
കഥാപാത്രങ്ങള്ക്ക് ലഭിച്ച മികച്ച പ്രതികരണങ്ങളിലൂടെ തെന്നിന്ത്യ മുഴുവൻ ആരാധകരെയുണ്ടാക്കിയ നടനാണ് വിജയ് സേതുപതി. നടന്റെ ഓരോ സിനിമയുടെ അപ്ഡേറ്റിനും സമൂഹ മാധ്യമങ്ങളിൽ മികച്ച സ്വീകാര്യത ലഭിക്കാറുമുണ്ട്. ഇപ്പോഴിതാ വിജയ് സേതുപതി സംവിധായകൻ രാം ഗോപാൽ വർമ്മയുമായി കൈ കൊടുക്കാൻ പോകുന്നുവെന്ന റിപ്പോർട്ടുകളാണ് വരുന്നത്.
രാം ഗോപാൽ വർമ്മ ഏതാനും ദിവസങ്ങൾക്ക് മുമ്പ് വിജയ് സേതുപതിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഒരു സിനിമയുടെ ചർച്ചകൾക്കായാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയതെന്ന് ഇ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.
'ഗാന്ധി ടോക്ക്', 'വിടുതലൈ 2' എന്നീ സിനിമകളാണ് വിജയ് സേതുപതിയുടേതായി റിലീസിന് ഒരുങ്ങുന്നത്. സംവിധായകൻ ബുച്ചി ബാബു സനയ്ക്കൊപ്പം തെലുങ്ക് ചിത്രത്തിലും അദ്ദേഹം കരാറിൽ ഒപ്പിട്ടിട്ടുണ്ട്. രാം ചരൺ, ജാൻവി കപൂർ, ശിവ രാജ്കുമാർ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചരിത്രം കുറിച്ച 'മഹാരാജ'; മക്കൾ സെൽവന്റെ അമ്പതാം സിനിമ ഉടൻ ഒടിടിയിലേക്ക്?അതേസമയം വിജയ് സേതുപതിയുടെ അമ്പതാം ചിത്രമായ മഹാരാജ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ജൂൺ 14ന് റിലീസിനെത്തിയ ചിത്രം രണ്ടുവാരം പിന്നിടുമ്പോൾ 90 കോടിയിലധികം രൂപ നേടി കഴിഞ്ഞു. നിഥിലൻ സ്വാമിനാഥൻ സംവിധാനം ചെയ്ത മഹാരാജ സസ്പെൻസ് ത്രില്ലർ വിഭാഗത്തിലൊരുങ്ങുന്ന ചിത്രമാണ്. അഭിരാമി, അരുൾ ദോസ്, മുനിഷ്കാന്ത്, ബോയ്സ് മണികണ്ഠൻ, സിങ്കം പുലി, ഭാരതിരാജ, വിനോദ് സാഗർ, പി എൽ തേനപ്പൻ എന്നിവരോടൊപ്പം അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നട്ടി നടരാജ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.