
കൽക്കി മികച്ച പ്രതികരണങ്ങളുമായി മുന്നേറുമ്പോൾ ചിത്രത്തിന്റെ ഭാഗമായതിലുള്ള സന്തോഷവും ആഹ്ലാദവും പ്രകടിപ്പിക്കുകയാണ് നടൻ അർജുൻ ദാസ്. കൽക്കിയിൽ ശ്രീകൃഷ്ണനെ കൃഷ്ണകുമാർ ബാലസുബ്രബ്മണ്യം അവതരിപ്പിച്ചപ്പോൾ ചിത്രത്തിന്റെ തെലുങ്ക്, ഹിന്ദി പതിപ്പുകളിൽ കൃഷ്ണന് ശബ്ദം നൽകിയത് അർജുൻ ദാസ് ആണ്. സിനിമയുടെ ഭാഗമാകുക എന്നതിലുപരി താൻ ഏറെ ആരാധിച്ചിരുന്ന അമിതാഭ് ബച്ചനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കുകയാണ് നടൻ.
കുറച്ച് ആഴ്ചകൾക്ക് മുൻപ് സ്വപ്ന എന്നെ ഫോണിൽ വിളിച്ചു. കൽക്കിയിലെ ശ്രീകൃഷ്ണന് വേണ്ടി ഞാൻ ഡബ്ബ് ചെയ്യണമെന്ന് പറയാനാണ് വിളിച്ചത്. ആദ്യം എനിക്ക് അൽപ്പം മടി തോന്നിയെങ്കിലും പിന്നീട് അവർ പറഞ്ഞ രണ്ട് കാര്യങ്ങൾ ഞാൻ ശ്രദ്ധിച്ചു. ഒന്ന് 'നിങ്ങൾ അമിതാഭ് ബച്ചനോടാകും സംസാരിക്കേണ്ടത്', രണ്ട് 'ഞങ്ങളെ വിശ്വസിക്കുക'. ഓർമ്മ വെച്ച നാൾ മുതൽ അമിതാഭ് ബച്ചന്റെ ആരാധകനാണ് ഞാൻ. സ്കൂളിലും കോളേജിലും അദ്ദേഹത്തിൻ്റെ ശബ്ദം അനുകരിക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഡബ്ബ് ചെയ്യാൻ വിധത്തിൽ ഞാൻ ഉണ്ടോ എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു.
.@VyjayanthiFilms @SwapnaDuttCh @nagashwin7 @SrBachchan Sir #Prabhas Garu #Kalki2898AD
— Arjun Das (@iam_arjundas) July 3, 2024
#ForeverGrateful pic.twitter.com/DhQdovF4BE
ഞാൻ ഹൈദരാബാദിലേ സ്റ്റുഡിയോയിൽ പോയി, അമിതാഭ് ബച്ചൻ സാറിൻ്റെ ഡബ്ബ് ചെയ്ത പതിപ്പ് കേൾപ്പിക്കാൻ എൻജിനീയറോട് അഭ്യർഥിച്ചു. ബച്ചൻ സാറിൻ്റെ ശബ്ദം കേട്ടപ്പോൾ തന്നെ അത് എനിക്ക് ഉൾക്കൊള്ളാൻ കുറച്ച് സമയമെടുത്തു. അദ്ദേഹത്തിൻ്റെ ഐതിഹാസിക ഡയലോഗുകൾ മാത്രമാണ് എൻ്റെ തലയിൽ അപ്പോൾ ഓടിക്കൊണ്ടിരുന്നത്. പണ്ട്, സ്കൂളിൽ അദ്ദേഹത്തിൻ്റെ ഡയലോഗുകൾ സദസ്സിനോട് പറഞ്ഞ ഞാൻ ഇന്ന് അദ്ദേഹത്തിൻ്റെ ശബ്ദം കേൾക്കുകയാണ്, അദ്ദേഹവുമായി സംഭാഷണങ്ങൾ പങ്കിടുകയാണ്. എനിക്ക് സ്വബോധത്തിലേയ്ക്ക് തിരിച്ചെത്താൻ കുറച്ച് സമയം വേണ്ടി വന്നു.
ഡബ്ബിങ് ആരംഭിച്ചു. തിരക്കുള്ള ഷെഡ്യൂളിലായിരുന്നിട്ടും മൂന്ന് ദിവസങ്ങളിൽ നാഗ് അശ്വിൻ വളരെ ശാന്തനായി എന്നോടൊപ്പമിരുന്ന് കാര്യങ്ങൾ പറഞ്ഞു തന്നു. എന്നാൽ സമയക്കുറവ് കാരണം എനിക്ക് തെലുങ്കിലും ഹിന്ദിയിലും മാത്രമേ ഡബ്ബ് ചെയ്യാൻ സാധിച്ചുള്ളു. എനിക്കുവേണ്ടി വളരെയധികം ക്ഷമയും ദയയും കാണിച്ചതിന് നാഗ് അശ്വിന് നന്ദി. നന്ദി സ്വപ്ന, നിങ്ങൾ ആഗ്രഹിച്ച കാര്യത്തോട് അൽപ്പമെങ്കിലും അടുത്തെത്താൻ എനിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
എൻ്റെ ശബ്ദം മനസിലാക്കി എനിക്ക് മെസേജ് അയച്ച ഏവർക്കും നന്ദി. ഈ വലിയ ചിത്രത്തിൽ ചെറിയൊരു ഭാഗമാകാൻ സാധിച്ചത് അഭിമാനമായി കാണുന്നു. എല്ലാവർക്കും ഒരുപാട് നന്ദി. ചെറുപ്പത്തിൽ, ബച്ചൻ സാറിനോട് സംഭാഷണം നടത്തേണ്ടി വരുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. ടീം കൽക്കിക്ക് നന്ദി. ആ കുട്ടിയുടെ മുഖത്ത് ജീവിതകാലം മുഴുവൻ പുഞ്ചിരിയുണ്ടാകും.
എനിക്ക് ഒരു കെട്ടിടമുണ്ട്, ഒരു വസ്തുവുണ്ട്, ബാങ്ക് ബാലൻസ് ഉണ്ട്, ഒരു കാർ ഉണ്ട്, നിങ്ങൾക്ക് എന്താണ് ഉള്ളതെന്ന് എന്നോട് ആരെങ്കിലും ചോദിച്ചാൽ ഞാൻ പറയും, എനിക്ക് ബച്ചൻ സാറുമായി ഒരു ഡയലോഗ് ഉണ്ട് എന്ന് പറയും'.