
റിയലിസ്റ്റിക് കഥാ പശ്ചാത്തലത്തിൽ നിന്ന് സയൻസ് ഫിക്ഷൻ, എപ്പിക് ഫിക്ഷൻ, പീരിയഡ് ഡ്രാമ ചലച്ചിത്രങ്ങൾ കൂടുതലായി തെന്നിന്ത്യൻ മേഖലയിൽ നിന്ന് ഉണ്ടാകുന്ന ഒരു ട്രെൻഡിന് കഴിഞ്ഞ കുറച്ചു നാളുകളായി പ്രേക്ഷകർ സാക്ഷ്യം വഹിക്കുന്നുണ്ട്. 'മലൈക്കോട്ടൈ വാലിബ'നും 'ഭ്രമയുഗ'വും 'അരൻമനൈ 4'ഉം 'മുഞ്ജ്യ'യും 'കൽക്കി 2898 എഡി'യുമൊക്കെ അതിന് ഉദാഹരണങ്ങളാണ്.
തെന്നിന്ത്യൻ പ്രേക്ഷകർക്ക് വ്യത്യസ്ത ദൃശ്യ വിരുന്നൊരുക്കിയ സിനിമകളുടെ പട്ടികയിലേക്ക് ഇനി വരാനിരിക്കുന്നത് ശിവയുടെ സംവിധാനത്തിലൊരുങ്ങുന്ന സൂര്യയുടെ 'കങ്കുവ'യാണ്. ഫസ്റ്റ് ലുക്കും ടീസറും കൊണ്ട് ഇപ്പോഴെ ഹൈപ്പിൽ ശ്രദ്ധേയമായ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. കങ്കുവ റിലീസിനായി ഇനി 100 ദിവസം കൂടി കാത്തിരുന്നാൽ മതി എന്ന് സോഷ്യൽ മീഡിയയും ഓർമ്മപ്പെടുത്തുകയാണ്. ഒക്ടോബർ 10നാണ് കങ്കുവ റിലീസിനെത്തുന്നത്.
ഹോളിവുഡ് ക്വാളിറ്റിയിലൊരുങ്ങുന്ന ചിത്രം 38 ഭാഷകളിലായി ഒരുങ്ങുമ്പോൾ സിനിമ 3ഡിയിലും ആസ്വദിക്കാമെന്നതും പ്രത്യേകതയാണ്. ആയിരം വർഷങ്ങൾക്ക് മുമ്പുള്ള കഥയാണ് സിനിമ പറയുന്നത്. ആക്ഷൻ, ഛായാഗ്രഹണം തുടങ്ങിയ വിഭാഗങ്ങൾക്കായി അണിയറപ്രവർത്തകർ ഹോളിവുഡിൽ നിന്നാണ് സാങ്കേതിക വിദഗ്ധരെ കൊണ്ടുവന്നിരിക്കുന്നത്. മാത്രമല്ല വരാനിരിക്കുന്നത് സിനിമയുടെ ആദ്യ ഭാഗമാണെന്നും തുടർന്നുള്ള ഭാഗങ്ങളുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളാണ് സൂര്യയ്ക്ക് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. സൂര്യയെ കൂടാതെ ദിഷ പഠാനി നായികയായും ബോബി ഡിയോൾ വില്ലൻ വേഷത്തിലുമെത്തുന്നുണ്ട്. വിവേകയും മദൻ കർക്കിയും ചേർന്നാണ് ഗാനരചന. സുപ്രീം സുന്ദറാണ് സംഘട്ടന സംവിധാനം. യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
'ഞാൻ പ്രതീക്ഷിച്ചതിലും നൂറിരട്ടിയായിരുന്നു കൽക്കിയിൽ,എന്റെ സങ്കൽപ്പത്തിനും അപ്പുറത്തേക്ക്';അന്ന ബെൻ