
കൽക്കി 2898 എ ഡിയുടെ രണ്ടാം ഭാഗത്ത് കയ്റ തിരിച്ചെത്തിയേക്കാം. നാഗ് അശ്വിൻ സംവിധാനത്തിലൊരുങ്ങി ആഗോള തലത്തിൽ കുതിപ്പ് തുടരുന്ന കൽക്കി 2898 എഡിയിലെ ശ്രദ്ധേയമായ കഥാപാത്രമായിരുന്നു അന്ന ബെന്നിന്റെ കഥാപാത്രം കയ്റ. സ്ക്രീൻ സ്പേസ് വളരെ കുറവായിരുന്നുവെങ്കിലും ഡയലോഗും ഫൈറ്റും ദീപിക പദുക്കോണുമായുള്ള കോമ്പിനേഷൻ സീനുകളും വളരെ മികച്ച രീതിയിൽ അവതരിപ്പിച്ച കയ്റ ശ്രദ്ധേയമായിരുന്നു.
കഴിഞ്ഞ ദിവസം ന്യൂസ് 18-ന് നൽകിയ അഭിമുഖത്തിൽ സിനിമയുടെ രണ്ടാം ഭാഗത്തിനെ കുറിച്ച് നാഗ് അശ്വിനോട് ചോദിച്ചതിനെ കുറിച്ച് താരം സംസാരിച്ചിരുന്നു. 'എപ്പോഴെങ്കിലും തൻ്റെ കഥാപാത്രം തിരികെ വരുമോ' എന്ന അന്നയുടെ ചോദ്യത്തിന് ഒരുപക്ഷെ കയ്റ തിരികെ വന്നാലോ, നമുക്ക് നോക്കാം എന്ന വളരെ നിഗൂഢമായ മറുപടിയാണ് നാഗ് അശ്വിൻ നൽകിയതെന്നായിരുന്നു താരം പറഞ്ഞത്.
കൽക്കിയുടെ രണ്ടാം പകുതിയോടടുക്കുമ്പോൾ കയ്റ മരിക്കുകയാണ്. എന്നാൽ കയ്റ രണ്ടാം ഭാഗത്തിലും ഉണ്ടോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. അത്രയേറെ കയ്റ കൽക്കി ആരാധകരിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതുപോലെ ചിത്രത്തിൽ സ്ക്രീൻ സ്പേസ് വളരെ കുറവായിരുന്നു ദുൽഖറിന്റെ കഥാപാത്രത്തിന്. കൽക്കിയുടെ രണ്ടാം ഭാഗത്തിൽ ദുൽഖറിന്റെ കഥാപാത്രത്തിന് പ്രാധാന്യമുണ്ടാകുമെന്നാണ് സംവിധായകൻ നാഗ് അശ്വിൻ പറഞ്ഞത്.
കൽക്കി ആദ്യ ഭാഗത്തിൽ ദുൽഖറിന്റെയും വിജയ് ദേവരകൊണ്ടയുടെയും കഥാപാത്രങ്ങളെ പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ ആ കഥാപാത്രങ്ങളെ വികസിപ്പിക്കാൻ കഴിയുമെന്നാണ് നാഗ് അശ്വിൻ പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്. കൽക്കി ആദ്യഭാഗത്തിൽ ക്യാപ്റ്റൻ എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിച്ചിരിക്കുന്നത്. പ്രഭാസ് അവതരിപ്പിച്ച ഭൈരവയുടെ സംരക്ഷകനായാണ് ദുൽഖർ എത്തുന്നത്.