഎൽബി 3', 'വെൽക്കം ടു ദി ജംഗിൾ', 'ശങ്കര' തുടങ്ങിയ ചിത്രങ്ങളും അക്ഷയ് കുമാറിന്റെ ലൈനപ്പുകളിലുള്ള സിനിമകളാണ്.
നസ്ലെൻ -ഗിരീഷ് എ ഡി കൂട്ടുകെട്ട് വീണ്ടും; 'ഐ ആം കാതലൻ' ഓഗസ്റ്റിലെത്തും