
കൊച്ചി: മലയാള സിനിമയിലെ താര സംഘടനയായ 'അമ്മ'യുടെ മുൻ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ ജീവിതം അടയാളപ്പെടുത്തുന്ന പുസ്തകം പ്രകാശനം ചെയ്തു. 'ഇടവേളകളില്ലാതെ' എന്നാണ് പുസ്തകത്തിന്റെ പേര്. 'എറണാകുളം ഗോകുലം കണ്വെന്ഷന് സെന്ററില് വെച്ച് ചലച്ചിത്രതാരസംഘടനയായ 'അമ്മ'യുടെ മുപ്പതാം വാര്ഷിക ജനറല്ബോഡി യോഗത്തില്വെച്ച് നടനും കേന്ദ്ര സഹ മന്ത്രിയുമായ സുരേഷ് ഗോപി, മോഹന്ലാലിന് നല്കി പ്രകാശനം ചെയ്തു.
വര്ണ്ണാഭമായ ചടങ്ങില് പ്രസിദ്ധചലച്ചിത്രതാരങ്ങളായ ശ്വേതാ മേനോന്, മണിയന്പിള്ള രാജു, സിദ്ദിഖ്, ജയസൂര്യ, കെ സുരേഷ്, ലിപി പബ്ലിക്കേഷന്സ് സാരഥി ലിപി അക്ബര് എന്നിവര് സന്നിഹിതരായി.
കാൻ ചാനലിൻ്റെ ചീഫ് എഡിറ്റർ കെ സുരേഷാണ് പുസ്തകം എഴുതിയിരിക്കുന്നത്. ലിപി പബ്ലിക്കേഷനാണ് പ്രസാധകർ. പുസ്തക പ്രകാശനത്തിന്റെ ചിത്രം മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
അതേസമയം, അമ്മയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. കാൽ നൂറ്റാണ്ടിൽ അധികം അമ്മയുടെ സാരഥിയായിരുന്ന ഇടവേള ബാബു സ്ഥാനമൊഴിയുകയും പുതിയ ജനറൽ സെക്രട്ടറിയായി നടൻ സിദ്ദിഖിനെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. പുതിയ മുഖങ്ങൾ വരട്ടെയെന്ന നിലപാട് ചൂണ്ടിക്കാണിച്ചാണ് ഇടവേള ബാബു ജനറൽ സെക്രട്ടറി പദവി ഒഴിഞ്ഞത്. കഴിഞ്ഞതവണ തന്നെ ബാബു സ്ഥാനമൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. മമ്മൂട്ടി പറഞ്ഞതിനാൽ തീരുമാനം മാറ്റുകയായിരുന്നു.
അമ്മയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷും ജയൻ ചേർത്തലയും തിരഞ്ഞെടുക്കപ്പെട്ടു. ബാബുരാജ് ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. നേരത്തെ അമ്മയുടെ അധ്യക്ഷ സ്ഥാനത്തേക്ക് നടൻ മോഹൻലാൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടർച്ചയായ മൂന്നാം തവണയാണ് മോഹൻലാൽ അമ്മയുടെ പ്രസിഡൻ്റ് പദവിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ട്രഷറർ സ്ഥാനത്തേയ്ക്ക് നേരത്തെ ഉണ്ണി മുകന്ദനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഇതിനിടെ വനിതാ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിൽ തർക്കം രൂക്ഷമായി. മൂന്ന് സ്ത്രീകൾക്കുള്ള സീറ്റ് ഒഴിച്ചിട്ടതോടെയാണ് പ്രതിഷേധം ഉടലെടുത്തത്. അമ്മയുടെ ഭരണഘടന പ്രകാരം എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ നാല് സീറ്റ് സ്ത്രീകൾക്കുള്ളതാണ്. എന്നാൽ തിരഞ്ഞെടുത്തത് അനന്യയെ മാത്രമാണ്. മത്സരിച്ച അൻസിബയെയും സരയുവിനെയും ഒഴിവാക്കുകയായിരുന്നു. ഇതോടെ അഭിപ്രായ വ്യത്യസങ്ങളുണ്ടാവുകയും പിന്നാലെ അൻസിബയെയും സരയൂവിനെയും എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിക്കൊണ്ട് തർക്കം പരിഹരിക്കുകയും ചെയ്തു.