'വിടാമുയർച്ചി' ഹോളിവുഡ് ചിത്രത്തിന്റെ റീമേക്ക്? അജിത് ചിത്രത്തെക്കുറിച്ച് പുതിയ റിപ്പോർട്ട്

തൃഷയായിരിക്കും അജിത്തിന്റെ ഭാര്യയുടെ വേഷത്തിലെത്തുക

dot image

തമിഴ് സൂപ്പർ താരം അജിത് കുമാറിനെ നായകനാക്കി മഗിഴ് തിരുമേനി ഒരുക്കുന്ന ആക്ഷൻ ചിത്രമാണ് വിടാമുയർച്ചി. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ഒരു പഴയ ഹോളിവുഡ് സിനിമയുടെ റീമേക്കാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. 1997-ലെ ഹോളിവുഡ് ചിത്രമായ ബ്രേക്ക്ഡൗണിൻ്റെ ഔദ്യോഗിക റീമേക്കാണ് ചിത്രം എന്നാണ് സമൂഹ മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ട്.

ജോനാഥൻ മോസ്റ്റോവ് സഹ-രചനയും സംവിധാനവും നിർവഹിച്ച അമേരിക്കൻ ത്രില്ലറാണ് ബ്രേക്ക്ഡൗൺ. ദമ്പതികളായ ജെഫും ആമി ടെയ്ലറും സഞ്ചരിക്കുന്ന കാറിന് ഒരു അപകടമുണ്ടാവുകയും തുടർന്ന് വാഹനത്തിന് പ്രശ്നം നേരിടുകയും ചെയ്യുന്നു. ന്യൂ മെക്സിക്കോ മരുഭൂമിയിൽ കുടുങ്ങിപ്പോയ ഇരുവരെയും ട്രക്ക് ഡ്രൈവർ റെഡ് ബാർ സഹായിക്കാമെന്ന് പറയുകയും ആമിയെ അടുത്തുള്ള ഒരു കഫേയിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്നു. ജെഫ് കാർ നന്നാക്കി കഫേയിലേക്ക് പോക്കുന്നുവെങ്കിലും ആമിയെ അവിടെയെങ്ങും കണ്ടെത്താനാവുന്നില്ല. തുടർന്ന് ജെഫ് നടത്തുന്ന അന്വേഷണമാണ് സിനിമയുടെ പ്രമേയം.

അസർബൈജാനിലെ ഒരു റോഡ് യാത്രയ്ക്കിടെ തട്ടിക്കൊണ്ടു പോകപ്പെടുന്ന തൻ്റെ ഭാര്യയെ രക്ഷിക്കാൻ അജിത് നടത്തുന്ന ശ്രമങ്ങളാണ് വിടാമുയർച്ചിയുടെ പ്രമേയം എന്ന വാർത്തകൾ നേരത്തെ വന്നിരുന്നു. തൃഷയായിരിക്കും അജിത്തിന്റെ ഭാര്യയുടെ വേഷത്തിലെത്തുക എന്നാണ് സൂചന.

'രാം ചരണിന് ഗംഭീര സ്ക്രീൻ പ്രെസൻസ്'; ഗെയിം ചെയ്ഞ്ചറിനെക്കുറിച്ച് ശങ്കർ

ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം ഓഗസ്റ്റ് മാസത്തോടെ ചിത്രീകരണം പൂർത്തിയാക്കുമെന്നും അതിന് ശേഷം റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ലൈക്ക പ്രൊഡക്ഷൻസ് ഹെഡ് എം കെ എം തമിഴ് കുമരൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അനിരുദ്ധ് രവിചന്ദർ സംഗീതം ചിട്ടപ്പെടുത്തുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ഓംപ്രകാശ്, എഡിറ്റിംഗ് നിർവഹിക്കുന്നത് എൻ ബി ശ്രീകാന്ത് എന്നിവരാണ്.

dot image
To advertise here,contact us
dot image